തൃശൂര്‍: ഓണത്തിനു സമാപനം കുറിച്ച് പൂരനഗരിയില്‍ ഇന്നലെ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ പുലികള്‍ നഗരത്തില്‍ തിമിര്‍ത്താടി. മടയില്‍ പതുങ്ങിയിരുന്ന പുലികള്‍ വീര്യം ഒട്ടും കുറയാതെ അരമണികളുടെ താളത്തിലും ചടുലമായ കാല്‍വയ്പിലും താളമേളങ്ങളുടെ പടഹധ്വനികളിലും മുങ്ങി നഗരത്തെ വിറപ്പിച്ചു.പുലിക്കളി കൃഷി മന്ത്രി അഡ്വ. വി എസ് സുനില്‍ കുമാര്‍ ഫല്‍ഗ് ഓഫ് ചെയ്തു.
ആറ് ടീമുകളാണ് ഇത്തവണ പുലിക്കളിയില്‍ പങ്കെടുത്തത്. ഒരു ടീമില്‍ പരമാവധി 50മുതല്‍55 പുലികള്‍വരെ അണിനിരന്നു. 35 അംഗമേളക്കാരും പങ്കെടുത്തു. ചെണ്ട, തപ്പ്, ഇലത്താളം എന്നിവയായിരുന്നു താളവാദ്യങ്ങള്‍. വ്യത്യസ്തത നിറഞ്ഞ ടാബ്ലോയും ആകര്‍ഷകമായി. നടുവിലാല്‍ ഗണപതിക്ക് മുമ്പില്‍ നാളികേരമുടച്ചാണ് പുലികള്‍ സ്വരാജ് റൗണ്ടില്‍ പ്രവേശിച്ചത്. ചെണ്ടയുടെ താളത്തിന് ഒപ്പിച്ചു നൃത്തം വെച്ച് കളിച്ച് മുന്നോട്ടു നീങ്ങിയ പുലികള്‍ക്ക് ഒപ്പം വലിയ ട്രക്കുകളില്‍ തയ്യാറാക്കുന്ന കെട്ട് കാഴ്ചകള്‍ വളരെ ആകര്‍ഷകവും മനോഹരവുമായി.
ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ പുലിവേഷമിടാനുള്ള ചടങ്ങുകള്‍ തുടങ്ങിയിരുന്നു. ഇത്തവണ പുലിക്കളിയില്‍ പങ്കെടുത്തത് കോട്ടപ്പുറം ദേശം, കാനാട്ടുക്കര പുലിക്കളി സംഘം, വിയ്യൂര്‍ സെന്റര്‍, അയ്യന്തോള്‍ ദേശം, നായ്ക്കനാല്‍ പുലിക്കളി സമാജം, നായ്ക്കനാല്‍ വടക്കേഅങ്ങാടി എന്നിങ്ങനെ ആറ് സംഘങ്ങളാണ്. പെണ്‍പുലികളുടെ കരുത്തില്‍ സമ്പൂര്‍ണമായിരുന്നു ഈ വര്‍ഷത്തെ പുലിപ്പൂരം.
കോട്ടപ്പുറം ദേശത്ത് നിന്നും 12ഓളം പെണ്‍പുലികള്‍ അണിനിരന്നു. പ്ലസ് ടു വിദ്യാര്‍ഥിനികള്‍ മുതല്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍വരെ പുലിക്കളിയിലെ ആവേശമായി. പതിവില്‍ നിന്ന് വ്യത്യസ്തമായി കോട്ടപ്പുറം ദേശത്ത് നിന്ന് പെണ്‍പുലിക്കൊട്ടും ഉണ്ടായിരുന്നു. ഈ വര്‍ഷം തൃശൂര്‍ കോര്‍പറേഷന്‍ ഓരോ പുലിക്കളി സംഘത്തിന്നും 1,50,000 രൂപ വീതം നല്‍കുന്നതിന് തീരുമാനമെടുത്തിരുന്നു. ഇതില്‍ 75,000 രൂപ വീതം മുന്‍കൂറായി നല്‍കി. പുലിക്കളിക്ക് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 40,000, 30,000, 25,000 രൂപ വീതമാണ് സമ്മാനം.

 

LEAVE A REPLY

Please enter your comment!
Please enter your name here