ന്യൂഡല്‍ഹി: ഭാര്യയെ തല്ലിയാല്‍ പ്രവാസിക്കു പണികിട്ടും. ഭാര്യയെ ഉപേക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരായ ഭര്‍ത്താക്കന്‍മാരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുകയോ റദ്ദാക്കുകയോ ചെയ്യണമെന്നു വിദേശകാര്യ മന്ത്രാലയം നിയോഗിച്ച സമിതിയുടെ ശുപാര്‍ശ. വിദേശരാജ്യങ്ങളുമായുള്ള കുറ്റവാളി കൈമാറ്റ കരാറുകളില്‍ ഗാര്‍ഹിക പീഡനവും കാരണമായി ഉള്‍പ്പെടുത്തണമെന്നും ശുപാര്‍ശയുണ്ട്. പീഡനവും ഉപേക്ഷിക്കലും സംബന്ധിച്ച പരാതികള്‍ പെരുകുന്ന പശ്ചാത്തലത്തിലാണ് പ്രശ്‌നം പഠിച്ചു ശുപാര്‍ശകള്‍ നല്‍കാന്‍ വിദേശകാര്യ മന്ത്രാലയം സമിതിയെ നിയോഗിച്ചത്.
പ്രവാസികളുടെ വിവാഹത്തിനു റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുക. വിവാഹ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ സാമൂഹിക സുരക്ഷാ നമ്പര്‍, തൊഴില്‍ സ്ഥലത്തെയും വീടിന്റെയും വിലാസം തുടങ്ങിയവ രേഖപ്പെടുത്തുക.. ഉപേക്ഷിക്കപ്പെടുന്ന ഭാര്യമാര്‍ക്ക് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ നല്‍കുന്ന സഹായധനം 3000 ഡോളറില്‍നിന്ന് 6000 ഡോളറാക്കുക.. പ്രവാസികള്‍ ഭാര്യമാരെ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, വനിതാ ശിശുക്ഷേമ മന്ത്രാലയം എന്നിവയുടെ പൊതു സംവിധാനമുണ്ടാക്കുക എന്നിവയാണു ശിപാര്‍ശകള്‍.
വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയും തമ്മിലുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സമിതിയുടെ ശുപാര്‍ശകള്‍ തുടര്‍ നടപടികള്‍ക്കായി പരിഗണിക്കുമെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here