ഓണമായോണമായോണമായി…
മാവേലിമന്നന്‍ വരവായി…
നാട്ടില്‍ പ്രജകള്‍ക്കു ക്ഷേമമാണോ
നീളെ നടന്നൊന്നു കാണുവാനായ്

നല്ലൊരുനാളിന്റെയോര്‍മ്മയുമായ്
നിന്നു ചിരിതൂകും പൂക്കള്‍ കാണാന്‍
മാവേലിമന്നന്‍ വരവായി…
ഓണമായോണമായോണമായി…

നാടിന്‍ മുഖമാകെ മാറിപ്പോയി
വീടുകള്‍ക്കിടയില്‍ മതിലായി
നന്മകളെങ്ങോയിറങ്ങപ്പോയി
പൂവിളിപ്പാട്ടുകള്‍ കേള്‍ക്കാതെയായ്…

ഗ്രാമങ്ങള്‍ പട്ടണം പോലെയായി
പട്ടിണിപ്പാവങ്ങളേറിവന്നു
അക്രമാതിക്രമമൊത്തിരിയായ്
മാവേലി കണ്ടുമടുത്തുനില്‍പ്പായ്

ഉഴവില്ല, കൃഷിയില്ല, യൊന്നുമില്ല
നല്ലോരു പുന്നെല്ലിന്‍ മണവുമില്ല
പാടങ്ങളൊക്കെ കരകളായി
കരകളില്‍ ഫ്‌ളാറ്റിന്‍ സമുച്ചമായ്

പൂവിളിക്കൊപ്പമാ പൂത്തുമ്പിയും
പാറിപ്പറന്നെങ്ങോ പോയിതെല്ലോ
പാവം കുരുന്നുകള്‍ക്കോണമില്ലാ
പാടിപ്പഴകിയ ആ പാട്ടുമാത്രം

നാട്ടിലേക്കെന്തിനിനി വരണം
നാടുമെന്‍ നാട്ടാരുമില്ലെങ്കില്‍
മാവേലി ചോദിച്ചിതുള്ളില്‍ മൂകം
വേഗം മിഴികള്‍ നിറഞ്ഞുപോയി

നല്ലൊരുസ്വപ്‌നം തകര്‍ന്നതിന്‍ വേദന
കണ്ണുനീര്‍ച്ചാലായൊഴികിടുമ്പോള്‍
മെല്ലെത്തുടച്ചങ്ങു യാത്രചോദിക്കുന്ന
മന്നന്‍ മനസില്‍ പറഞ്ഞു പോയി

ഇല്ലിനി വീണ്ടും വരവിവിടേക്കില്ല
ഇല്ലെനിയോര്‍ക്കുവാനൊന്നുമില്ല
ഇല്ലിനി വീണ്ടും വരവിവിടേക്കില്ല
ഇല്ലെനിയോര്‍ക്കുവാനൊന്നുമില്ല

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here