കൊച്ചി: യെമനില്‍ ഭീകരരുടെ പിടിയില്‍നിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ 28ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരെ കാണുന്ന അദ്ദേഹം അടുത്ത ദിവസം ബെംഗളൂരുവിലേക്ക് തിരിക്കും. ബെംഗളൂരുവിലും രണ്ടുദിവസം തങ്ങിയശേഷമായിരിക്കും കൊച്ചിയിലെത്തുക. ഭീകരരുടെ കൈകളില്‍ നിന്ന് രക്ഷപെട്ട ഫാ.ടോം ഇപ്പോഴും പഴയസംഭവങ്ങള്‍ അതേ പടി ഓര്‍ത്തിരിക്കുകയാണ്. കാവല്‍ക്കാരന്റെ മുറിയിലെ കസേരയില്‍ തന്നെ പിടിച്ചിരുത്തിയശേഷം വൃദ്ധസദനത്തില്‍നിന്നു നാലു കന്യാസ്ത്രീകളെ വിളിച്ചിറക്കിക്കൊണ്ടുവന്നു വെടിവച്ചു കൊല്ലുകയായിരുന്നുവെന്നു ഫാ. ടോം വ്യക്തമായി ഓര്‍ക്കുന്നു.
‘2016 മാര്‍ച്ച് നാലാം തീയതി വെള്ളിയാഴ്ച രാവിലെ 8.40ന് ആയിരുന്നു സംഭവം. തിരുവത്താഴകര്‍മവും പ്രഭാതഭക്ഷണവും കഴിഞ്ഞു ചാപ്പലില്‍ അല്‍പനേരം പ്രാര്‍ഥിച്ചശേഷം പുറത്തിറങ്ങുമ്പോള്‍ വെടിയൊച്ച കേട്ടു. അക്രമികളില്‍ പ്രധാനി എന്റെ കൈയില്‍ പിടിച്ചു. ഇന്ത്യക്കാരനാണു ഞാനെന്നു പറഞ്ഞു. അയാളെന്നെ ക്യാംപസിന്റെ പ്രധാന ഗെയിറ്റിനടുത്തുള്ള കാവല്‍ക്കാരന്റെ മുറിയില്‍ കസേരയില്‍ പിടിച്ചിരുത്തി.

കന്യാസ്ത്രീകള്‍ അഞ്ചുപേരും അപ്പോള്‍ വൃദ്ധരെ പരിചരിക്കുകയായിരുന്നു. അവരില്‍ രണ്ടുപേരെ ആദ്യം ഗെയ്റ്റിനടുത്തേയ്ക്കു കൊണ്ടുവന്നു. മടങ്ങിപ്പോയി വീണ്ടും രണ്ടുപേരെ കൂടി കൊണ്ടുവന്നു. അഞ്ചാമത്തെയാളെ തേടി പോയെങ്കിലും കാണാന്‍ കഴിയാതെ അയാള്‍ തിരിച്ചെത്തി. പിന്നീടു രണ്ടു സിസ്റ്റര്‍മാരെ എന്റെ കാഴ്ചയില്‍ പെടാത്ത സ്ഥലത്തേയ്ക്കു മാറ്റിനിര്‍ത്തി വെടിയുതിര്‍ത്തു. തിരിച്ചുവന്നു മറ്റു രണ്ടു പേരെ എന്റെ മുന്നിലേക്കു കൂട്ടിക്കൊണ്ടുവന്നു കൊലപ്പെടുത്തി. ദൈവത്തിന്റെ കാരുണ്യത്തിനായി ഞാന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ഞാന്‍ കരഞ്ഞില്ല. മരണത്തെ ഭയപ്പെട്ടതുമില്ല.’– ഫാം. ടോം പറഞ്ഞു.

പിന്നീട് അവര്‍ തന്നെ പിടിച്ചുകൊണ്ടുപോയി പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഡിക്കിയിലിട്ട് അടച്ചുവെന്നും ആരാധനാ വസ്തുക്കളും മറ്റും അതിനുള്ളിലേക്ക് എറിഞ്ഞെന്നും ഫാ. ടോം ഓര്‍ക്കുന്നു. അതിനുശേഷമാണ് അജ്ഞാത കേന്ദ്രത്തിലേക്കുള്ള യാത്ര തുടങ്ങിയത്. പകലും രാത്രിയിലും ഉണര്‍ന്നിരിക്കുമ്പോഴെല്ലാം പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. വേദപുസ്തകമോ പ്രാര്‍ഥനാപുസ്തകമോ വീഞ്ഞോ അപ്പമോ ഇല്ലാതെ കുര്‍ബാന അര്‍പ്പിച്ചു. സഭയ്ക്കുവേണ്ടിയും ഇടവകയ്ക്കു വേണ്ടിയും കുടുംബത്തിനു വേണ്ടിയും രോഗികള്‍ക്കു വേണ്ടിയും പ്രാര്‍ഥിച്ചുകൊണ്ടിരുന്നു– അദ്ദേഹം തുടര്‍ന്നു.

‘മോചനദ്രവ്യം കിട്ടുന്നതിനായി എന്റെ വിഡിയോ എടുക്കുന്ന കാര്യം അവര്‍ നേരത്തെ പറഞ്ഞിരുന്നു. അനുസരിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു. എനിക്കു നേരെ നിറയൊഴിക്കുന്നതായി തോന്നുംവിധം അവര്‍ വെടിവയ്ക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്തുവെങ്കിലും ഒരിക്കലും എന്നെ ഉപദ്രവിച്ചില്ല. വിഡിയോ ദൃശ്യങ്ങളിലൂടെ വേഗം പണം സംഘടിപ്പിക്കാമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു.– ഫാ. ടോം വിശദീകരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here