ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ അകറ്റിനിര്‍ത്തുന്ന രാഷ്ട്രീയ അടവുനയം മാറ്റുന്നതിനെച്ചൊല്ലി സിപിഎമ്മില്‍ കടുത്ത ഭിന്നത. ബിജെപിയെ മുഖ്യശത്രുവായി കാണുംവിധം അടവുനയത്തില്‍ മാറ്റം വരുത്തണമെന്ന് ജനറല്‍ സെക്രട്ടറി സീതാറം യച്ചൂരി പൊളിറ്റ്ബ്യൂറോ യോഗത്തില്‍ ആവശ്യപ്പെട്ടു. ബിജെപിയെ നേരിടാനുള്ള വഴി കോണ്‍ഗ്രസുമായി കൂട്ടുചേരലല്ല എന്ന് പ്രകാശ് കാരാട്ട് മറുപടിനല്‍കി. ഒക്ടോബറില്‍ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗം വിഷയം ചര്‍ച്ചചെയ്യും.
ഹൈദരാബാദില്‍ ഏപ്രില്‍ പതിനെട്ടുമുതല്‍ ഇരുപത്തിരണ്ടുവരെ നടക്കാനിരിക്കുന്ന ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയപ്രമേയത്തിന്റെ രൂപരേഖയാണ് സീതാറാം യച്ചൂരി പിബിയില്‍ അവതരിപ്പിച്ചത്.

വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന സമയത്തെ രാഷ്ട്രീയസാഹചര്യമല്ല ഇപ്പോഴെന്നും വര്‍ഗീയ കക്ഷികളെ നേരിടാന്‍ രാഷ്ട്രീയ അടവുനയത്തില്‍ കാതലായ മാറ്റം ആവശ്യമാണെന്നും യച്ചൂരി നിലപാടെടുത്തു. ബിജെപിയേയും കോണ്‍ഗ്രസിനേയും ഒരുപോലെ മുഖ്യശത്രുക്കളായി കാണുന്ന നിലപാടിലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി മാറ്റം ആവശ്യപ്പെട്ടത്.
എന്നാല്‍ ബിജെപിയെ മുഖ്യശത്രുവായി കാണുക എന്നതിനര്‍ഥം കോണ്‍ഗ്രസുമായി കൂട്ടുചേരലല്ല എന്ന് പാര്‍ട്ടിയിലെ പ്രബലവിഭാഗത്തെ നയിക്കുന്ന പ്രകാശ് കാരാട്ട് നിലപാടെടുത്തു. അങ്ങനെയെങ്കില്‍ മുഖ്യശത്രു ആരെന്ന് തീരുമാനിച്ചശേഷം പരിഹാരമാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്താല്‍ മതിയെന്ന് യച്ചൂരി പ്രതികരിച്ചു. ഒക്ടോബറില്‍ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗം അടവുനയം പരിഷ്‌കരിക്കുന്നകാര്യം ചര്‍ച്ചചെയ്യുമെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അതിനുശേഷം ജനുവരിയില്‍ ചേരുന്ന സിസി രാഷ്ട്രീയപ്രമേയത്തിന്റെ അന്തിമകരടിന് രൂപംനല്‍കും.

 

LEAVE A REPLY

Please enter your comment!
Please enter your name here