ആലപ്പുഴ: സിപിഎമ്മിന്റെ കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പുകള്‍ക്കു തുടക്കമാകുന്നു. ഈ മാസം പതിനഞ്ചിന് സമ്മേളനങ്ങള്‍ക്ക് തുടക്കമാകുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന ഔദ്യോഗിക പക്ഷത്തിനെതിരെ പാനലുകളും, വിമര്‍ശനങ്ങളും ഉയരില്ലെന്ന് ഉറപ്പുവരുത്തി കടുത്ത നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ മാര്‍ഗ്ഗരേഖ പാര്‍ട്ടി നേതൃത്വം പുറത്തിറക്കി.വി.എസ്. അച്യുതാനന്ദനെയും വിഎസ് പക്ഷത്തെയും കഴിഞ്ഞ സംസ്ഥാന സമ്മേളനത്തോടെ നിലംപരിശാക്കിയെങ്കിലും ആലപ്പുഴയടക്കമുള്ള ചില ജില്ലകളിലും പ്രദേശങ്ങളിലും ഔദ്യോഗിക പക്ഷത്തിനെതിരെ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഇപ്പോഴും ഉയരുന്ന സാഹചര്യത്തിലാണ് ഉള്‍പാര്‍ട്ടി ജനാധിപത്യം പോലും നിഷേധിക്കുന്ന രീതിയില്‍ സമ്മേളനങ്ങള്‍ നടത്താന്‍ നേതൃത്വം ഒരുങ്ങുന്നത്.

ബ്രാഞ്ച് മുതലുള്ള സമ്മേളനങ്ങളില്‍ പാര്‍ട്ടി ഉപരിഘടകം നിശ്ചയിക്കുന്ന പാനലിനെതിരെ മറ്റൊരു പാനല്‍ മത്സര രംഗത്തുണ്ടാകരുതെന്നതാണ് പ്രധാന നിര്‍ദ്ദേശം. സമ്മേളന പ്രതിനിധികള്‍ക്ക് വ്യക്തിപരമായി മത്സരിക്കാം, പക്ഷെ പാനല്‍ അംഗീകരിക്കില്ല. ഇതോടെ സമ്മേളനങ്ങള്‍ ഒദ്യോഗിക പക്ഷത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലായി മാറും. ഇപ്പോഴത്തെ സാഹചര്യത്തില്‍ വ്യക്തിപരമായി മത്സരിക്കാന്‍ ആരും ധൈര്യം കാണിക്കില്ല.
മത്സരമില്ലാതെ സമവായത്തിലൂടെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പുറമേ പറയുന്നതെങ്കിലും ഉപരിഘടകങ്ങളുടെ അടിച്ചേല്‍പ്പിക്കല്‍ കമ്മിറ്റികളാകും ഫലത്തില്‍ ഉണ്ടാകുകയെന്ന വിമര്‍ശനം ഉയരുന്നു. ജില്ലാ കമ്മിറ്റിയംഗങ്ങള്‍ക്കാണ് ബ്രാഞ്ച് സമ്മേളനങ്ങളുടെ ചുമതല. അംഗത്വ സൂക്ഷ്മ പരിശോധനയില്‍ത്തന്നെ വിഎസ് പക്ഷക്കാരയും ഔദ്യോഗിക പക്ഷത്തു തന്നെ വിമത ശബ്ദം ഉയര്‍ത്തുന്നവരെയും പരമാവധി വെട്ടിനിരത്തി. കീഴ്ക്കമ്മിറ്റികള്‍ മുതല്‍ വിധേയരെ മാത്രം ഉള്‍ക്കാള്ളിക്കുക യെന്ന നയമാണ് പിണറായി പക്ഷം വച്ചു പുലര്‍ത്തുന്നത്.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ പോലും ഇതിനെതിരെ നിലപാടെടുക്കാന്‍ ആരുമില്ലാത്ത സാഹചര്യത്തില്‍ പ്രാദേശിക തലങ്ങളിലെ വിഎസ് പക്ഷ പ്രവര്‍ത്തകര്‍ നിരാശരാണ്. വിഎസ് പക്ഷവും തോമസ് ഐസക് പക്ഷവും യോജിച്ച് ചെറുത്തുനില്‍പ്പ് നടത്തിയ ആലപ്പുഴ ജില്ലയില്‍ ജി. സുധാകരന്‍ നയിക്കുന്ന ഔദ്യോഗിക പക്ഷം ഇത്തവണ സമ്പൂര്‍ണ ആധിപത്യമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സമ്മേളന കാലയളവില്‍ ജില്ലയിലെ ഏതാനും ഏരിയാ കമ്മറ്റികള്‍ വിഎസ്‌ഐസക് പക്ഷം നിലനിര്‍ത്തിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here