ന്യൂഡൽഹി∙ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എ ടീമുകൾക്കെതിരായ ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ മലയാളി താരം സഞ്ജു വി. സാംസണെ ഉൾപ്പെടുത്തി. ഉൻമുക്ത്ചന്ദ് ടീമിനെ നയിക്കും. കരുൺ നായർ ആണ് ഉപനായകൻ. ഈ മാസം അഞ്ചു മുതൽ 14 വരെ ചെന്നൈയിലാണു പരമ്പര.

സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്റെ റോളിലാണു സഞ്ജുവിനെ ടീമിലുൾപ്പെടുത്തിയിരിക്കുന്നത്. സിംബാബ്‌വേയ്ക്കെതിരായ ട്വന്റി20 മൽസരത്തിലൂടെ അടുത്തിടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ സഞ്ജുവിന് ദേശീയ ടീമിൽ സ്ഥാനമുറപ്പിക്കാനുള്ള അവസരം കൂടിയാണു പരമ്പര. ക്രിക്കറ്റ് ലോകത്തെ വമ്പൻമാരായ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെ മികച്ച പ്രകടനം നടത്തിയാൽ സിലക്ടർമാർക്കു സഞ്ജുവിനെ കണ്ടില്ലെന്നു നടിക്കാനാവില്ല.

അതേസമയം, ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ രണ്ട് ചതുർദിന ടെസ്റ്റ് മൽസരങ്ങൾക്കുള്ള ടീമിലേക്കു സഞ്ജുവിനെ പരിഗണിച്ചില്ല. ഇതോടെ, വയനാട്ടിൽ നടക്കുന്ന പോരാട്ടത്തിൽ സ്വന്തം നാട്ടുകാരുടെ മുന്നിൽ കളിക്കാനുള്ള അവസരം സഞ്ജുവിനു നഷ്ടമായി. അമ്പാട്ടി റായിഡുവാണു ടെസ്റ്റ് ടീം നായകൻ.

ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീം – ഉൻമുക്ത്ചന്ദ് (നായകൻ), മായങ്ക് അഗർവാൾ, മനീഷ് പാണ്ഡേ, കരുൺ നായർ, കേദാർ ജാദവ്, സഞ്ജു സാംസൺ, അക്ഷർ പട്ടേൽ, പർവേസ് റസൂൽ, കരൺ ശർമ, ധവാൽ കുൽക്കർണി, സന്ദീപ് ശർമ, രഷ്കലാരിയ, മന്ദീപ് സിങ്, ഗുർകീരത് സിങ് മൻ, ഋഷി ധവാൻ. ഇന്ത്യ എ ടെസ്റ്റ് ടീം – അംബട്ടി റായിഡു (നായകൻ), കരുൺ നായർ, അഭിനവ് മുകുന്ദ്, അങ്കുഷ് ബെയ്ൻസ്, ശ്രേയസ് അയ്യർ, ബാബാ അപരാജിത്, വിജയ് ശങ്കർ, ജയന്ത് യാദവ്, അക്ഷർ പട്ടേൽ, കരൺ ശർമ, അഭിമന്യു മിഥുൻ, ശാർദുൽ ഠാക്കുർ, ഈശ്വർ പാണ്ഡേ, ഷെൽഡൺ ജാക്സൺ, ജീവൻജ്യോത് സിങ്.

LEAVE A REPLY

Please enter your comment!
Please enter your name here