യുഎന്‍:പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യന്‍ നിലപാട് അംഗീകരിച്ച് അമേരിക്ക. ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നവരോട് പൊറുക്കില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് വ്യക്തമാക്കി. പ്രതിരോധമന്ത്രി നിര്‍മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ഭീകരതയ്‌ക്കെതിരെ ഇരു രാജ്യങ്ങളുടേയും സംയുക്ത പ്രഖ്യാപനം. അതേസമയം, അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ സൈന്യത്തെ അയക്കില്ലെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.
പാക്കിസ്ഥാന്‍ ഭീകരര്‍ക്ക് താവളമൊരുക്കുന്നുവെന്ന യു.എന്നിലെ ഇന്ത്യയുടെ പ്രസ്താവനകളെ അംഗീകരിക്കുന്ന നിലപാടാണ് അമേരിക്കന്‍ പ്രതിനിധി ജെയിംസ് മാറ്റിസ് സ്വീകരിച്ചത്. ഭീകരതയെ ദേശീയ നയമായി ഉപയോഗിക്കുന്നവര്‍ക്കെതിരെ ഒരുമിച്ചു പോരാടുമെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. അതിര്‍ത്തികടന്നുള്ള ഭീകരവാദവും അത് മറ്റുള്ളവര്‍ക്ക് സൃ­ഷ്ടിക്കുന്ന ബുദ്ധിമുട്ടം പാക്കിസ്ഥാനെ ബോധ്യപ്പെടുത്തണമെന്ന് ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനില്‍ സൈന്യത്തെ അയക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച ഇന്ത്യ, അവിടെ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുമെന്നും വ്യക്തമാക്കി. ഭീകരത ലോകത്തിനു സൃഷ്ടിക്കുന്ന ഭീഷണി ഇരു രാജ്യങ്ങള്‍ക്കും ബോധ്യമുള്ളതാണെന്ന് ജെയിംസ് മാറ്റിസ് പറഞ്ഞു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥാനമേറ്റതിനു ശേഷം ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന യു.എസ് ഉന്നതതല ഉദ്യോഗസ്ഥനാണ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്.

 

LEAVE A REPLY

Please enter your comment!
Please enter your name here