തിരുവനന്തപുരം: കെ.മുരളീധരനെതിരേ പടയൊരുക്കി കോണ്‍ഗ്രസ് വീണ്ടും കലഹക്കൂടാരമാകുന്നു. പ്രതിപക്ഷനേതൃസ്ഥാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇടപെട്ട് മുരളീധരന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ഐ ഗ്രൂപ്പില്‍ അമര്‍ഷം പുകയുകയാണ്. ഇത്തരം പ്രതികരണങ്ങള്‍ തെറ്റിദ്ധാരണ പരത്തുമെന്ന് കോണ്‍ഗ്രസ് വക്താവ് ജോസഫ് വാഴയ്ക്കന്‍ തുറന്നടിച്ചു. ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതൃസ്ഥാനത്തിന് യോഗ്യനാണെന്ന വിശദീകരണവുമായി മുരളീധരന്‍ രംഗത്തെത്തിയെങ്കിലും സംഘടനാതിരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ അദ്ദേഹവുമായി സഹകരിക്കേണ്ട എന്നാണ് ഗ്രൂപ്പ് തീരുമാനം.
ഐ ഗ്രൂപ്പിലാണെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളിലായി കെ.മുരളീധരന്റെ നിലപാടുകള്‍ എ ഗ്രൂപ്പിനോട് ആഭിമുഖ്യം പുലര്‍ത്തുന്നതാണ്. ഇന്നലെ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം പോരെന്നും ഉമ്മന്‍ചാണ്ടി ഉന്നതസ്ഥാനത്തിന് യോഗ്യനാണെന്നും കെ. മുരളീധരന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതൃസ്ഥാനത്തിന് യോഗ്യനാണെന്നാണ് താന്‍ ഉദ്ദേശിച്ചത് എന്ന വിശദീകരണവുമായി ഇന്ന് മുരളീധരന്‍ രംഗത്തെത്തി.
എന്നാല്‍ മുരളീധരന്റെ വിശദീകരണം ഐ ഗ്രൂപ്പ് മുഖവിലയ്‌ക്കെടുക്കുന്നില്ല. മുരളീധരനെ ഗ്രൂപ്പില്‍ പൂര്‍ണമായി ഒറ്റപ്പെടുത്താനാണ് തീരുമാനം. സംഘടനാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗ്രൂപ്പ് കൂടിയാലോചനകളിലും മുരളീധരനെ പങ്കെടുപ്പിക്കില്ല. സ്ഥാനത്തും അസ്ഥാനത്തും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. മുരളീധരന്റെ പരാമര്‍ശങ്ങളെ ഇന്നലെ വി.ഡി.സതീശനും തള്ളിക്കളഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here