കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ ചികിത്സ തേടിയ നാദിര്‍ഷ ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ്. ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കാന്‍ ആണ് പ്രോസിക്യൂഷന്‍ തീരുമാനം.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തതിനൊപ്പം തന്നെയാണ് നാദിര്‍ഷയുടേയും വിശദമായ മൊഴി രേഖപ്പെടുത്തിയത്. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് വ്യാഴാഴ്ച രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതിനൊപ്പം തന്നെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമവും തുടങ്ങി. എന്നാല്‍ നാദിര്‍ഷയെ ഇതുവരെ പ്രതിയാക്കിയിട്ടില്ലെന്നും അതുകൊണ്ട് തന്നെ ജാമ്യത്തിന്റെ കാര്യമില്ലെന്നുമാകും അന്വേഷണസംഘം നിലപാടെടുക്കുക. ദിലീപിന്റെ അറസ്റ്റോടെ കേസിന്റെ ഒരു ഘട്ടമേ പൂര്‍ത്തിയായിട്ടുള്ളൂ. അന്വേഷണം ഇനിയും മുന്നോട്ടുപോകേണ്ടതുണ്ടെന്നും അതിനാല്‍ നാദിര്‍ഷയെ ചോദ്യം ചെയ്ത് വിവരം ശേഖരിച്ചേ മതിയാകൂ എന്നും ഹൈക്കോടതിയെ അറിയിച്ചേക്കും. എന്നാല്‍ താന്‍ നിരപരാധിയാണെന്നും നേരത്തെ ചോദ്യം ചെയ്തപ്പോള്‍ തന്നെ അറിയാവുന്ന കാര്യങ്ങളെല്ലാം അന്വേഷണസംഘത്തോട് പറഞ്ഞു കഴിഞ്ഞുവെന്നുമാണ് നാദിര്‍ഷ ജാമ്യാപേക്ഷയില്‍ ബോധിപ്പിക്കുന്നത്.
ഇനിയും അന്വേഷണവുമായി ഏതുവിധത്തിലും സഹകരിക്കാന്‍ തയാറാണെന്നും, ജാമ്യം അനുവദിച്ചാലും പൊലീസ് ആവശ്യപ്പെട്ടാല്‍ ഹാജരാകാന്‍ തയ്യാറാണെന്നും പറയുന്നു. അതേസമയം നടിയെ ആക്രമിച്ച കേസിന്റെ വസ്തുതകള്‍ മറച്ചു വയ്ക്കാന്‍ നാദിര്‍ഷ ശ്രമിച്ചിട്ടുണ്ട് എന്നുതന്നെയാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇത് ഫലത്തില്‍ അന്വേഷണം പരാജയപ്പെടുത്താനും ദിലീപിനെ രക്ഷിക്കാനുമുള്ള ശ്രമമായിരുന്നുവെന്നും പൊലീസ് കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ ദിലീപിനൊപ്പം നാദിര്‍ഷയെ പ്രതിചേര്‍ത്തേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here