മയാമി: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ഫ്‌ളോറിഡ ചാപ്റ്റിന്റെ നേതൃത്വത്തില്‍ കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോനാ ദേവാലയത്തില്‍ അഖണ്ഡ ബൈബിള്‍ പാരായണം നടത്തി.

രാവിലെ 8 മണി മുതല്‍ വൈകുന്നേരം 7 മണി വരെയായിരുന്നു ഈ നോണ്‍ സ്റ്റോപ്പ് ബൈബിള്‍ വായന ക്രമപ്പെടുത്തിയിരുന്നത്. രാവിലെ 8 മണിക്ക് റവ.ഫാ. ജോര്‍ജ് ദാനവേലിന്റെ മഹനീയ സാന്നിധ്യത്തില്‍ റവ.ഫാ ജോര്‍ജ് കാഞ്ഞിരക്കാട്ടില്‍ തിരി തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രകൃതി ദുരന്തങ്ങളാല്‍ മനുഷ്യന്‍ ഭയപ്പെടുകയും, വേദനിക്കുകയും ചെയ്യുന്ന ഈ കാലത്ത് ദൈവീകതയുടെ വെളിച്ചവും, ആത്മീയമൂല്യങ്ങളുടെ സ്രോതസും മനുഷ്യന് ബൈബിളില്‍ കണ്ടെത്താന്‍ കഴിയുന്നു. മനുഷ്യചരിത്രത്തിന്റെ കാവലാളായി എന്നും നിലനില്‍ക്കുന്ന ബൈബിളില്‍ യേശുവചനം എന്നും മനുഷ്യന് ആശ്വാസവും പ്രതീക്ഷയും രക്ഷയും നല്‍കി പരിപാലനത്തിന്റെ അനുഭവമാണ് ഒരുക്കുന്നത്.

ഒരു ദിനം മുഴുവന്‍ ഇടതടവില്ലാതെ കോറല്‍സ്പ്രിംഗ് ഇടവകയിലെ വിശ്വാസ സമൂഹം ദൈവ വചനം വായിച്ചത് ഇടവകയില്‍ പുത്തന്‍ ഉണര്‍വേകുമെന്നു വികാരി ഫാ. തോമസ് കടുകപ്പള്ളി അഭിപ്രായപ്പെട്ടു

എസ്.എം.സി.സി ചാപ്റ്റര്‍ പ്രസിഡന്റ് സാജു വടക്കേല്‍, കമ്മിറ്റി അംഗങ്ങളായ ബാബൂ കല്ലിടുക്കില്‍, സിക്‌സി ഷാന്‍, ജസ്സി പാറത്തുണ്ടി, സി. ജോളി മരിയ തുടങ്ങിയവര്‍ ഈ അഖണ്ഡ ബൈബിള്‍ പാരായണത്തിന് നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here