പാറ്റേഴ്സണ്‍ (ന്യൂജേഴ്സി): പൂക്കളവും, പൊന്നോളവിളികളും, മാവേലിമന്നന്‍റെയെഴുന്നള്ളത്തുമായി മലയാളനാട്ടിലേക്കാള്‍ കെങ്കേമമായി അമേരിക്ക മുഴുവന്‍ ഓണത്തിന്‍റെ ഉല്‍സവലഹരിയില്‍ ആറാടുമ്പോള്‍ അതില്‍നിന്നു തികച്ചും വ്യത്യസ്ഥമായി പൂവും പൊന്നാടയും, പാലടപായസവുമായി പാറ്റേഴ്സണ്‍ സെ. ജോര്‍ജ് സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ ഗ്രാന്‍ഡ് പേരന്‍റ്സിനു സമുചിതമായ ആദരം നല്‍കി. ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന അല്മായ സംഘടനയായ എസ്.എം. സി.സി. ചാപ്റ്റര്‍ ആണൂ ഗ്രാന്‍ഡ് പേരന്‍റ്സിനെ ആദരിക്കുന്നതിനു മുന്‍കൈ എടുത്തത്.

സെപ്റ്റംബറില്‍ ലേബര്‍ ഡേ കഴിഞ്ഞുവരുന്ന ആദ്യത്തെ ഞായറാഴ്ച്ചയാണു അമേരിക്കയില്‍ ദേശീയ ഗ്രാന്‍ഡ് പേരന്‍റ്സ് ഡേ ആയി ആഘോഷിക്കുന്നത്. 2017 ലെ ഗ്രാന്‍ഡ് പേരന്‍റ്സ് ഡേ ആയ സെപ്റ്റംബര്‍ 10 ഞായറാഴ്ച്ച ഇടവക വികാരി റവ: ഫാ: ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിലിന്‍റെ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിക്കൊടുവിലാണു ലളിതമായ ചടങ്ങില്‍ ഇടവകയിലെ വല്യപ്പച്ചന്മാരെയും, വല്യമ്മച്ചിമാരെയും, പൂവും പൊന്നാടയും നല്‍കി ആദരിച്ചത്.

സ്വന്തം മക്കളെ നല്ലരീതിയില്‍ വിശ്വാസത്തില്‍ വളര്‍ത്തിയെടുക്കാന്‍ തങ്ങള്‍ ഏറ്റെടുത്ത ത്യാഗങ്ങള്‍ക്കും, പ്രാര്‍ത്ഥനകള്‍ക്കുമുള്ള അംഗീകാരമായി നല്‍കപ്പെട്ട പൊന്നാടയും, നറുസുഗന്ധം പരത്തുന്ന റോസാപുഷ്പവും ഇടവകയിലെ 50 ല്‍ പരം ഗ്രാന്‍ഡ് പേരന്‍റ്സ് ക്രിസ്റ്റി അച്ചനില്‍നിന്നും ഏറ്റുവാങ്ങി. ഇടവക ജനങ്ങളും, ധാരാളം അഭ്യുദയകാംക്ഷികളും ലളിതമായ ചടങ്ങിനു സാക്ഷ്യം വഹിച്ചു.
ഇടവകയിലെ ഗ്രാന്‍ഡ് പേരന്‍റ്സ് ആണു നമ്മുടെ ഇടവകയുടെ ശക്തിസ്രോതസെന്നും, അവരില്ലെങ്കില്‍ നമ്മുടെ തന്നെ നിലനില്പ് അവതാളത്തിലാവുമെന്നും, അവരുടെ നിസ്വാര്‍ധ സേവനത്തിനു ഇടവകാസമൂഹം അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും അനുമോദന സന്ദേശത്തില്‍ ക്രിസ്റ്റി അച്ചന്‍ പറഞ്ഞു.

കുര്‍ബാനക്കുശേഷം നടത്തിയ സ്നേഹവിരുന്നില്‍ മക്കളും, കൊച്ചുമക്കളും അടങ്ങുന്ന ഇടവകജനങ്ങള്‍ ഒന്നടങ്കം പങ്കെടുത്ത് തങ്ങളുടെ സ്നേഹാദരങ്ങള്‍ പ്രകടിപ്പിച്ചു. ഗ്രാന്‍ഡ് പേരന്‍റ്സിനു വിശേഷാല്‍ പ്രാര്‍ത്ഥനകളും, അനുഗ്രഹങ്ങളും, ആശംസകളും ഇടവകവികാരി നേര്‍ന്നു. അനുമോദനകേക്കും തദവസരത്തില്‍ മുറിച്ച് എല്ലാവര്‍ക്കും മംഗളകര്‍മ്മത്തിന്‍റെ മധുരം നല്‍കി.

സോജന്‍ ജോസഫിന്‍റെ നേതൃത്വത്തില്‍ ആലപിക്കപ്പെട്ട ശ്രുതിമധുരമായ ആശംസാഗാനങ്ങളും ഗ്രാന്‍ഡ് പേരന്‍റ്സിനു സന്തോഷഹേതുവായി. എസ്.എം.സി.സി. ചാപ്റ്റര്‍ പ്രസിഡന്‍റ് ജോയി ചാക്കപ്പന്‍, സെക്രട്ടറി സെബാസ്റ്റ്യന്‍ ടോം, വൈസ് പ്രസിഡന്‍റ് മരിയ തോട്ടുകടവില്‍, ട്രഷറര്‍ ജോസഫ് ഇടിക്കുള, ജോ. സെക്രട്ടറി ആല്ബര്‍ട്ട് കണ്ണമ്പള്ളി, ട്രസ്റ്റിമാരായ തോമസ് തോട്ടുകടവില്‍, ജോംസണ്‍ ഞള്ളിമാക്കല്‍, പാരീഷ് പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി. ചാപ്റ്റര്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ ടോം അറിയിച്ചതാണീ വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here