ബെംഗളുരു: ഗൗരി ലങ്കഷ് വധത്തില്‍ സംഘ്പരിവാര്‍ ബന്ധം തുറന്ന് പറഞ്ഞ് മുന്‍ മന്ത്രിയും ബിജെപി എംഎല്‍യുമായ ഡിഎന്‍ ജീവന്‍രാജ്. ആര്‍എസ്എസിനെതിരെ എഴുതിയതുകൊണ്ടുതന്നെയായിരിക്കാം ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് ഡി എന്‍ ജീവന്‍രാജ് പറഞ്ഞു. ബിജെപിയുടെ ചലോ മംഗളുരു റാലി അഭിസംബോധന ചെയ്യവെയായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. ഗൗരി ലങ്കേഷ് ‘ചഡ്ഡിഗല മരണ ഹോമ’ (ആര്‍എസ്എസ് കശാപ്പ്) എന്ന തലക്കെട്ടോടെ ഒരു ലേഖനം എഴുതി. അങ്ങനെയുള്ള എഴുത്തുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ അവര്‍ ഇപ്പോഴും ജീവനോടെയിരുന്നേനെ.
കൊലപാതകത്തില്‍ ആര്‍എസ്എസിന്റെ പങ്ക് തെളിയിക്കുന്നതാണ് ജീവന്‍രാജിന്റെ പ്രസ്താവനയെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ച് ‘ചലോ മംഗളുരു’ റാലിക്കിടെ ബൈക്ക് റാലി നടത്തിയ ബിജെപി കര്‍ണാടക അദ്ധ്യക്ഷന്‍ യെദ്യുരപ്പയെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മംഗളുരുവിലും തീരദേശജില്ലകളിലും ഹിന്ദു സംഘടനാപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധറാലി.
അതേസമയം ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും ഘാതകരെ കുറിച്ച് കാര്യമായ സൂചനകളില്ലാതെ പോലീസ്. വീട്ടില്‍ നിന്ന് കണ്ടെടുത്ത സി സി ടി വി ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖം വ്യക്തമല്ല. ഭീഷണി സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഗൗരി ലങ്കേഷിന്റെ വീട്ടിലെ സി സി ടി വി ദൃശ്യങ്ങള്‍ ശാസ്ത്രീയമായി പരിശോധിച്ചു എങ്കിലും അന്വേഷണത്തില്‍ സഹായിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചില്ല. ദൃശ്യങ്ങളില്‍ വ്യക്തമായ ഒരാള്‍ ഹെല്‍മെറ്റ് ധരിച്ചിരിക്കുന്നതിനാല്‍ രേഖ ചിത്രം തയാറാക്കാനും കഴിയില്ല. വീട്ടിലും ഓഫീസിലും പ്രത്യേക സംഘം പരിശോധന നടത്തി. ഗൗരി ലങ്കേഷിനു ലഭിച്ച കത്തുകള്‍ ഓഫീസില്‍ നിന്ന് അന്വേഷണ സംഘം ശേഖരിച്ചു.
ഭീഷണി സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഫേസ്ബുക്കില്‍ ആഹ്ലാദം പ്രകടിപ്പിച്ചു പോസ്റ്റ് ഇട്ട ഒരാളെ ബെംഗളൂരുവില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ മൊബൈല്‍ നമ്പറും ഈ മെയില്‍ വിലാസവും പോലീസ് പ്രസിദ്ധീകരിച്ചു. കൊലപാതകം സംബന്ധിച്ചു സമഗ്ര അന്വേഷണം നടക്കുമെന്നും ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here