ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടുവാന്‍ പാടില്ല അതാണ് ഇന്‍ഡ്യന്‍ നീതിന്യായ നിയമം. ഇപ്പോള്‍ കുറ്റാരോപിതനായി ജയിലില്‍ കിടക്കുന്ന വ്യക്തിക്കു നേരേ അനുകൂലമായും പ്രതികൂലമായും ജനങ്ങളും സോഷ്യല്‍ മീഡിയകളും സിനിമാതാരങ്ങളും രാഷ്ട്രീയകപടവേഷധാരികളും ടി.വി.ചാനല്‍കാരും നടത്തുന്ന കോപ്രായ പ്രസ്താവനകള്‍ നിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആ വ്യക്തി ആരേ വിവാഹം കഴിക്കണം എന്നുള്ളത് അവന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം ആണ്. ഇവിടെ അതിനെക്കുറിച്ച് എഴുതി പേജ് കളയുന്നില്ല. ചാനല്‍കാര്‍ക്കു ചാകരകിട്ടുവാന്‍ ഏതു വിഡ്ഢിവേഷവും കാത്ത് അവര്‍ അണിയറയില്‍ കാത്തിരിക്കുകയാണ്. സരിതയെ വളര്‍ത്തികൊണ്ടു വന്നതും നശിപ്പിച്ചതും ഇവര്‍ തന്നെയല്ലേ?

ദിലീപില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ഉപകാരങ്ങള്‍ ലഭിച്ചിട്ടുള്ളവര്‍ അദ്ദേഹത്തിനു നേരെ തിരിയരുത് എന്ന് ഒരു എം.എല്‍.എ. ആയ ഗണേഷ്‌കുമാര്‍ പറയുമ്പോള്‍, ഇരപോലും മൗനം പാലിക്കപ്പെടുന്നു. തന്നെ ആക്രമിച്ചതിന്റെ പിന്നില്‍ ആരാണെന്നും തന്റേടമായി പറയുവാന്‍ ഇര തയ്യാറാകാത്തതില്‍ കാരണം കേസ് വളരെ നീണ്ടുപോകുകമാത്രമല്ല, നടിയെ ആക്രമിച്ചതിന്റെ സി.ഡി. കിട്ടാത്തിടത്തോളം കാലം കേസിന്റെ തെളിവുകള്‍ക്ക് മങ്ങലേല്‍ക്കാനും സാദ്ധ്യതയുണ്ട്.

ഈ പശ്ചാത്തലം മുതലാക്കി ഒരു എം.എല്‍.എ.യും ദിലീപിന് അനുകൂലമായി രംഗത്തുള്ളതില്‍ കേരള സ്ത്രീ സമൂഹം ലജ്ജിക്കുന്നുണ്ട്. ഇപ്പോള്‍ അദ്ദേഹം അമേരിക്കയിലെ സ്വീകരണത്തില്‍ പങ്കെടുത്തു കൊണ്ട് തന്നെ അമേരിക്കയില്‍ മലയാളികളെ പരസ്യമായി അഹങ്കാരികളാണെന്നു കൂടി പറയുമ്പോള്‍- ആരാണ് ഇവിടെ അഹങ്കാരി എന്നു നമുക്കു മനസ്സിലാക്കാന്‍ സാധിക്കാവുന്നതാണ് അതുപോകട്ടെ.

90 ദിവസത്തിനകം കേസ് തെളിയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഉടന്‍ വിചാരണ തുടങ്ങേണ്ടി വരും അല്ലെങ്കില്‍ ദിലീപിന് ജാമ്യം കൊടുക്കേണ്ടിവരും. ഉടന്‍തന്നെവിചാരണ തുടങ്ങി ദിലീപിന് ജാമ്യം നല്‍കാതിരിക്കാനാണ് ഇപ്പോഴത്തെ തന്ത്രങ്ങളില്‍ കൂടി നാം മനസ്സിലാക്കേണ്ടത്. ഏതു കൊലകൊമ്പനായാലും സ്ത്രീ സമൂഹത്തിനെതിരേ നടത്തുന്ന പീഡന വീരന്മാരെ കല്‍തുറങ്കില്‍ അടയ്ക്കും എന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ചിലപ്പോള്‍ ഫലവത്തായെന്നും വരാന്‍ സാദ്ധ്യതയുണ്ട്. ശ്രീമാന്‍ പിണറായിയുടെ ധൈര്യത്തിന് അഭിനന്ദനം.

സ്ത്രീ സമൂഹത്തിനു നേരെയുള്ള ഇന്‍ഡ്യയിലെ ആദ്യത്തെ ക്വട്ടേഷന്‍ ബലാല്‍സംഗമാണ് ഈ ഹിനകൃത്യം എന്നു നാം മനസ്സലാക്കേണ്ടതാണ്. നമുക്കറിയാം ഒരു മിനിട്ടില്‍ 12 സ്ത്രീകള്‍ ഇന്‍ഡ്യയില്‍ പീഡിപ്പിക്കപ്പെടുന്നു. കേരളം ഇതില്‍ വാശിപ്പിടിച്ചു മുന്നേറിക്കൗണ്ടിരിക്കുന്നു. മന്ത്രി പുംഗവന്‍മാരും, മതപുരോഹിതരും, ആള്‍ദൈവങ്ങളും മാത്രമല്ല ഗുരുക്കന്മാര്‍ പോലും പ്രായപൂര്‍ത്തിയാകാത്ത നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിച്ചതില്‍ കാരണം ജയിലില്‍ കിടന്നു ഉപ്പുവെള്ളം കുടിക്കുന്നുണ്ടല്ലോ അവര്‍ നിര്‍ദാക്ഷ്യണ്യം അവിടെതന്നെ തല്‍ക്കാലം കിടക്കട്ടെ.

സത്‌നാംസിംഗിന്റെ കൊലപാതകവും ചേകന്നൂര്‍ മൗലവി, അഭയകേസ് മുതലായ പീഡനങ്ങളും കൊലപാതകവും തെളിയാതെ പോയതുമൂലം വീണ്ടും വേട്ടക്കാര്‍ക്കു വിളയാടാന്‍ അവസരം ലഭിച്ചിരിക്കുന്നു. ഗോവിന്ദചാമി ജയിലില്‍ കിടന്നു തടിച്ചുകൊഴുത്തു സുന്ദരനായിരിക്കുന്നു. ഒരു മോഷണക്കേസില്‍ ഒരു കൈ പോയിട്ടും വീണ്ടും കൊലപാതകത്തിനും പീഡനത്തിനും ഇവന്‍ മുതിര്‍ന്നത് എന്നതുകൊണ്ട്? ആര്‍ക്കും ശരിയായ ശിക്ഷ ലഭിക്കുന്നില്ലല്ലോ അപ്പോള്‍ ശരിയായ ശിക്ഷണം ലഭിച്ചെങ്കില്‍ മാത്രമെ ഇത്തരം ക്രൂരകൃത്യങ്ങള്‍ അവസാനിക്കുകയുള്ളൂ. ഇന്ന് നോര്‍ത്ത് ഇന്‍ഡ്യയില്‍ ആള്‍ ദൈവങ്ങള്‍ അകത്തായിക്കൊണ്ടിരിക്കുന്നു. മൂന്ന് വലിയ ആള്‍ ദൈവങ്ങളെ മോദി കല്‍തുറങ്കില്‍ അടച്ചത് അഭിനന്ദനം അര്‍ഹിക്കുന്നു. ശ്രീമാന്‍ പിണറായി വിജയനും താമസിയാതെ സ്വയം ദൈവങ്ങളെ അകത്താക്കി അക്രമം നിര്‍ത്താക്കുമെന്നും പ്രത്യാശിക്കുന്നു. അതിനു വേണ്ടി നാം ഒത്തൊരുമിക്കണം ഇതില്‍ ജാതിയോ മതമോ നോക്കാതെ അനീതിക്കെതിരെ നാം പോരാടണം.
ദിലീപിന്റെ കേസിലേക്കുവരാം.ഞാന്‍ തടവിലായിരുന്നപ്പോള്‍ നീ എന്നെ വന്നു കണ്ടില്ല എന്നൊരു വചനം ബൈബിളിലുണ്ടല്ലോ. ആയതിനാല്‍ ദിലീപിനെ ജയിലില്‍ കാണാന്‍ വരുന്നവരെല്ലാം മോശക്കാരാണെന്നു കരുതരുത്. ദിലീപ് ഇപ്പോഴും കുറ്റവാളിയല്ല കുറ്റാരോപിതന്‍ മാത്രമാണ്. ആയതിനാല്‍ കുറ്റം തെളിയിക്കപ്പെടുന്ന സമയം വരേയും അനുകൂലമായും പ്രതികൂലമായുമുള്ള പ്രസ്താവനകള്‍ നിര്‍ത്തലാക്കണം. നിഷ്പക്ഷമായി നിന്നുകൊണ്ട് നമുക്ക് കുറ്റവാളികളെ കണ്ടുപിടിക്കാന്‍ ശ്രമിക്കാം. ഒരു ബലാല്‍സംഗിക്ക് ഇഷ്ടം ബലാല്‍സംഗം ചെയ്യാനും, മോഷ്ടാവിന് മോഷണവും കൊലപാതകിക്ക് കൊലപാതകവുമാണ് താല്‍പര്യം. പക്ഷെ നിയമം അതിവിടെ അനുവദിക്കുന്നില്ലെന്നു മാത്രമല്ല കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷയും നല്‍കും. എന്തായാലും ഉമ്മന്‍ചാണ്ടി സാര്‍ പറയുന്നതുപോലെ നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ.

ഒരു കലാകാരന് ആവിഷ്‌ക്കാര സ്വാതന്ത്ര്യമുണ്ട് എന്നു കരുതി എന്തു തോന്നിവാസവും എഴുതാനുള്ളതല്ല സാഹിത്യലോകം. ക്രിസ്തുവിനെതിരായും ശ്രീകൃഷ്ണനെതിരായും നബിക്കെതിരായും നാടകവും കൃതികളും എഴുതിയ കോമാളികള്‍ ഉള്ള നാടാണ് കേരളം. ഒരു പാവം സെക്യൂരിറ്റിയെ കാറിടിപ്പിച്ചുകൊന്ന വലിയ പണക്കാരനായ നിഷാമിനു വേണ്ടി പ്രകടനം നടത്തിയ കാപാലികന്മാരുള്ള കേരളം കഷ്ടം തന്നെ. ഇന്ന് ദിലീപിനു വേണ്ടി വന്‍ ഒപ്പു ശേഖരണം നടത്തുവാന്‍ കേരളത്തിലെ സിനിമാതാരങ്ങള്‍ തയ്യാറായി കഴിഞ്ഞുവെന്നു മനസ്സിലാക്കാന്‍ സാധിക്കുന്നു. പ്രിയ സഹോദരന്മാരെ ഇതു തമിഴ്‌നാടല്ല കേരളമാണെന്നോര്‍ത്താല്‍ നന്ന് സാക്ഷര കേരളം വിഡ്ഢികളുടെ നാടല്ല എന്നു കൂടി ഓര്‍ത്ത് മുന്‍പോട്ട് പോകുന്നതാണ് നിങ്ങള്‍ക്ക് ഉത്തമം.

ചുരുക്കത്തില്‍ പറയാം ദിലീപ് നിരപരാധിയാകട്ടെ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം. നല്ല ഒരു കലാകാരനാണ് ദിലീപ് എന്നു കരുതി ഇത്തരത്തിലുള്ള തെറ്റുകള്‍ ക്ഷമിക്കുവാന്‍ പറ്റുമോ? ഒരു സമയത്ത് എന്റെ പ്രിയപ്പെട്ട താരം ദിലീപായിരുന്നു. അമേരിക്കയില്‍ വന്നപ്പോള്‍ ഒരു ഫോട്ടോയ്ക്ക് ഞങ്ങള്‍ പോസ് ചെയ്തു ധാരാളം സംസാരിക്കുകയും ചെയ്തു. കുഞ്ഞുങ്ങളുടെ കൂടെ നിന്നും ഫോട്ടോ എടുത്തു. എന്റെ ഇളയ മകന്റെ ഇഷ്ടതാരം ദിലീപാണെന്നു പറഞ്ഞപ്പോള്‍ മാത്രമാണ് ആ മുഖത്ത് സന്തോഷം വിരിഞ്ഞത്. മറ്റു പലര്‍ക്കും ഫോട്ടോയെടുക്കുവാന്‍ അവസരം  കൊടുത്തിരുന്നുമില്ല. അദ്ദേഹം കുറ്റവാളിയാകാതിരിക്കട്ടെ എന്നു നമുക്ക് പ്രാര്‍ത്ഥിക്കാം. നേരെ മറിച്ച് ശരിയായ തെളിവുകള്‍ ദിലീപിനു നേരെയുണ്ടെങ്കില്‍ ദിലീപ് തീര്‍ച്ചയായും ശിക്ഷാര്‍ഹനാണ്. ശിക്ഷ കഴിഞ്ഞ് പശ്ചാത്തപിച്ചാല്‍ വീണ്ടും അദ്ദേഹത്തിന് ഒരു നല്ല മനുഷ്യനാകുവാന്‍ കഴിയും. തെറ്റു ചെയ്യാത്തവര്‍ ആരാണ് ഈ ലോകത്തിലുള്ളത് മദ്ദലന മറിയത്തിനുപോലും ദൈവം മാപ്പു കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ദിലീപ് കുറ്റക്കാരനാണെന്നു കോടതി തെളിയിച്ചാല്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ അദ്ദേഹം തയ്യാറാകണം. സ്ത്രീ സമൂഹം ആദരിക്കപ്പെടേണ്ടതാണ് ഒരു പുരുഷനും ആ സമൂഹത്തെ ചവുട്ടി മെതിക്കാന്‍ അനുവദിക്കയുമരുത്. ആയതിനാല്‍ കുറ്റം തെളിയുന്ന സമയം വരെയും ദിലീപിന് അനുകൂലമായും പ്രതികൂലമായുള്ള പ്രസ്താവനകള്‍ നിര്‍ത്തുക.

തല്‍ക്കാലം കാത്തിരിക്കാം.
മോന്‍സി കൊടുമണ്‍

LEAVE A REPLY

Please enter your comment!
Please enter your name here