വത്തിക്കാന്‍; ഭീകരരുടെ പിടിയില്‍നിന്നും മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനിലെത്തിയതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഫാദര്‍ ടോം വത്തിക്കാനിലെത്തിയെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. വിദഗ്ധ പരിചരണത്തിനും വിശ്രമത്തിനുമായാണ് ഫാദര്‍ ടോം വത്തിക്കാനിലെത്തിയത്. നാട്ടിലേക്ക് മടങ്ങുന്നതിനുമുന്‍പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഇന്നത്തെ പൊതു കൂടിക്കാഴ്ച്ചയില്‍ ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചന കഥ മാര്‍പ്പാപ്പ വിശ്വാസികളോട് പങ്കുവച്ചേക്കും. വിദഗ്ധചികില്‍സയ്ക്ക് ശേഷമാകും അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുകയെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും സഭാംഗവുമായ ഫാദര്‍ വില്ല്യം നെല്ലിക്കല്‍ പറഞ്ഞു.
തടവറയില്‍ പ്രാര്‍ഥന, അതുമാത്രമായിരുന്നു ടോം ഉഴുന്നാലിലിന്റെ പ്രതീക്ഷ. പതിനെട്ടുമാസം ഭീകരരുടെ ഒളിത്താവളത്തില്‍ പുറംലോകം കാണാതെ തടവില്‍ കഴിയുമ്പോഴും പ്രാര്‍ഥനയില്‍ അദ്ദേഹം ദൈവത്തെ മുറുകെപ്പിടിച്ചു. കേന്ദ്ര സര്‍ക്കാരും മറ്റുള്ളവരും നിരന്തരം ഇടപെട്ടിട്ടും ഒരുവേള, പുറത്തുവന്നത് നിരാശയുടെ വാര്‍ത്തകള്‍ മാത്രം. അപ്പോഴും പ്രതീക്ഷയുടെ മെഴുകുതിരിവെട്ടം ഫാ.ടോം ഉഴുന്നാലില്‍ ഹൃദയത്തില്‍ സൂക്ഷിച്ചു.

അക്ഷീണ പരിശ്രമങ്ങളുടെ ഫലമായി ഒടുവില്‍ പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇത്രമാത്രം, ‘ദൈവത്തിന് നന്ദി’.കഴിഞ്ഞ മാര്‍ച്ച് നാലിനു തെക്കന്‍ യെമനിലെ ഏഡനില്‍ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ വൃദ്ധസദനത്തില്‍ നിന്നാണു ഫാ.ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. അന്നുമുതല്‍ ഇന്നോളം, നീണ്ട പതിനെട്ടുമാസവും ടോമിനായി പ്രാര്‍ഥനകളും പ്രവര്‍ത്തനങ്ങളും സജീവമായിരുന്നു. വിദേശകാര്യ മന്ത്രാലയവും വകുപ്പുമന്ത്രി സുഷമ സ്വരാജും വത്തിക്കാനും ജനപ്രതിനിധികളും വിദേശ രാജ്യങ്ങളും കൂട്ടായി ശ്രമിച്ചതോടെയാണ് ഒരു പോറലുമേല്‍ക്കാതെ മലയാളി വൈദികന്റെ മോചനം സാധ്യമായത്.
ഒരു വര്‍ഷവും ആറ് മാസവും എട്ട് ദിവസവും നീണ്ട തടവിലെ ദുരിത ജീവിതത്തില്‍നിന്നു മോചനം നേടി പുതു ജീവിതത്തിലേക്കു തിരികെയെത്തിയ ഫാ. ടോം ഉഴുന്നാലിന്റെ നാവില്‍ നിറയെ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനോടും വത്തിക്കാന്‍ അധികൃതരോടുമുള്ള നന്ദി വാക്കുകള്‍. ഒമാന്റെ നയതന്ത്ര ഇടപെടലിന്റെ ഫലത്തില്‍ യെമനിലെ ഭീകരവാദികളില്‍നിന്നു മോചിതനായി മസ്‌കത്തിലെത്തിയപ്പോഴാണ് ഫാദര്‍ ടോം സുല്‍ത്താനോടും രാജ്യത്തോടുമുള്ള നന്ദി അറിയിച്ചത്. ഭരണാധികാരിക്കും രാഷ്ട്രത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. യെമനുമായി ബന്ധപ്പെട്ടാണ് ഒമാന്‍ അധികൃതര്‍ മോചന വഴി തേടിയത്.

ടോമിനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ക്കുശേഷം തീവ്രവാദികളുടെ കേന്ദ്രത്തില്‍നിന്നു സുരക്ഷിതമായി തിരികെയെത്തിക്കുന്നതിനുള്ള നീക്കം ഒമാന്‍ വിദേശകാര്യ മന്ത്രാലയം ആരംഭിക്കുകയായിരുന്നു. അതിവേഗത്തില്‍ തിരിച്ചെത്തിക്കുന്നതിനുള്ള സുല്‍ത്താന്റെ നിര്‍ദേശവും ഫാദര്‍ ടോമിന്റെ മോചനം എളുപ്പമാക്കി.
ഇതാദ്യമായല്ല യെമനില്‍ കുടുങ്ങിക്കിടക്കുന്ന വിദേശ പൗരന്‍മാരെ ഒമാന്‍ രക്ഷപ്പെടുത്തുന്നത്. ഓസ്‌ട്രേലിയ, യുഎസ് പൗരന്‍മാര്‍ക്ക് ഉള്‍പ്പടെ സുരക്ഷിതമായി സ്വന്തം വീടണയാന്‍ ഒമാന്‍ സര്‍ക്കാര്‍ വഴിയൊരുക്കിയിട്ടുണ്ട്. യെമനില്‍ കുടങ്ങിക്കിടന്ന മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ മസ്‌കത്തിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയിരുന്നു. യെമനുമായി മികച്ച ബന്ധം ഒമാന്‍ പുലര്‍ത്തുന്നതും ടോമിന്റെ കാര്യത്തില്‍ നീക്കങ്ങള്‍ എളുപ്പമാക്കി. 2016 മാര്‍ച്ച് നാലിന് ഭീകരര്‍ തട്ടിയെടുത്ത ഫാ.ടോമിനെ രക്ഷിക്കാനായി പലകുറി ശ്രമങ്ങള്‍ നടന്നു. ഒന്നും വിജയത്തിലെത്തിയില്ല. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നുപോലും സ്ഥിരീകരിക്കാനാവാത്ത സ്ഥിതി. അപ്പോഴാണ് പ്രതീക്ഷയുടെ പൊന്‍വെട്ടമായി യെമന്‍ ഭരണാധികാരി പ്രത്യക്ഷപ്പെട്ടത്. ഭീകരര്‍ തട്ടിയെടുത്ത ഫാ.ടോം ഉഴുന്നാലില്‍ ജീവനോടെയുണ്ടെന്നാണു വിവരമെന്ന് യെമന്‍ ഉപപ്രധാനമന്ത്രി അബ്ദുല്‍മാലിക് അബ്ദുല്‍ജലീല്‍ അല്‍–മെഖ്‌ലാഫി പറഞ്ഞു.
ഇതോടെയാണ് മോചനശ്രമങ്ങള്‍ക്ക് പ്രതീക്ഷ തെളിഞ്ഞത്. ഫാ.ടോമിന്റെ മോചനത്തിനു സാധ്യമായതെല്ലാം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായുള്ള ചര്‍ച്ചയില്‍ അല്‍–മെഖ്‌ലാഫി വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിലായിരുന്നു സുഷമയും അബ്ദുല്‍മാലിക്കും കൂടിക്കാഴ്ച നടത്തിയത്.യുദ്ധം കൊടുമ്പിരികൊണ്ട യെമനിലേക്കു സ്വന്തം ഇഷ്ടപ്രകാരമാണ് ടോം ഉഴുന്നാലില്‍ പോയത്. മറ്റു വൈദികര്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചു നേരത്തേ നാട്ടിലേക്കു മടങ്ങിയിരുന്നു. മടങ്ങിയെത്താന്‍ സഭയും ആവശ്യപ്പെട്ടിരുന്നു. മുന്‍പു നാലുവര്‍ഷം യെമനില്‍ കര്‍മനിരതനായിരുന്നതിന്റെ അനുഭവത്തിലാണ് ടോം വീണ്ടും യാത്ര തിരിച്ചത്.
ബെംഗളൂരു ക്രിസ്തുജ്യോതി തിയോളജി കോളജില്‍ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ ശേഷമായിരുന്നു ഇപ്രാവശ്യത്തെ യെമന്‍ യാത്ര. യുദ്ധം ആരംഭിച്ചതിനാല്‍ അബുദാബിയിലും ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്ന ജിബൂത്തിയിലും തങ്ങി മൂന്നു മാസത്തോളമെടുത്താണു യെമനിലെത്തിയത്. തലസ്ഥാനമായ സനായിലേക്ക് ഐക്യരാഷ്ട്ര സംഘടനാ പ്രതിനിധിയായാണു ചെന്നത്. ഏഡനിലെത്താന്‍ പിന്നെയും ഒരു മാസമെടുത്തു. മദര്‍ തെരേസ രൂപംകൊടുത്ത ‘ഉപവിയുടെ സഹോദരിമാര്‍’ (മിഷനറീസ് ഓഫ് ചാരിറ്റി) സന്യാസിനീ സമൂഹം യെമനിലെ ഏദനില്‍ നടത്തിയിരുന്ന വൃദ്ധസദനത്തിലാണ് ഉഴുന്നാലില്‍ എത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here