തിരുവനന്തപുരം: തിരുവനന്തപുരം ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച രണ്ടുപേര്‍ക്കുകൂടി എച്ച്‌ഐവി ബാധിച്ചുവെന്ന സ്ഥിരീകരണം സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ അവസ്ഥ സംബന്ധിച്ച് കടുത്ത ആശങ്കയുയരുന്നു. അതേസമയം ചികിത്സയിലിരിക്കെ കുട്ടിയ്ക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തില്‍ റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. സാധാരണ പരിശോധനയില്‍ അണുബാധ തിരിച്ചറിയാന്‍ കഴിയാത്ത വിന്‍ഡോ പിരിഡിലുള്ള രക്തം നല്‍കിയതാകാം രോഗബാധക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത് കണ്ടെത്താന്‍ അത്യാധുനിക പരിശോധന സംവിധാനങ്ങള്‍ ആര്‍.സി.സിയില്‍ ഇല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു .
ചികിത്സക്കിടെ കുട്ടിയ്ക്ക് നല്‍കിയ 49 യൂണിറ്റ് രക്ത ഘടകവും കൃത്യമായ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു.

മാനദണ്ഡങ്ങള്‍ പാലിച്ചുള്ള എല്ലാ പരിശോധനകളും നടത്തി രോഗബാധയില്ലെന്നും ഉറപ്പിച്ചിരുന്നു. എന്നാല്‍ വിന്‍ഡോ പീരിഡിലുള്ള രക്തമാണെങ്കില്‍ രോഗബാധ തിരിച്ചറിയാനുള്ള സംവിധാനം ആര്‍.സി.സിയില്‍ ഇല്ല . ഇതാകാം രോഗബാധയ്ക്ക് കാരണമായത്. വിഷയത്തില്‍ ആര്‍.സി.സിക്ക് സാങ്കേതികമായോ മനഃപൂര്‍വമായോ ഉള്ള പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്.
അതേസമയം വിന്‍ഡോ പീരിഡില്‍ തന്നെ രോഗബാധ കണ്ടെത്താനുതകുന്ന ന്യൂക്ലിക് ആസിഡ് പരിശോധയടക്കമുള്ള സംവിധാനങ്ങളുടെ പോരായ്മ ആര്‍.സി.സിക്ക് ഉണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് പരിഹരിക്കപ്പെടണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്. ഇതിനിടെ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതിയുടെ അന്വേഷണവും അന്തിമ ഘട്ടത്തിലാണ്. ആര്‍.സി.സിയിലെ പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തതകളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന നിഗമനത്തിലേക്കാണ് ഈ സമിതി എത്തുന്നതെന്നാണ് സൂചന.

കുട്ടിയ്ക്ക് വീണ്ടും രക്ത പരിശോധന നടത്തണോ എന്നതിലടക്കം ഈ സമിതി തീരുമാനമെടുക്കും. ആലപ്പുഴ സ്വദേശിയായ ഒന്‍പതു വയസ്സുള്ള കുട്ടിക്ക് എച്ച്‌ഐവി രോഗം ബാധിച്ചുവെന്നാണ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ മറ്റു രണ്ടുപേര്‍ക്കു കൂടി രോഗം ബാധിച്ചിരിക്കാമെന്നു സംശയം. കുട്ടിക്കു രക്തം നല്‍കിയ ദാതാവില്‍ നിന്നു രക്തം സ്വീകരിച്ചവര്‍ക്കും രോഗം ബാധിക്കാം. ഒരു ദാതാവില്‍ നിന്ന് എടുക്കുന്ന രക്തത്തില്‍ നിന്നു പ്ലേറ്റ്‌ലറ്റ്, പ്ലാസ്മ, റഡ് ബ്ലഡ് സെല്‍സ് എന്നിവ വേര്‍തിരിച്ചു മൂന്നുപേര്‍ക്കുവരെ ഉപയോഗിക്കാറുണ്ട്. കുട്ടിക്കു പ്ലേറ്റ്‌ലറ്റാണു നല്‍കിയിരിക്കുന്നത്. പ്ലാസ്മയും റഡ് ബ്ലഡ് സെല്‍സും മറ്റു രണ്ടുപേര്‍ക്കും നല്‍കിയിരിക്കാം. ആര്‍സിസിയിലെ രേഖകള്‍ അനുസരിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.. രക്തദാതാക്കളായ 49 പേരെക്കുറിച്ചു മെഡിക്കല്‍ കോളജ് പൊലീസും അന്വേഷണം ആരംഭിച്ചു. കുട്ടിക്കു 49 തവണ രക്തത്തിലെ പ്ലേറ്റ്‌ലറ്റ് ഘടകം നല്‍കിയിട്ടുണ്ട്.

ദാതാക്കളുടെ ജീവിതസാഹചര്യവും സ്വഭാവവും നിരീക്ഷിക്കുകയാണ് ഇപ്പോള്‍. തുടര്‍ന്നു സംശയമുള്ളവരെ വിളിച്ചുവരുത്തി പരിശോധനയ്ക്കു വിധേയമാക്കും. പണത്തിനുവേണ്ടി രക്തം വില്‍ക്കുന്നവര്‍ ദാതാക്കളുടെ കൂട്ടത്തില്‍ ഉണ്ടെന്നു സംശയിക്കുന്നു. ആര്‍സിസി കൈമാറിയ ദാതാക്കളുടെ പട്ടികയില്‍ 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ ഉണ്ട്. അതിനാലാണു രക്തം വില്‍ക്കുന്നവര്‍ ഉണ്ടോയെന്നു നോക്കുന്നത്. പനി ബാധിച്ചപ്പോള്‍ പ്രവേശിപ്പിച്ച ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും രക്താര്‍ബുദം സ്ഥിരീകരിച്ച ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും കുട്ടിക്കു രക്തം നല്‍കിയിട്ടില്ലെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആശുപത്രികളിലും ആലപ്പുഴയിലെയും ഹരിപ്പാടിലെയും സ്വകാര്യ ലാബുകളിലും കുട്ടിയുടെ രക്തം പരിശോധിച്ചിരുന്നു. അതുവഴി എച്ച്‌ഐവി ബാധയുണ്ടായോയെന്നും അന്വേഷിക്കുന്നുണ്ട്.
അതിനിടെ ആര്‍സിസിയില്‍ ചികില്‍സയില്‍ കഴിയുന്ന ഇടുക്കി സ്വദേശിയായ പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധ ഉണ്ടായെന്ന സംശയത്തില്‍ പരിശോധനകള്‍ ആരംഭിച്ചു. ഒപിയില്‍ ചികില്‍സ തേടുന്ന കുട്ടിക്കാണു രോഗം സംശയിക്കുന്നത്. ഈ കുട്ടിക്കു നേരത്തെ പേപ്പട്ടി വിഷബാധയ്ക്കു കുത്തിവയ്‌പെടുത്തിരുന്നു. അതിനുശേഷം രക്തപരിശോധന നടത്തിയാല്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കില്ല. എച്ച്‌ഐവിയുടെ കാര്യത്തിലും വ്യത്യസ്തമായ ഫലമായിരിക്കും ലഭിക്കുക. അതിനാല്‍ വിശദമായ പരിശോധനയ്ക്കുശേഷമേ ഇതു സ്ഥിരീകരിക്കാനാകുകയുള്ളൂവെന്ന് ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here