ന്യൂഡല്‍ഹി: മോദി ഭക്തരെ മുട്ടിയിട്ട് നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് എന്‍.ഡി.എ മന്ത്രിസഭയില്‍. പുനസംഘടനയ്ക്ക് ശേഷം മന്ത്രി സഭയിലെത്തിയ മലയാളിയായ അല്‍ഫോണ്‍സ് കണ്ണന്താനവും മോദി ഭക്തിയില്‍ ഒട്ടും പിന്നിലല്ലെന്ന് തോന്നുന്നു. ക്രിസ്തുവിനും മോദിക്കും ഒരേ സ്വപ്നമെന്നാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നത്. ഇംഗ്ലീഷ് മാധ്യമം ലൈവ് മിന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കണ്ണന്താത്തിന്റെ പ്രസ്താവന. കേന്ദ്രമന്ത്രിയായ വാര്‍ത്തയെ ക്രിസ്ത്യന്‍ സമൂഹം എങ്ങനെ സ്വീകരിച്ചു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘വാര്‍ത്ത് അറിഞ്ഞ് എല്ലാ കര്‍ദ്ദിനാള്‍മാരും വിളിച്ചു. അവര്‍ സന്തോഷവും പിന്തുണയും പങ്കുവച്ചു. അവരോട് ഞാന്‍ പറഞ്ഞത് ക്രിസ്ത്യന്‍ സമൂഹത്തിന്റെ സ്വപ്നങ്ങളാണ് മോദിയും പങ്കുവയ്ക്കുന്നത് എന്നാണ് പറഞ്ഞത്. മോദി എല്ലാ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം കിട്ടാന്‍ ആഗ്രഹിക്കുന്നു. എല്ലാ വീട്ടിലും ശൗചാലയം വരാന്‍ ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടും, അതില്‍ പണവും ലഭിക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം നല്ല റോഡുകള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നു. അഴിമതിക്കെതിരെ പോരാടുന്നു.’ കണ്ണന്താനം പറയുന്നു.
അതാണ് ക്രിസ്തുവും ചെയ്തത്, അദ്ദേഹവും അഴിമതിക്കെതിരെ പോരാടി, അസമത്വത്തിന് എതിരെ പോരാടി. അതിനാല്‍ തന്നെ മോദിയുടെ സ്വപ്നവും ക്രിസ്ത്യന്‍ സമൂഹത്തിന്റെ സ്വപ്നവും തമ്മില്‍ പലകാര്യങ്ങളിലും ഒന്നിക്കുന്നുണ്ടെന്നും കണ്ണന്താനം പറയുന്നു.
അതേസമയം, കേരളത്തില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന്. ഇല്ലെന്നാണ് കണ്ണന്താനം നല്‍കുന്ന മറുപടി. മുതിര്‍ന്ന നേതാക്കള്‍ കേരളത്തിലുണ്ട്, അതിനാല്‍ ഞങ്ങള്‍ ഒരു ടീമായി പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കുവാന്‍ സാധിക്കുമെന്നും കണ്ണന്താനം അഭിപ്രായപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here