ഡാളസ്: ശ്രീനാരായണ മിഷന്‍, നോര്‍ത്ത് ടെക്‌സസ്സിന്റെ ആഭിമുഖ്യത്തില്‍ നൂറ്റി അറുപത്തി മൂന്നാമത് ഗുരുദേവ ജയന്തിയും, ഓണാഘോഷങ്ങളും ഡാളസ്സില്‍ പ്രൗഢ ഗംഭീരമായി ആഘോഷിച്ചു.
സെപ്റ്റംബര്‍ 16 ശനിയാഴ്ച വൈകീട്ട് 5 മുതല്‍ ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ടെംമ്പിള്‍ ഓഡിറ്റോറിയത്തില്‍ വെച്ചു ശ്രീത്രിവിക്രമന്‍ ഗുരുപൂജ നടത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ശ്രീനാരായണ മിഷന്‍(ഹൂസ്റ്റണ്‍), പ്രസിഡന്റ് അശ്വതി കുമാര്‍, ശ്രീ കുറുപ്പു(റിട്ട.പ്രൊഫസര്‍), ശ്രീരാമചന്ദ്രന്‍ നായര്‍(പ്രസിഡന്റ്, ഡാളസ് ഗുരുവായൂരപ്പന്‍ ക്ഷേത്രം പ്രസിഡന്റ്) കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു.

എസ്.എന്‍.എം. സെക്രട്ടറി സന്തോഷ് വിശ്വനാഥന്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു.
‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ എന്ന ശ്രീനാരായണ ഗുരുവിന്റെ ആഹ്വാനം ആധുനിക കാലഘട്ടത്തില്‍ ഇന്നും പ്രസക്തമാണെന്ന് ഗുരു സന്ദേശം നല്‍കുന്നതിനിടെ മനോജ് കുട്ടപ്പന്‍ ഓര്‍മ്മപ്പെടുത്തി.

സവര്‍ണ്ണ മേധാവിത്വത്തിനും, സമൂഹതിന്മകള്‍ക്കും എതിരെ പോരാടിയ, കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത, കേരളത്തില്‍ നിലനിന്നരുന്ന സവര്‍ണ്ണ മേല്‍കോയ്മാ, തൊട്ടുകൂടായ്മ, തീണ്ടി കൂടായ്മ തുടങ്ങിയ ശാപങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച, കേരളത്തില്‍ ജീവിച്ചിരുന്ന ഒരു സന്യാസിയും, പരിഷ്‌കര്‍ത്താവും, നവോത്ഥാന നായകനുമായിരുന്ന ശ്രീനാരായണ ഗുരുവെന്ന് തുടര്‍ന്ന് പ്രസംഗിച്ച അശ്വനികുമാര്‍, കുറുപ്പ്, രാമചന്ദ്രന്‍നായര്‍ എന്നിവര്‍ ചൂണ്ടികാട്ടി.

ഓണാഘോഷങ്ങളോടനുബന്ധിച്ചു അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ അതീവ ആകര്‍ഷങ്ങളായിരുന്നു. കേരളത്തില്‍ നിന്നും എത്തിയ അനുഗ്രഹീത മിമിക്രി ആര്‍ട്ടിസ്റ്റ് കലാഭവന്‍ ജയന്‍, പീറ്റര്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച കലാപരിപാടികളും, ഗാനങ്ങളും ശ്രവണ സുന്ദരമായിരുന്നു. ശ്രീകുമാര്‍ മഡോളിന്റെ നന്ദി പ്രകാശനത്തിനു ശേഷം വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here