തിരുവനന്തപുരം: ആദ്യം ബീഫ് കഴിക്കുന്നതിന് അനുകൂലമായും പിന്നീട്  മറിച്ചും പറഞ്ഞ  കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ ഇരുട്ടത്താപ്പ് മൂന്നാം ദിനം പുറത്തുവന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആർ.എസ്.എസിനെ പ്രീണിപ്പിച്ചു അധികാരം നിലനിർത്താൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിലേക്ക് എത്തുന്ന ടൂറിസ്റ്റുകളെല്ലാം സ്വന്തം രാജ്യത്ത് നിന്ന്  ബീഫ് കഴിച്ചിട്ട് വന്നാൽമതിയെന്ന്  കണ്ണന്താനം പറഞ്ഞിരിക്കുന്നത്.  മലയാളികളെ വഞ്ചിക്കുന്ന മലക്കംമറിച്ചിലാണിത്.

എന്ത്  കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് പറഞ്ഞതോടെ ബിജെപിയുടെ പ്രഖ്യാപിത നിലപാടിനോട് യുദ്ധപ്രഖ്യാപനം നടത്തുകയാണ് അൽഫോൻസ് ചെയ്തത്. സ്വകാര്യത മൗലിക അവകാശമാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇഷ്ടഭക്ഷണം കഴിക്കുന്നതും സ്വകാര്യതയാണെന്ന വാദം രാജ്യമെമ്പാടും ഉയർന്നിട്ടുണ്ട്.  ബീഫ് പ്രിയർക്ക് ഇഷ്ടഭക്ഷണം കഴിക്കാനും സ്വകാര്യത അനുവദിക്കുമെന്ന വിഷയം കോടതിയുടെ മുന്നിൽ എത്താനിരിക്കെ കേന്ദ്രമന്ത്രി ബീഫ് അനുകൂല പ്രസ്താവന ഇറക്കിയത് സംഘപരിവാറിന്  അംഗീകരിക്കാനിവില്ല. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ  അനിഷ്ടം മനസിലാക്കിയാണ് അൽഫോൻസ് ഇപ്പോൾ കളംമാറ്റി ചവിട്ടിയിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

അൽഫോൺസ് ടൂറിസം കേന്ദ്രമന്ത്രിയായത് കേരളത്തിന് ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിന് വിരുന്നൊരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. എന്നാൽ കേരളത്തിനും വിനോദ സഞ്ചാരത്തിനും ഏറെ തിരിച്ചടിയുണ്ടാക്കുന്ന അഭിപ്രായമാണ് പുതിയ കേന്ദ്രമന്ത്രിയുടെ ആദ്യപ്രസ്താവന. അൽഫോൺസ് കണ്ണന്താനത്തിന്റെ ബീഫ് വിരുദ്ധ പ്രസ്താവനയെ തള്ളിപ്പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാണോ എന്നറിയാനാണ് കേരളം കാതോർക്കുന്നത്. കേരളത്തിൽ എത്തുന്ന വിദേശികളായ വിനോദ സഞ്ചാരികൾ അവരുടെ നാട്ടിൽ ബീഫ് കഴിച്ചാൽ മതിയോ എന്ന് പിണറായി വ്യക്തമാക്കണം. സംഘ്പരിവാറിന്റെ അജണ്ട നടപ്പിലാക്കുന്ന മോദി സർക്കാരിന്റെ ഭാഗമാണ് അൽഫോൻസ്. കണ്ണന്താനത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി സംഘപരിവാറിനോട് കൂറ് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.  മലയാളിയായ ഒരു കേന്ദ്രമന്ത്രിയ്ക്കും നൽകാത്ത വിരുന്നാണ് അൽഫോൺസ് കണ്ണന്താനത്തിന് പിണറായി വിജയൻ നൽകിയത്. മന്ത്രിയായ ശേഷം അൽഫോൺസ് കണ്ണന്താനം നടത്തിയ ആദ്യ പ്രസ്താവന ബീഫ് കഴിക്കുന്നതിന് എതിരെയാണ്. അതിനാൽ പ്രതികരിക്കാനുള്ള ബാധ്യതയിൽ നിന്നും പിണറായി വിജയന് ഒഴിഞ്ഞു മാറാനാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here