തിരുവനന്തപുരം: കേന്ദ്ര മന്ത്രിസഭ പുനസംഘടനയില്‍ അപ്രതീക്ഷിതമായി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് മന്ത്രിസ്ഥാനം നല്‍കിയത് പ്രതിസന്ധിയിലാഴത്തിയിരിക്കുന്നത് കേരള ബിജെപി ഘടകത്തെ. വര്‍ഷങ്ങളായി ബിജെപി സംഘടന പ്രവര്‍ത്തനം നടത്തിയവര്‍ക്ക് നല്‍കാതെ താരതമ്യേന പുതിയ ആളായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കേന്ദ്ര ടൂറിസം ഐടി മന്ത്രിസ്ഥാനം നല്‍കി എന്നതാണ് പുതിയ പ്രശ്‌നം. ഇക്കാര്യത്തോടുള്ള പ്രതിഷേധവും മുറുമുറുപ്പും തുടരവേ തന്നെ മന്ത്രിയായതിനുശേഷം ആദ്യമായി നാളെ കേരളത്തിലെത്തുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ബിജെപി ഘടകം സ്വീകരണം നല്‍കും. നെടുമ്പാശേരി വിമാനത്താവളത്തിലും തുടര്‍ന്നു മൂവാറ്റുപുഴയിലും ജന്‍മനാടായ കാഞ്ഞിരപ്പള്ളിയിലും സ്വീകരണം നടക്കും. സ്വീകരണ സമ്മേഴനങ്ങളില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.
കേരളത്തിലെ ബിജെപി നേതാക്കളിലാര്‍ക്കും പദവികളൊന്നും നല്‍കാതെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ സിപിഎം എംഎല്‍എയുമായ കണ്ണന്താനത്തെ പരിഗണിച്ചതില്‍ കേരള ബിജെപിയിലെ എല്ലാ ഗ്രൂപ്പുകള്‍ക്കുമുള്ള അതൃപ്തിയാണ് കേന്ദ്ര ബിജെപി നേതൃത്വം ഒറ്റയടിക്ക് നുള്ളിയത്. നിലവില്‍ ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി അംഗമായ മുതിര്‍ന്ന നേതാവ് എന്ന പരിഗണനയിലാണ് കണ്ണന്താനത്തെ മന്ത്രിയാക്കിയതെന്നും അത് അംഗീകരിക്കാതിരിക്കുന്നത് പാര്‍ട്ടി അച്ചടക്കത്തിനു വിരുദ്ധമാണെന്നും താക്കീതിന്റെ സ്വരത്തില്‍ത്തന്നെ നേതൃത്വം അറിയിച്ചെന്നാണു വിവരം.
കണ്ണന്താനത്തെ കേന്ദ്ര മന്ത്രിയാക്കിയത് കേരളത്തിനു ലഭിച്ച ഓണ സമ്മാനമാണെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞതല്ലാതെ കാര്യമായ ആഹ്ലാദമൊന്നും കേരള ബിജെപിയില്‍ പ്രകടമായിരുന്നില്ല. അതിനു പിന്നാലെ കണ്ണന്താനത്തിന് മേഘാലയയിലെ പാര്‍ട്ടി ചുമതല കൂടി നല്‍കിയതോടെ കേന്ദ്ര നേതൃത്വം അദ്ദേഹത്തെ വളരെ കാര്യമായാണ് പപിഗണിക്കുന്നതെന്ന് ഒന്നുകൂടി ബോധ്യമായി. എന്നിട്ടും കണ്ണന്താനത്തിന്റെ കേരള സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ കേരളത്തിലെ നേതൃത്വം അന്വേഷിക്കുകയോ സ്വീകരണം സംഘടിപ്പിക്കുന്നതിലേക്കു നീങ്ങുകയോ ചെയ്തില്ല.
കണ്ണന്താനം ഇതില്‍ പരാതിപ്പെടുകയോ പരിഭവിക്കുകയോ ചെയ്തില്ല. എന്നാല്‍ കേരളത്തിലെ എന്‍ഡിഎ ഘടക കക്ഷി നേതാക്കളില്‍ ചിലര്‍ ഇക്കാര്യം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അതേത്തുടര്‍ന്ന് കേന്ദ്രം ഇടപെടുകയും കേരളത്തില്‍ കണ്ണന്താനത്തിന് സ്വീകരണം സംഘടിപ്പിക്കാന്‍ കേരള നേതൃത്വത്തിനു നിര്‍ദേശം നല്‍കുകയുമായിരുന്നുവെന്നാണ് സൂചന.
സംസ്ഥാന അദ്ധ്യക്ഷന് ഒരു സൂചന പോലും നല്‍കാതെയാണ് കണ്ണന്താനത്തിന് മന്ത്രി പദം നല്‍കിയത്. മറ്റ് നേതാക്കള്‍ക്കും ഇതേ കുറിച്ച് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. ചടങ്ങിലേക്ക് നേതാക്കള്‍ക്ക് ക്ഷണവും ഉണ്ടായിരുന്നില്ല. ഇത് കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ അപമാനമായാണ് കാണുന്നത്.
എന്നാല്‍ കേരളത്തിലെ ഈ നേതാക്കളുടെ നേതൃത്വത്തില്‍ ഒരു വളര്‍ച്ചയും നേടിയില്ലെന്നും അതിനോടുള്ള കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണമാണ് കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനം എന്ന് കരുതുന്നവരുമുണ്ട്. അധികാരം ഇത് വരെ ലഭിക്കാതിരുന്നിട്ടു കൂടി വലിയ കോഴ ഇടപാട് ആരോപണം കേരളത്തില്‍ നിന്ന് ഉയര്‍ന്നതും കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here