സിയൂള്‍: യുഎന്‍ രക്ഷാസമിതിയുടെ ഉപരോധത്തിനു പിന്നാലെ വീണ്ടും മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ. പ്യോന്‍ഗ്യാങ്ങില്‍ നിന്നും വിക്ഷേപിച്ച മിസൈല്‍ ജപ്പാന്റെ അന്തരീക്ഷത്തിലൂടെ കടന്നു പോയതായി ജപ്പാന്‍ ചീഫ് ക്യാബിനറ്റ് സെക്രട്ടറി യോഷിഹിഡെ സുഗ അറിയിച്ചു. ജനങ്ങളോട് സുരക്ഷിത സ്ഥലങ്ങളിലേയ്ക്കുമാറാന്‍ നിര്‍ദേശം നല്‍കി. യു എന്‍ രക്ഷാസമിതിയുടെ ഉപരോധത്തിനു പിന്നാലെ ജപ്പാനെ കടലില്‍ മുക്കുമെന്നും യു.എസിനെ ചാരമാക്കുമെന്നുമുള്ള ഉത്തര കൊറിയയുടെ ഭീഷണിയുടെ ശരിവയ്ക്കുന്നതാണ് പുതിയ പരീക്ഷണം. !എന്നാല്‍ പുതിയ മിസൈല്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് ഉത്തരകൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആണവായുധങ്ങള്‍ ഉപയോഗിച്ചു ജപ്പാനെ ‘കടലില്‍ മുക്കു’മെന്നും യുഎസിനെ ‘ചാരമാക്കും’ എന്നും ഉത്തര കൊറിയ ഭീഷണി മുഴക്കിയിരുന്നു. യുഎന്‍ ഉപരോധത്തെ കടുത്ത ഭാഷയിലാണ് ഉത്തര കൊറിയ വിമര്‍ശിച്ചത്. ‘ആപത്കാലത്തിന്റെ ഉപകരണം’ എന്നായിരുന്നു വിദേശബന്ധങ്ങളുടെ ചുമതലയുള്ള കൊറിയ ഏഷ്യ – പസിഫിക് പീസ് കമ്മിറ്റി ഉപരോധത്തെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ ‘കോഴ വാങ്ങിയ രാജ്യങ്ങള്‍’ ആണ് ഉപരോധത്തെ പിന്താങ്ങിയതെന്നും കമ്മിറ്റി ആരോപിച്ചു.

‘ഞങ്ങളുടെ സമീപത്ത് ജപ്പാന്‍ ഇനി ആവശ്യമില്ല. ജപ്പാന്റെ നാല് ദ്വീപുകളെ അണുബോംബിട്ടു കടലില്‍ മുക്കും. യുഎസിനെ ചാരമാക്കി ഇരുട്ടിലാക്കും’– ഉത്തര കൊറിയ പറഞ്ഞു. വാചകമടി തുടര്‍ന്നാല്‍ യുഎസ് കനത്ത വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പിനുശേഷമായിരുന്നു ഭീഷണി. യുഎസ് അവരുടെ നിഷേധാത്മക നിലപാടു തിരുത്തുന്നതുവരെ ഒരു വിധത്തിലുള്ള ചര്‍ച്ചകള്‍ക്കും സന്നദ്ധരല്ലെന്നും ഉത്തര കൊറിയ വ്യക്തമാക്കിയിരുന്നു.

ആണവപദ്ധതിക്കു പണം കിട്ടാതാവുന്നതോടെ ഉത്തര കൊറിയ ചര്‍ച്ചയ്ക്കു വഴങ്ങുമെന്ന കണക്കുകൂട്ടലില്‍ കടുത്ത ഉപരോധ നടപടികളാണ് യുഎന്‍ രക്ഷാസമിതി സ്വീകരിച്ചത്. പ്രകൃതി വാതകം, എണ്ണയുടെ ഉപോല്‍പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി പൂര്‍ണമായി വിലക്കി. കല്‍ക്കരി കഴിഞ്ഞാല്‍ തുണിത്തരങ്ങളുടെ കയറ്റുമതിയാണു കൊറിയയുടെ പ്രധാന വരുമാനമാര്‍ഗം. ഇതും നിരോധിച്ചു.

വിദേശത്തു ജോലി ചെയ്യുന്ന 93,000 കൊറിയന്‍ പൗരന്മാര്‍ നികുതിയിനത്തില്‍ അയയ്ക്കുന്ന തുകയ്ക്കു വിലക്ക് ഏര്‍പ്പെടുത്തി. സംയുക്ത സംരംഭങ്ങള്‍ വിലക്കിയതോടെ നിക്ഷേപസാധ്യതകളും സാങ്കേതികവിദ്യാ കൈമാറ്റവും ഇനി നടക്കില്ല. രാജ്യത്തിന്റെ ആറാമത് ആണവപരീക്ഷണത്തില്‍ 120 കിലോ ടണ്‍ സംഹാരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് ആണ് ഉത്തരകൊറിയ കഴിഞ്ഞദിവസം പരീക്ഷിച്ചത്. ഇതേത്തുടര്‍ന്നാണു മേഖലയില്‍ സംഘര്‍ഷാന്തരീക്ഷം വര്‍ധിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here