ന്യൂയോര്‍ക്ക്: 2018 ആഗസ്റ്റ് 10,11,12 തീയതികളില്‍ ചിക്കാഗോയില്‍ നടക്കുന്ന എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക കൺവൻഷന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ന്യൂയോര്‍ക്കിൽ തുടക്കം കുറിച്ചു. 2017 സെപ്തംബര്‍ 10-ന് ഗ്ലെന്‍ ഓക്സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന നായര്‍ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷ വേളയില്‍ എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് മുഖ്യാതിഥിയായിരുന്നു. കണ്‍‌വന്‍ഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുകയും എന്‍.ബി.എ. കുടുംബാംഗങ്ങളെ ക്ഷണിക്കുകയും ചെയ്തു. അമേരിക്കയിലെയും കാനഡയിലെയും ഏഴു സംഘടനകളോടെ തുടക്കം കുറിച്ച പ്രസ്ഥാനം ഇന്ന് എന്‍.എസ്.എസ്. ഓഫ് ഹഡ്സണ്‍ വാലിയുള്‍പ്പടെ പതിനൊന്ന് സംഘടനകളുടെ കൂട്ടായ്മയാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസ്. ഓഫ് ഹഡ്സണ്‍‌വാലി പ്രസിഡന്റ് ജി.കെ. നായരുടെ പ്രവർത്തന മികവിന് പ്രത്യേകം അനുമോദിച്ചു. മറ്റു സംസ്ഥാനങ്ങളിലും എന്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നാഷണല്‍ വൈസ് പ്രസിഡന്റ് ഗോപിനാഥ് കുറുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന കിക്കോഫ് ചടങ്ങില്‍ ആദ്യത്തെ രജിസ്ട്രേഷന്‍ എന്‍.ബി.എ. പ്രസിഡൻറ് കരുണാകരന്‍ പിള്ളയ്ക്ക് നല്‍കിക്കൊണ്ട് പ്രസിഡന്റ് എം.എന്‍.സി. നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നാല്പതിലധികം കുടുംബാംഗങ്ങള്‍ അന്നേ ദിവസം കണ്‍വന്‍ഷനിലേക്ക് രജിസ്റ്റര്‍ ചെയ്തു. ആയിരത്തിലധികം കുടുംബങ്ങള്‍ സംബന്ധിക്കുമെന്ന് കരുതുന്ന കണ്‍വന്‍ഷനില്‍ ന്യൂയോര്‍ക്കില്‍ നിന്നും നൂറിലധികം കുടുംബങ്ങളെ പങ്കെടുപ്പിക്കുവാന്‍ കഴിയുമെന്ന് ഗോപിനാഥ് കുറുപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. 2010-ല്‍ താന്‍ എന്‍.ബി.എ. പ്രസിഡന്റായിരുന്നപ്പോള്‍ ഏഴ് നായര്‍ പ്രസ്ഥാനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ന്യൂയോര്‍ക്കില്‍ ബീജാവാപം ചെയ്ത ഈ പ്രസ്ഥാനം ഇന്ന് വളര്‍ച്ചയുടെ പടവുകള്‍താണ്ടി നാലാമത് ദ്വൈവാര്‍ഷിക കണ്‍വന്‍ഷനില്‍ എത്തിനില്‍ക്കുന്നതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതുതലമുറയെ നമ്മുടെ സംസ്കാരം പകര്‍ന്നുകൊടുത്ത് തനതായ വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ട് കെ.എച്.എന്‍.എ. പോലുള്ള ഹൈന്ദവ പ്രസ്ഥാനങ്ങള്‍ക്ക് ശക്തി പകരുന്ന രീതിയിലായിരിക്കണം എന്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനമെന്നും മുതിര്‍ന്നവരെയും യുവാക്കളെയും ഒരുമിച്ചു നിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനമായിരിക്കും പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് അഭികാമ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്‍‌വന്‍ഷനില്‍ പ്രസിദ്ധീകരിക്കുന്ന സുവനീര്‍ കമ്മിറ്റിയില്‍ ന്യൂയോര്‍ക്കില്‍ നിന്നുമുള്ള ജയപ്രകാശ് നായരും കുന്നപ്പള്ളില്‍ രാജഗോപാലും പ്രവര്‍ത്തിക്കുമെന്ന് എം.എന്‍.സി. നായര്‍ അറിയിച്ചു. കണ്‍വന്‍ഷന്റെ കോചെയറായി സുനില്‍ നായരെയും കള്‍ച്ചറല്‍ കോഓര്‍ഡിനേറ്ററായി വനജ നായരെയും നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here