ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയ ചുഴലിക്കാറ്റ് ഹാർവ്വി ഹ്യൂസ്റ്റൺ നിവാസികൾക്ക്‌ ഉണ്ടാക്കിയ നാശ നഷ്ടങ്ങൾ അനവധിയാണ്. ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റുകളിൽ ഒന്നായിരുന്നു ഹ്യൂസ്റ്റൺ തീരത്ത് വീശിയടിച്ച ഹാർവി. ഹാർവി വിതച്ച കനത്ത നാശ നഷ്ടങ്ങൾ വർണ്ണനകൾക്കും അപ്പുറത്താണ്. ചുഴലിക്കാറ്റിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും വലിയ നാശനഷ്ടമാണ് ഹ്യൂസ്റ്റൺ നഗരത്തിനുണ്ടാക്കിയത്.

1928 ലെ ഒക്കീഖോബീ ചുഴലിക്കാറ്റിനു ശേഷം ഇത്രയേറെ കുഴപ്പം വരുത്തിവെച്ച പ്രകൃതി ദുരന്തം അമേരിക്കയിൽ വേറെ ഉണ്ടായിട്ടില്ല. വലിയ നാശ നഷ്ടങ്ങൾ കണക്കാക്കുമ്പോൾ അവയ്ക്കു പരിഹാരം ഉടനടി ഉണ്ടാക്കുവാൻ ഗവണ്മെന്റ് ശ്രമിക്കുമ്പോൾ അമേരിക്കൻ മലയാളികളുടെ ഏറ്റവും ജനപ്രിയ സംഘടനയായ ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ് ) അവർക്കൊപ്പം ചെറിയ സഹായ ഹസ്തവുമായി ഒപ്പം കൂടുന്നു. ഹാർവി പുനരധിവാസ പ്രവർത്തനങ്ങളിൽ ആദ്യം ഓടിയെത്തിയ പങ്കാളിയാണ് ഫോമാ. ഹാർവി താണ്ഡവമാടിയ ശേഷമുള്ള അനന്തര ഫലകളുടെ പ്രയാസങ്ങളിൽ നിന്നും ഹ്യൂസ്റ്റൺ നഗരത്തെ സാധാരണ നിലയിലേക്ക് എത്തിക്കുവാൻ വേണ്ട സഹായ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്നതും ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന അമേരിക്കയിലെ ഏക സംഘടനായ ഫോമാ തന്നെ. ഹ്യൂസ്റ്റനിൽ വെള്ളം ഉൾവലിഞ്ഞതോടെ വീടുകൾ ക്ലീൻ ചെയ്യുന്നതിന്നും, ഉണ്ടായ നാശ നഷ്ടങ്ങൾ നികത്തുന്നതിനും പകർച്ച വ്യാധികൾ പ്രതിരോധിക്കുന്നതിനുമായി സാമ്പത്തിക സഹായത്തിനോടൊപ്പം തന്നെ ശാരീരികമായ സഹായവും ഫോമാ നൽകുകയുണ്ടായി. ഹാർവ്വി ബുദ്ധിമുട്ടുണ്ടാക്കിയ പ്രദേശങ്ങൾക്കായി ഫോമാ കരുതിയ സാമ്പത്തിക സഹായ പദ്ധതിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. ഈ ഫണ്ട് ഹ്യൂസ്റ്റൺ മേയറെ ഏൽപ്പിക്കുകയാണ് ഒക്ടോബർ 14 -ാം തീയതി.

ആഗസ്റ്റ് 30, ബുധനാഴ്ച്ച വൈകിട്ട് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഒത്തു ചേർന്നു ഫോമാ നടത്തിയ കോൺഫറൻസ് കോളിൽ ഈ വിഷയം ചർച്ച ചെയ്തു പെട്ടന്ന് തുടങ്ങിയ പ്രവർത്തനം വൻ വിജയത്തിലേക്കാണ് എത്തിയത്‌. ഹ്യൂസ്റ്റണിലെ ഫോമായുടെ ഏറ്റവും വലിയ അംഗ സംഘടനയായ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റണുമായി ചേർന്നു, ഫോമായുടെ സൗത്ത് ഈസ്റ്റ് റീജിയന്റെ (അറ്‌ലാന്റാ) ആർ.വി.പി. റെജി ചെറിയാന്റെ നേതൃത്വത്തിൽ സതേൺ റീജിയന്റെ ആർ.വി.പി ഹരി നമ്പൂതിരി, നാഷണൽ കമ്മറ്റി മെമ്പർമാരായ തോമസ് മാത്യൂ (ബാബു മുല്ലശേരി), ജെയ്സൺ വേണാട്ട് തുടങ്ങിയവരുമായി വോളന്റിയർ ടീം രൂപികരിച്ചു പ്രവർത്തനങ്ങൾ സജീവമാക്കിയതായിരുന്നു പ്രധാന പ്രവർത്തനം. കൂടാതെ സാമ്പത്തിക സഹായം ചെയ്യുവാൻ ആഗ്രഹിച്ചവർ ഫോമയുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയ www.fomaa.net/donate എന്ന ലിങ്കിൽ കൂടിയും അല്ലാതെയും ലഭിച്ച ധനസഹായമാണ് ഇപ്പോൾ കൈമാറുന്നത് എന്ന് ഫോമായുടെ ഹാർവി ദുരന്ത നിവാരണ പ്രതിനിധികൾ അറിയിച്ചു.

അമേരിക്കൻ മണ്ണിൽ ഉണ്ടായ ഒരു ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കു നൽകുന്ന ഈ സഹായം അമേരിക്കൻ മലയാളികളുടെ വളർത്തമ്മയോടുള്ള ആദരവ് കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here