ന്യൂഡല്‍ഹി: യുഎഇയില്‍ ബിസിനസുകാരനായ തിരുവനന്തപുരം ആലങ്കോട് സ്വദേശി ഫൈസല്‍ ഇബ്രാഹിമിന്റെ പാസ്‌പോര്‍ട്ട് യാത്രാമധ്യേ പിടിച്ചെടുത്ത നടപടി തെറ്റാണെന്നു ഡല്‍ഹി ഹൈക്കോടതി വിധിച്ചു. പിടിച്ചെടുക്കുന്നതിനു മുന്‍പു പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും പാസ്‌പോര്‍ട്ട് ഫൈസലിനു മടക്കിനല്‍കണമെന്നും ജസ്റ്റിസ് വിഭു ഭഖ്രു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. എന്നാല്‍, നാലാഴ്ചത്തേക്കു ഫൈസല്‍ രാജ്യം വിടരുതെന്നു കോടതി നിര്‍ദേശിച്ചു. ഇക്കാലത്ത് ആവശ്യമെങ്കില്‍ നടപടിക്രമങ്ങള്‍ പാലിച്ചു വിദേശകാര്യമന്ത്രാലയത്തിനു തുടര്‍നടപടി സ്വീകരിക്കാം. ഫൈസലിനു വേണ്ടി കുര്യാക്കോസ് വര്‍ഗീസ്, മാത്യു കുഴല്‍നാടന്‍ എന്നിവര്‍ ഹാജരായി.

മാതാപിതാക്കള്‍ക്കും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കൊച്ചിയില്‍ നിന്നു ലണ്ടനിലേക്കുള്ള യാത്രാമധ്യേ ഫെബ്രുവരി 14ന് ആണു ഡല്‍ഹി വിമാനത്താവളത്തില്‍ അധികൃതര്‍ ഫൈസലിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തത്. മറ്റു കുടുംബാംഗങ്ങളുടെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷമായിരുന്നു ഇത്. ഇതോടെ, കുടുംബാംഗങ്ങളെ ലണ്ടനിലേക്ക് അയച്ചശേഷം ഫൈസലിനു ഡല്‍ഹിയില്‍ തങ്ങേണ്ടി വന്നു. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കുമെതിരെ പ്രവര്‍ത്തിക്കുന്നതു കൊണ്ടു ഫെബ്രുവരി രണ്ടു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നാലാഴ്ചത്തേക്കു പാസ്‌പോര്‍ട്ട് മരവിപ്പിച്ചതായി ഫൈസലിനു ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അറിയിപ്പു കിട്ടിയതു ഫെബ്രുവരി 19ന് ആണ്.

ദുബായിലെ സുഖ്‌ദേവ് സിങ്ങിനു നല്‍കിയ നാലരലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയതിനെ തുടര്‍ന്നുള്ള പരാതിയിലായിരുന്നു നടപടിയെന്നു കേസ് നടപടികള്‍ക്കിടെ വിദേശകാര്യമന്ത്രാലയം വെളിപ്പെടുത്തി. എന്നാല്‍, കാരണംകാണിക്കല്‍ നോട്ടിസിനു മറുപടി നല്‍കാന്‍പോലും സമയം അനുവദിക്കാതെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതു നിയമവിരുദ്ധമാണെന്നു കോടതി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരെ ഫൈസല്‍ പ്രവര്‍ത്തിച്ചെന്നു തെളിയിക്കാനായിട്ടില്ല. ചെക്ക് മടങ്ങിയത് ഇതിന്റെ പരിധിയില്‍ വരുമോയെന്നതു സംശയാസ്പദമാണെന്നും കോടതി നിരീക്ഷിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here