പ്രേമം സിനിമയിൽ അറസ്റ്റിലായ പ്രതികളിലൊരാളു‌ടെ ജേഷ്ഠൻ പ്രേമിച്ച പെൺകുട്ടി കാണിച്ച അബദ്ധമാണ് വ്യാജൻമാരെ കുടുക്കിയത്. സെൻസർ ബോർഡ് ഓഫീസിൽ നിന്നും പകർത്തിയ പ്രേമത്തിന്റെ കോപ്പി മറ്റാർക്കും നൽകരുതെന്നു പറഞ്ഞാണ് പ്രതികളിലൊരാളു‌‌‌ടെ ജേഷ്ഠൻ പെൺകുട്ടിക്ക് നൽകിയത്. എന്നാൽ വാക്കുപാലിക്കാതെ പെൺകുട്ടി സിനിമയുടെ കോപ്പി പലർക്കും കാണാനായി നല്‍കി. അങ്ങനെ ലഭിച്ച കോപ്പിയാണ് കൊല്ലത്തെ വിദ്യാർഥി ഇന്റർനെറ്റിൽ അപ്ലോ‍ഡ് ചെയ്തതും, പിടിവീണതും. മുഖ്യപ്രതികൾക്കും കൊല്ലത്തെ വിദ്യാർഥികൾക്കും ഇടയില്‍,സിനിമയുടെ വ്യാജൻ പ്രചരിപ്പിച്ച 25 പേർ പോലീസ് നിരീക്ഷണത്തിലാണ്. ഇവരെ ഉടൻ അറസ്റ്റു ചെയ്യും. സിനിമാക്കാർക്ക് വ്യാജനിറങ്ങിയതുമായി ബന്ധമില്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ, സെൻസർ ബോർഡിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.

∙പ്രേമിച്ചവൾ നൽകിയ പണി

സെൻസർ ബോർഡിലെ താത്ക്കാലിക ജീവനക്കാരൻ അരുൺകുമാർ പ്രേമത്തിന്റെ സിഡി നൽകിയ തിരുവനന്തപുരം കരകുളം സ്വദേശി രഞ്ചു കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇയാളു‌െട സഹോദരന്‍ വിവാഹം നിശ്ചയിച്ചിരുന്ന പെ‌ൺകുട്ടിയാണ് കഥയിലെ നായിക. വർഷങ്ങളായി സെൻസർബോർഡിൽ പരിശോധനയ്ക്ക് വരുന്ന സിനിമകൾ രഞ്ചു സിഡിയിൽ പകർത്താറുണ്ടായിരുന്നു. കണ്ടശേഷം വിശ്വസ്തരായ ചില കൂട്ടുകാർക്കും നൽകും. ഇതിനുശേഷം സിഡികൾ നശിപ്പിച്ചുകളയുകയായിരുന്നു പതിവ്. ഫോൺ സല്ലാപത്തിനിടയിലാണ് പ്രേമത്തിന്റെ ഒറിജിനൽ പ്രിന്റ് കിട്ടിയവിവരം രഞ്ചുവിന്റെ ചേട്ടൻ താൻ സ്നേഹിക്കുന്ന പെൺകുട്ടിയോട് പറഞ്ഞത്. പെൺകുട്ടി സിനിമകാണാൻ വാശിപിടിച്ചതോ‌ടെ ആർക്കും നൽകില്ലെന്ന ഉറപ്പ് വാങ്ങി പെൺകുട്ടിക്ക് സിഡി നൽകി. എന്നാൽ രഹസ്യം സൂക്ഷിക്കാൻ പെൺകുട്ടിക്കായില്ല. സിഡി പെൺകുട്ടിയു‌ടെ കൂട്ടുകാരിലേക്കെത്തി,അവർ വഴി പലരിലേക്കും. ഇവരിൽ നിന്നാണ് കൊല്ലത്തെ വിദ്യാർഥി സിഡി വാങ്ങിയതും നെറ്റിൽ അപ്ലോഡ് ചെയ്തതും.

∙ഓപ്പറേഷൻ പ്രേമം ഇങ്ങനെ

പ്രേമം സിനിമ സെറ്റിൽ അപ്ലേഡ് ഡെയ്തതിന് അറസ്റ്റിലായ കൊല്ലത്തെ വിദ്യാർഥിയുടെ ചാറ്റ് പരിശോധിച്ച പൈറസി സെൽ ചാറ്റിൽ സിനിമ കണ്ടതായി പറഞ്ഞ കൂട്ടുകാരെ ലക്ഷ്യമാക്കി നീങ്ങി. ഇവരു‌െട ഫേസ്ബുക്ക് ചാറ്റ് പരിശോധിച്ചപ്പോൾ മറ്റ് ചില വിദ്യാർഥികളു‌െട വിവരം ലഭിച്ചു. പരിശോധനയ്ക്കെത്തിയപ്പോഴേക്കും പലരും മുങ്ങി. നിരന്തരമായ പരിശോധനകൾക്കിടയിൽ കൊല്ലത്തെ ഒരു യുവാവിനെ പിടികൂടി. ഇയാൾ വഴിയാണ് ചോർത്തൽസംഘത്തിലേക്കെത്തിയത്. യുവാവിന് സിഡിനൽകിയ ആളിന്റെ ഫോൺകോളുകൾ പൈറസിസെൽ പരിശോധിച്ചപ്പോൾ കൂടുതൽ പേരുടെ വിവരങ്ങൾ ലഭിച്ചു. ഇവരിൽ ഒരാളിൽ നിന്നാണ് പെൺകുട്ടിയെക്കുറിച്ച് വിവരം ലഭിച്ചത്. ആദ്യം നിഷേധിച്ചെങ്കിലും തെളിവുകൾ കാട്ടിയപ്പോൾ പെൺകുട്ടി കാമുകന്റെ പേരു പറഞ്ഞു. കാമുകനിൽ നിന്നും സെൻസർ ബോർഡിൽ ജോലി ചെയ്യുന്ന അനിയനിലേക്കെത്തിയതോടെ കാര്യങ്ങൾ പകൽപോലെ വ്യക്തമായി. അറസ്റ്റും ന‌ടന്നു.

∙സെൻസർ ബോർഡിന്റെ ഗുരുതര വീഴ്ച്ച

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സെൻസർ ബോർഡിലെത്തിയ 80 ശതമാനം സിനിമകളും മൂവർ സംഘം പകർത്തിയതായാണ് ആന്റി പൈറസി സെൽ കണ്ടെത്തിയത്. ഒരു സുരക്ഷയുമില്ലതെയാണ് സെൻസർ ബോർഡിൽ സിനിമ സൂക്ഷിക്കുന്നതും, അംഗങ്ങൾ സിനിമ കാണുന്നതും. സെൻസർ ബോർഡ് അംഗങ്ങൾപോലും മൊബൈലിൽ സിനിമ പകർത്താറുണ്ടെന്ന് അന്വേ‌ഷണ സംഘം പറയുന്നു. സെൻസർ ബോർഡ് അംഗങ്ങളു‌ടെ പങ്കും സംഘം പരിശോധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here