ബെയ്ജിങ് ∙ ശൈത്യകാല ഒളിംപിക്സ് ബെയ്ജിങ്ങിൽ! ആശങ്കയും അത്ഭുതവും കൂറുകയാണു കായികലോകം. വിന്റർ ഒളിംപിക്സ് എന്നു കേൾക്കുമ്പോൾത്തന്നെ മനസ്സിലേക്കെത്തുന്ന വെള്ള പുതച്ച നഗരങ്ങളുണ്ട് – നോർവെയിലെ ഓസ്‌ലോ, കാനഡയിലെ വാൻകൂവർ, റഷ്യയിലെ സോച്ചി…അതുപോലെയാണോ ചൈനയുടെ തലസ്ഥാന നഗരം? അല്ല എന്നു ചൈനക്കാർതന്നെ സമ്മതിക്കും.

പക്ഷേ, ദൃഢനിശ്ചയത്തോടെ അവർ പറയുന്നു: അതുപോലെയാക്കും! കസഖ്സ്ഥാൻ നഗരമായ അൽമാട്ടിയെ പിന്തള്ളി 2020 വിന്റർ ഒളിംപിക്സിന്റെ ആതിഥേയത്വം നേടിയെടുത്തതോടെ അപൂർവമായ ഒരു നേട്ടമാണു ബെയ്ജിങ് നേടിയത്. സമ്മർ ഒളിംപിക്സിനും വിന്റർ ഒളിംപിക്സിനും വേദിയാകുന്ന ആദ്യനഗരം. അതു പക്ഷേ വെറുതേ നേടിയതല്ല. മഞ്ഞിലും ജലത്തിലും നടക്കേണ്ട കായിക ഇനങ്ങൾക്കായി കൃത്രിമ വേദികളൊരുക്കും എന്നായിരുന്നു വാഗ്ദാനം. 2008 ഒളിംപിക്സ് മനോഹരമായി സംഘടിപ്പിച്ചു ലോകത്തിന്റെ കയ്യടി വാങ്ങിയ ബെയ്ജിങ്ങിനുതന്നെ ഒടുവിൽ രാജ്യാന്തര ഒളിംപിക്സ് സമിതി (ഐഒസി) കൈ കൊടുത്തു.

ബെയ്ജിങ് ഒറ്റയ്ക്കല്ല!

മൽസരങ്ങൾ‌ മൂന്നിടത്തായി നടത്തുമെന്നാണു ചൈന പറയുന്നത്. ഇൻഡോർ മൽസരങ്ങൾ ബെയ്ജിങ്ങിൽത്തന്നെ. ഒളിംപിക്സിന്റെ ഉദ്ഘാടനവും സമാപനവും വിഖ്യാതമായ പക്ഷിക്കൂട് സ്റ്റേഡിയത്തിൽ നടക്കും. ആൽപൈൻ സ്കീയിങ് പോലുള്ള ഔട്ട്ഡോർ മൽസരങ്ങൾ യാൻക്വിങ് (ബെയ്ജിങ്ങിൽനിന്നു 90 കി.മീ. അകലെ), ഷാങ്ജിയാകോ (ബെയ്ജിങ്ങിൽനിന്നു 160 കി.മീ. അകലെ) എന്നിവിടങ്ങളിലാണ്. ആദ്യഘട്ടമായി ഈ നഗരങ്ങളിലേക്കു ഹൈ–സ്പീഡ് റയിൽ ലൈൻ നിർമിക്കാനാണു തീരുമാനം. ഇതോടെ യാത്രാസമയം അൻപതു മിനിറ്റോളം കുറയും.

എന്നാൽ, യഥാർഥ പ്രശ്നം അതല്ല. മലനിരകളുള്ള പ്രദേശമാണെങ്കിലും ഇവിടെയുള്ളതൊന്നും മഞ്ഞുമലകളല്ല. ഈ പ്രശ്നമാണ് കൃത്രിമ മഞ്ഞു സൃഷ്ടിച്ച് ചൈന മറികടക്കാനൊരുങ്ങുന്നത്. അഞ്ചു സെ.മീ. ആണ് യാൻക്വിങ്ങിലെ സ്വാഭാവിക മഞ്ഞുപാളിയുടെ ശരാശരി കനം. ഒളിംപിക്സിന് അവകാശവാദമുന്നിയിച്ച സമയത്ത് ഐഒസി യാൻക്വിങ്ങിന്റെ ചിത്രം പുറത്തുവിട്ടിരുന്നു. വിന്റർ ഒളിംപിക്സിനു മുൻപു വേദികളായ നഗരങ്ങളെപ്പോലെ വെള്ളപുതച്ച ചിത്രമേ ആയിരുന്നില്ല അത്. കൂടുതൽ ഉയരത്തിലുള്ള സ്ഥലത്തുനിന്നു മഞ്ഞു താഴേക്കു കൊണ്ടുവരുന്നതിന് ആദ്യം ആലോചിച്ചെങ്കിലും പ്രായോഗികമല്ലാത്തതിനാൽ ഉപേക്ഷിച്ചു. ഇതോടെയാണ് കൃത്രിമമായി മഞ്ഞു സൃഷ്ടിക്കാം എന്ന വാഗ്ദാനം ചൈന മുന്നോട്ടുവച്ചത്.

സ്വാഭാവിക മഞ്ഞുമലകളുള്ള അൽമാട്ടിയെ അവഗണിച്ച് ഐഒസി പ്രതിനിധികൾ ഇതിൽ വിശ്വാസമർപ്പിച്ചു. കസഖ്സ്ഥാൻ ഉൾപ്പെടുന്ന മധ്യേഷ്യയിലെ രാഷ്ട്രീയ പ്രശ്നങ്ങളാണ് അൽമാട്ടിക്കു സത്യത്തിൽ തിരിച്ചടിയായത്. ‘പരിശുദ്ധമായ ഐസിലും മഞ്ഞിലും സന്തോഷകരമായ ദൗത്യം’ എന്നതാണ് ചൈന മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം.

വെള്ളം വെള്ളം സർവത്ര! ഇഷ്ടംപോലെ മഞ്ഞു സൃഷ്ടിക്കാനുള്ള ജലം തങ്ങളുടെ പക്കലുണ്ടെന്നു ചൈന പറയുന്നു. വലിയ റിസർവോയറുകളിൽ ഇവ ശേഖരിച്ചു തണുപ്പിച്ചാണു മഞ്ഞുണ്ടാക്കുന്നത്. ഇതു പിന്നീട് ആവശ്യത്തിനു മൽസരവേദികളിലെത്തിക്കും. എന്നാൽ, മൽസരങ്ങൾ കാണുമ്പോഴുള്ള മനോഹര കാഴ്ച ഇതുകൊണ്ടു ലഭിക്കില്ലെന്നു വിമർശകർ പറയുന്നു. അതായത്, ചുറ്റും ധവളിമയാർന്നുകിടക്കുന്ന പശ്ചാത്തലത്തിൽ സ്കീയിങ്ങും സ്ലൈഡിങ്ങും കാണുന്ന സൗന്ദര്യം ചൈനയിൽ പ്രതീക്ഷിക്കരുത്.

ചൈന ഇതിനെങ്ങനെ മറുപടി നൽകുമെന്നു കാത്തിരുന്നു കാണണം. ബെയ്ജിങ്ങിലെ വരൾച്ച മറികടക്കാൻ അഞ്ചു വർഷം മുൻപു മേഘങ്ങളിൽ രാസവസ്തുക്കൾ വിതറി ചൈന കൃത്രിമ മഞ്ഞുമഴ സൃഷ്ടിച്ചിരുന്നു. സിൽവർ അയഡൈഡ് ആണ് ‘ക്ലൗഡ് സീഡിങ്’ എന്നു വിളിക്കപ്പെടുന്ന ഈ പ്രക്രിയയിൽ ഉപയോഗിക്കുന്നത്. ഇവ മേഘങ്ങളിൽ ഐസ് പരലുകൾ സൃഷ്ടിക്കും. അവയെല്ലാം ഒന്നിച്ചുചേർന്നു മഞ്ഞുമഴയായി താഴോട്ടു പതിക്കും. എന്നാൽ, ഇതു ഗുരുതരമായ പരിസ്ഥിതി പ്രത്യാഘാതങ്ങൾക്കു കാരണമാകുമെന്നാണു വിമർശനം. ‘മെയ്ഡ് ഇൻ ചൈന’ സാങ്കേതികവിദ്യ ഉപയോഗിച്ചു ചൈന ഇവയെല്ലാം എങ്ങനെ മറികടക്കും എന്നതിനു ലോകം കാത്തിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here