തിരുവനന്തപുരം: യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ഇന്നത്തെ യോഗം ചര്‍ച്ച ചെയ്‌തേക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ് അടക്കമുളളവര്‍ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ ചേരുന്ന യുഡിഎഫ് യോഗം നിര്‍ണായകമാണ്.

സ്‌കൂളും ആരാധനാലയങ്ങളുമായുളള മദ്യശാലകളുടെ ദൂരപരിധി അന്‍പത് മീറ്ററായി കുറച്ച സര്‍ക്കാര്‍ നിലപാടിനെതിരെ സമരപരിപാടികള്‍ തീരുമാനിക്കുന്നതിന് വേണ്ടിയാണ് യുഡിഎഫ് യോഗം ചേരുന്നതെങ്കിലും മുന്നണിക്കുളളില്‍ നീറുന്ന പ്രശ്‌നങ്ങള്‍ തന്നെയാവും യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയാവുക. ഉമ്മന്‍ചാണ്ടിയാണ് പ്രതിപക്ഷനേതൃ പദവിക്ക് യോഗ്യന്‍ എന്ന നിലയില്‍ അസീസ് നടത്തിയ പരാമര്‍ശം മുന്നണിക്കുളളില്‍ പുതിയ പോര്‍മുഖം തുറന്നിട്ടുണ്ട്.

മുന്നണിയോഗത്തിനുളളില്‍ രമേശ് ചെന്നിത്തല ഇതിന്‍മേല്‍ എന്ത് അഭിപ്രായം പറയും എന്നത് ഏറവും ഉറ്റുനോക്കുന്നുണ്ട്. ഘടകകക്ഷികള്‍ക്ക് മേല്‍ കുതിരകേറിയാല്‍ കെ.മുരളീധരന്റെ അഭിപ്രായപ്രകടനം ചൂണ്ടികാട്ടിയാവും ആര്‍എസ്പി പ്രതിനിധികള്‍ ഇതിനെ പ്രതിരോധിക്കുക. യുഡിഎഫിനൊപ്പം നില്‍ക്കുന്നതില്‍ ജെഡിയുവില്‍ രണ്ട് അഭിപ്രായം ഉണ്ട്. തുടരെ തുടരെ മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകള്‍ നടത്തുന്ന ജെഡിയു നേതാക്കളെ നിയന്ത്രിക്കണമെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടേക്കും.

വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ മുന്നോരുക്കങ്ങള്‍ ആണ് മറ്റൊരജണ്ട. സര്‍ക്കാരിനെതിരായ സമരങ്ങള്‍ക്ക് തീവ്രതപോരന്ന വിമര്‍ശനം പതിവ് പോലെ യുഡിഎഫ് യോഗത്തെ അലോസരപെടുത്തുമെന്നത് ഉറപ്പാണ്. മദ്യശാലകളുടെ ദൂരപരിധികുറച്ചതിനെതിരായ സമരത്തിന്റെ തീയതി തീരുമാനിച്ച ശേഷം യുഡിഎഫ് യോഗം പിരിയും.

 

LEAVE A REPLY

Please enter your comment!
Please enter your name here