ഫിലാഡല്‍ഫിയ: പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയേഷന്‍ (പി.ഡി.എ) ഈവര്‍ഷത്തെ ഓണം ആഘോഷപൂര്‍വ്വമായി നടത്തി. ഓഗസ്റ്റ് 26-നു ശനിയാഴ്ച ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെട്ട ഓണാഘോഷ പരിപാടിയില്‍ പത്തനംതിട്ട നിവാസികളെ കൂടാതെ ധാരാളം സുഹൃത്തുക്കളും പങ്കെടുത്തു. 10.30-നു ആരംഭിച്ച പൊതുസമ്മേളനത്തിന്റെ എം.സിയായി ജനറല്‍ സെക്രട്ടറി രാജു വി. ഗീവര്‍ഗീസ് പ്രവര്‍ത്തിച്ചു.

ഫോമയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്, വെരി റവ. കെ.ഇ. മത്തായി കോര്‍എപ്പിസ്‌കോപ്പ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. അമേരിക്കന്‍ ദേശീയ ഗാനം റെജീന തോമസ്, സാറാ കാപ്പില്‍ എന്നിവരും, ഇന്ത്യന്‍ ദേശീയ ഗാനം ഉഷാ ഫിലിപ്പോസും ആലപിച്ചു.

പ്രസിഡന്റ് ഐപ്പ് മാരേട്ട് എല്ലാവരേയും സ്വാഗതം ചെയ്യുകയും പത്തനംതിട്ട അസോസിയേഷന്റെ വളര്‍ച്ചയില്‍ അതിയായ സന്തോഷം രേഖപ്പെടുത്തുകയും, പത്തനംതിട്ട ജില്ലാ നിവാസികള്‍ ഒത്തുചേര്‍ന്നാല്‍ അമേരിക്കയിലെ പ്രാദേശിക സംഘടനകളില്‍ ഏറ്റവും വലിയ സംഘടനയായി പി.ഡി.എയ്ക്ക് ഉയരാന്‍ സാധിക്കുമെന്നും പ്രസിഡന്റ് പ്രസംഗത്തില്‍ പറഞ്ഞു.

പി.ഡി.എ വൈസ് പ്രസിഡന്റ് യോഹന്നാന്‍ ശങ്കരത്തില്‍ അനിയന്‍ ജോര്‍ജിനെ സദസ്സിന് പരിചയപ്പെടുത്തി. അനിയന്‍ ജോര്‍ജ് അമേരിക്കയിലേയും കേരളത്തിലേയും ഇപ്പോഴത്തെ സ്ഥിതിഗതികളെക്കുറിച്ച് അവലോകനം നടത്തി പ്രസംഗിച്ചു.

ഉഷാ ഫിലിപ്പിന്റെ മനോഹരമായ ഗാനത്തെ തുടര്‍ന്നു പി.ഡി.എ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ രാജു വര്‍ഗീസ് ഓണസന്ദേശം നല്‍കാന്‍ എത്തിയ വെരി റവ. കെ.ഇ മത്തായി കോര്‍ എപ്പിസ്‌കോപ്പയെ സദസിന് പരിചയപ്പെടുത്തി. അച്ചന്‍ ഓണത്തെ കുറിച്ചും അതിന്റെ ഐതിഹ്യത്തെക്കുറിച്ചും സരസഗംഭീരമായ ഓണസന്ദേശം നല്‍കി. മാപ്പ് ട്രഷറര്‍ തോമസ് ചാണ്ടി, സൗത്ത് ജേഴ്‌സി അസോസിയേഷനെ പ്രതിനിധീകരിച്ച് പോള്‍ മത്തായി എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ട്രഷറര്‍ സാലു യോഹന്നാന്‍ നന്ദി പറഞ്ഞു.

പൊതുസമ്മേളനത്തിനുശേഷം നടന്ന കലാപരിപാടികള്‍ക്ക് തോമസ് എം. ജോര്‍ജ്, ജോണ്‍ കാപ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന കലാപരിപാടികളില്‍ വിവിധതരം നൃത്തം, ഓണപ്പാട്ടുകള്‍ എന്നിവയെ കൂടാതെ ബിജു ജോണും പുത്രിയും ഗാനമേളയും നടത്തപ്പെട്ടു.

ജോസ് വര്‍ഗീസ്, ബാബു വര്‍ഗീസ്, വര്‍ക്കി വട്ടക്കാട്ട്, എ.ഒ. ഏബ്രഹാം, ബാബു ഗീവര്‍ഗീസ്, മാത്യു വര്‍ഗീസ്, ഡോ. രാജന്‍ തോമസ്, രാജു ശങ്കരത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിഭവസമൃദ്ധമായ ഓണസദ്യയും നടത്തപ്പെട്ടു. യോഹന്നാന്‍ ശങ്കരത്തില്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here