ഒട്ടാവ: ഒട്ടാവയിലെ സെന്റ് സെന്റ് മദര്‍ തെരേസാ സീറോ മലബാര്‍ കത്തോലിക്കാ വിശ്വാസ സമൂഹം ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ മദര്‍ തെരേസായുടേയും, ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുനാള്‍ സെപ്റ്റംബര്‍ 24-നു ഞായറാഴ്ച ആഘോഷിച്ചു.

കാനഡയിലെ സീറോ മലബാര്‍ എക്‌സാര്‍ക്ക് അഭിവന്ദ്യ മാര്‍ ജോസ് കല്ലുവേലില്‍ പിതാവ് ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. അന്നേദിവസം വൈകുന്നേരം 4.30-നു പള്ളി അങ്കണത്തിലെത്തിയ അഭിവന്ദ്യ ജോസ് പിതാവിനെ കുട്ടികള്‍ റോസാ പുഷ്പങ്ങള്‍ നല്‍കി സ്‌നേഹപൂര്‍വ്വം വരവേറ്റു. തുടര്‍ന്നു നടന്ന വിശുദ്ധ മദര്‍ തെരാസായോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും ലദീഞ്ഞിനും വികാരി ഫാ. ബോബി മുട്ടത്തുവാളായില്‍ നേതൃത്വം നല്‍കി. അതിനുശേഷം അഭിവന്ദ്യ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ വികാരി ഫാ. ബോബി മുട്ടത്തുവാളായില്‍, ഫാ. ലിന്‍ഡ്‌സെയ് ഹാരിസണ്‍ എന്നിവര്‍ സഹകാര്‍മികരായി. വിശുദ്ധ കുര്‍ബാനയുടെ ആരംഭത്തില്‍ ഇടവകയിലെ കുട്ടികളും മാതാപിതാക്കളും കാഴ്ചവസ്തുക്കള്‍ സമര്‍പ്പിക്കുകയും, അഭിവന്ദ്യ ജോസ് പിതാവ് ഏറ്റുവാങ്ങുകയും ചെയ്തു. കുടുംബങ്ങളും ഇടവകയാകുന്ന വലിയ കുടുംബവും സ്‌നേഹത്തിലും ഐക്യത്തിലും ജീവിക്കേണ്ടതിന്റെ ആവശ്യകത വചനശുശ്രൂഷയില്‍ ജോസ് പിതാവ് ഊന്നിപ്പറഞ്ഞു.

വിശുദ്ധ മദര്‍ തെരേസായുടെ തിരുശേഷിപ്പും തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും അതിനുശേഷം നടന്ന തിരുശേഷിപ്പ് വന്ദനവും ഒട്ടാവയിലെ ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസത്തെ വിളിച്ചോതുന്നതായിരുന്നു. വിശുദ്ധ സെബസ്ത്യാനോസിനോടുള്ള വണക്കസൂചകമായ അമ്പ് എല്ലാ കുടുംബ യൂണീറ്റുകളില്‍ നിന്നും തിരികെ പള്ളിയില്‍ സ്വീകരിച്ചു. തിരുനാള്‍ ആഘോഷങ്ങളുടെ അവസാനമായി ഒരുക്കിയ സ്‌നേഹവിരുന്നില്‍ എല്ലാവിശ്വാസികളും പങ്കുചേര്‍ന്നു. തങ്ങളുടെ ഇടവക മദ്ധ്യസ്ഥയുടെ പ്രഥമ തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ച നിര്‍വൃതിയില്‍ വിശ്വാസ സമൂഹം സ്വഭവനങ്ങളിലേക്ക് മടങ്ങി.

വികാരി ഫാ. ബോബി മുട്ടത്തുവാളായില്‍, കൈക്കാരന്‍ ജേക്കബ് ജയിംസ് എന്നിവര്‍ ഉള്‍ക്കൊള്ളുന്ന പാരീഷ് കൗണ്‍സില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.syromalabarottawa.ca
ഫേസ്ബുക്ക് പേജ്: https://www.facebook.com/ottawasyromalabar/

LEAVE A REPLY

Please enter your comment!
Please enter your name here