വാഷിങ്ടണ്‍: യുഎസില്‍ മതിയായ രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് പ്രസിഡന്റ് ട്രംപിന്റെ പുതിയ നടപടി. ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡി എ സി എ (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ്) നിയമമാണ് ട്രംപ് റദ്ദാക്കാന്‍ പോകുന്നത്. നിയമം റദ്ദാക്കുന്ന വിവരം യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് ആണ് അറിയിച്ചത്.

കുട്ടികളായിരിക്കെ അനധികൃതമായി അമേരിക്കയിലെത്തിയ ജനങ്ങള്‍ക്ക് പില്‍ക്കാലത്ത് അവിടെ ജോലി ചെയ്യാനുള്ള അനുമതി നല്‍കല്‍ (വര്‍ക്ക് പെര്‍മിറ്റ്), സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഗുണഫലങ്ങള്‍ സ്വീകരിക്കാന്‍ അനുവദിക്കല്‍ എന്നിവ ഉള്‍പ്പെട്ട പദ്ധതിയാണ് ഡി എ സി എ. ഈ നിയമമാണ് ട്രംപ് റദ്ദാക്കുന്നത്. അധികാരത്തിലെത്തിയാല്‍ നിയമം റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.

നിയമം റദ്ദാക്കല്‍ മൂലം ഏഴായിരത്തിലധികം ഇന്ത്യക്കാരെ ഈ നടപടി ബാധിക്കും. ആകെ എട്ട് ലക്ഷത്തിലധികം വരുന്ന കുടിയേറ്റക്കാരുടെ ഭാവിയാണ് നിയമം റദ്ദാക്കുന്നതോടെ അവതാളത്തിലായത്. മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയാണ് 2012 ല്‍ ഡി സി ഡി എ നിയമം കൊണ്ടുവന്നത്. മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ കഴിയുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് നിയമപരിരക്ഷ ഉറപ്പുവരുത്തുന്ന നിയമമായിരുന്നു ഡി സി ഡി എ.

 

LEAVE A REPLY

Please enter your comment!
Please enter your name here