ന്യൂയോര്‍ക്ക്: മരണം ആഗ്രഹിക്കുന്നത് എന്നര്‍ത്ഥമുള്ള ഡെത്ത് വിഷ് എന്ന കോഫി കമ്പനി പുറത്തിറക്കിയ നൈട്രോ കോള്‍ഡ് ബ്രൂ ക്യാനില്‍ ഉപയോഗിച്ചാല്‍ ശരിക്കും മരണത്തെ മുഖാമുഖം കാണേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഇതിനെത്തുടര്‍ന്ന്, ഡെത്ത് വിഷ് കോഫി കമ്പനി തങ്ങളുടെ നൈട്രോ കോള്‍ഡ് ബ്രൂ ക്യാന്‍ തിരിച്ചു വിളിക്കുന്നു. വാങ്ങി രണ്ടു മാസത്തിനുള്ളില്‍ തിരിച്ചു നല്‍കിയാല്‍ മുടക്കിയ പണം അപ്പാടെ തിരിച്ചു തരാന്‍ തയ്യാറാണെന്നു കമ്പനി അറിയിച്ചു. തങ്ങളുടെ ഉത്പന്നത്തില്‍ മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കുന്ന വിഷം അടങ്ങിയിട്ടുണ്ടെന്നു കമ്പനി തന്നെയാണ് വെൡപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലെ കാപ്പി പ്രിയരുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളിലൊന്നാണ് നൈട്രോ കോള്‍ഡ് ബ്രൂ ക്യാന്‍. സ്‌ട്രോങ് കോഫിക്ക് ഏറെ പേര് കേട്ട ഈ ബ്രാന്‍ഡിനെതിരേ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും രംഗത്തു വന്നിട്ടുണ്ട്. ന്യൂയോര്‍ക്ക് റൗണ്ട് ലേഷ് ആസ്ഥാനമായ കമ്പനിയുടെ 11 ഔണ്‍സ് നൈട്രോ കോള്‍ഡ് ബ്രൂ ക്യാനിലാണ് ബോച്ചുലിന്‍ എന്ന വിഷദീപ്തമായ പദാര്‍ത്ഥം അടങ്ങിയിരിക്കുന്നത്. ഈ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് ഉപയോക്താക്കള്‍ കേട്ടത്.

ക്യാനില്‍ നിറച്ചിരിക്കുന്ന കോള്‍ഡ് സ്‌ട്രോങ് ബ്രൂ കാപ്പി നിര്‍മ്മിക്കാനുള്ള ഇപ്പോഴത്തെ പ്രക്രിയ ബാക്ടീരിയയുടെ വളര്‍ച്ചയ്ക്കും ഉത്പാദനത്തിനും കാരണമാകുമെന്നും അതിനെ തടയിടാനാണ് ബോച്ചുലിന്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചതെന്നും കമ്പനി അറിയിച്ചു. ബോച്ചുലിന്‍ മനുഷ്യശരീരത്തില്‍ ദോഷകരമായി ബാധിക്കുന്നതാണെന്ന കാര്യം അടുത്തിടെയാണ് ശാസ്ത്രലോകം പുറത്തു വിട്ടത്. തുടര്‍ന്നാണ് വര്‍ഷങ്ങളായി തങ്ങളുടെ ക്യാനില്‍ നിറച്ചിരിക്കുന്ന കോള്‍ഡ് ബ്രൂവില്‍ ഇക്കാര്യമുണ്ടെന്ന വസ്തുത ഡെത്ത് വിഷ് കമ്പനിയും വ്യക്തമാക്കിയത്.

യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പറയുന്നത് ബോച്ചുലിന്‍ ഉപഭോഗം മൂലം മനുഷ്യശരീരത്തില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും സ്ഥിരമായ ഉപയോഗം ക്രമേണ മരണത്തിലേക്ക് തള്ളിയിട്ടേക്കുമെന്നുമാണ്. തുടര്‍ച്ചയായുള്ള ഉപയോഗം മൂലം ശരീരത്തിനാകെ ബലഹീനത, തലകറക്കം, കാഴ്ചക്കുറവ്, സംസാരിക്കുന്നതോ വിഴുങ്ങുന്നതോ ആയ പ്രശ്‌നങ്ങള്‍. ശ്വസനത്തിലെ ബുദ്ധിമുട്ട്, മറ്റ് പേശികളുടെ ബലഹീനത, ഉദരശബ്ദം, മലബന്ധം എന്നിവയും സാധാരണ ലക്ഷണങ്ങളാണ്.

ലോകത്തിലെ ഏറ്റവും വീര്യം കൂടിയ കോഫി ഉത്പാദിപ്പിക്കുന്ന കമ്പനികളില്‍ മുന്‍നിരക്കാരാണ് ഡെത്ത് വിഷ്. അമേരിക്കയില്‍ കാപ്പി പ്രിയരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നതും ഡെത്ത് വിഷ് പുറത്തിറക്കുന്ന ക്യാനില്‍ നിറച്ചിരിക്കുന്ന കോള്‍ഡ് ബ്രൂവാണ്. ന്യൂയോര്‍ക്കിലെ പല ഗ്രോസ്സറി ഷോപ്പുകളിലും ഇപ്പോള്‍ നിരോധിക്കപ്പെട്ട ബ്രൂവിന്റെ ക്യാനുകള്‍ അടുത്തിടെ വരെ ലഭ്യമായിരുന്നു.

“ഉപഭോക്താക്കളുടെ സുരക്ഷിതത്വമാണ് ഞങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യം. ഏറ്റവും മികച്ച ഗുണനിലവാരം, സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനു വേണ്ടി ഇപ്പോള്‍ ഉപയോക്താക്കളില്‍ എത്തിയിരിക്കുന്ന നൈട്രോ കോള്‍ഡ് ബ്രൂവിന്റെ ആ പ്രത്യേക ക്യാന്‍ മുഴുവന്‍ തിരിച്ചെടുക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ഉപഭോക്താക്കളുടെ ആരോഗ്യം ഉറപ്പുവരുത്താനാണ് വന്‍ നഷ്ടം സഹിച്ചു കൊണ്ടുള്ള ഈ സുപ്രധാനമായ നടപടി- ഡെത്ത് വിഷ് കോഫി സ്ഥാപകനും ഉടമസ്ഥനുമായ മൈക് ബ്രൗണ്‍ പറഞ്ഞു.

കമ്പനിയുടെ വെബ്‌സൈറ്റില്‍ നൈട്രോ കോള്‍ഡ് വാങ്ങുന്നവര്‍ക്ക് 60 ദിവസത്തിനുള്ളില്‍ മുഴുവന്‍ റീഫണ്ട് ലഭിക്കുമെന്ന് ബ്രൗണ്‍ പറഞ്ഞു. നിര്‍മ്മാണ പ്രക്രിയയില്‍ മാറ്റം വരുത്തുന്നത് വരെ കമ്പനി ഈ ബ്രൂവിന്റെ ഉല്‍പ്പാദനം നിര്‍ത്തി വച്ചിരിക്കുകയാണ്. എന്തായാലും ഈ കോള്‍ഡ് കോഫി കഴിച്ചവര്‍ക്കാര്‍ക്കും ഇതുവരെ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here