തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങി രാജി വയ്‌ക്കേണ്ടി വന്ന മുന്‍ വ്യവസായ മന്ത്രി ഇ പി ജയരാജനെ വീണ്ടും മന്ത്രിയാക്കാന്‍ സാധ്യതയേറി. ജയരാജന്‍ കുറ്റക്കാരനല്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇനി അതുമായി ബന്ധപ്പെട്ട ചില നടപടിക്രമങ്ങള്‍ കൂടി മാത്രമേ അവശേഷിക്കുന്നുള്ളു. ജയരാജനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം സിപിഎം നേതൃതലത്തില്‍ എടുത്തുകഴിഞ്ഞതായാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇതിനു മുന്‍കൈയെടുക്കുന്നത്.

പിണറായിയുമായി വ്യക്തിപരമായി അടുപ്പമുള്ള മുതിര്‍ന്ന നേതാവും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായിട്ടും ആരോപണം നേരിട്ടപ്പോള്‍ രാജിവയ്പിച്ചത് മുഖ്യമന്ത്രിതന്നെയാണ്. കുറ്റവിമുക്തനായി തിരിച്ചുവരുമ്പോള്‍ അതേ മര്യാദ കാണിക്കണമെന്നാണ് പിണറായിയുടെ നിലപാട്.

ജയരാജനെ വ്യവസായ മന്ത്രിതന്നെയാക്കിയേക്കും. ഇപ്പോഴത്തെ വ്യവസായ മന്ത്രി എ സി മൊയ്തീന് പകരം ഏത് വകുപ്പു കൊടുക്കുമെന്ന തീരുമാനവും ഉടനുണ്ടാകും. ഒപ്പം, ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടായാല്‍ സിപിഎമ്മില്‍ നിന്ന് ഒരാളെക്കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നും അറിയുന്നു.

റാന്നി എംഎല്‍എ രാജു ഏബ്രഹാം, ഏറ്റുമാനൂര്‍ എംഎല്‍എ കെ സുരേഷ് കുറുപ്പ് എന്നിവരുടെ പേരുകളാണ് സജീവമായി കേള്‍ക്കുന്നത്. എന്‍സിപിക്ക് എ കെ ശശീന്ദ്രന്‍ മാത്രമാണ് തോമസ് ചാണ്ടിയെ കൂടാതെ എംഎല്‍എയുള്ളത്. ശശീന്ദ്രന്‍ ഫോണ്‍കെണിയില്‍പ്പെട്ട് രാജിവച്ചു പുറത്തിറങ്ങി നില്‍പ്പാണ്. അന്വേഷണം പൂര്‍ത്തിയായിട്ടുമില്ല. അതുകൊണ്ടാണ് സിപിഎം തന്നെ ഗതാഗത വകുപ്പ് ഏറ്റെടുക്കുന്നത്. ജയരാജന്‍ കൂടി വരുമ്പോഴും മന്ത്രിമാരുടെ എണ്ണം 20 മാത്രമേ ആവുകയുള്ളു. 21വരെയാകാം.

തോമസ് ചാണ്ടിയുടെ രാജി ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ സജീവമാണ്. എന്നാല്‍ അത് എത്രത്തോളം വിജയിക്കും എന്നതില്‍ സിപിഎമ്മിനും മുന്നണിക്കും സംശയമുണ്ട്. എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ എന്‍സിപിയിലെ ഒരു വിഭാഗം തന്നെ തോമസ് ചാണ്ടിയുടെ രാജിക്കു വേണ്ടി അണിയറയിലുണ്ട്. ശശീന്ദ്രനെ രാജിവയ്പിച്ച് മന്ത്രിയാകാന്‍ തോമസ് ചാണ്ടി ചരടുവലിച്ചതിന് പകരം വീട്ടാന്‍ ശശീന്ദ്രന്‍ പക്ഷത്തിനു കിട്ടിയ അവസരം കൂടിയായാണ് അവരിപ്പോഴത്തെ സാഹചര്യത്തെ കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here