തിരുവനന്തപുരം: ക്ഷേത്രദര്‍ശന വിവാദത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ എതിരെ സംഘടനാനടപടി ഇല്ല . കടകംപള്ളിയുടെ വിശദീകരണം സിപിഎം നേതൃത്വം അംഗീകരിച്ചു . ഇത്തരം വിഷയങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. കടകംപള്ളി സുരേന്ദ്രന് ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം സംസ്ഥാനസമിതി വിലയിരുത്തി. സി.പി.എമ്മുകാരായ മുന്‍ ദേവസ്വം മന്ത്രിമാരുടെ മാതൃക കടകംപള്ളി പിന്തുടരണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. വിവാദം ഒഴിവാക്കാന്‍ സൂക്ഷ്മത കാണിക്കാനായില്ലെന്ന് മന്ത്രി സ്വയംവിമര്‍ശനം നടത്തി.

സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ കടകംപള്ളിക്കെതിരായ വിമര്‍ശനം ഇടംപിടിച്ചിരുന്നു. ദേവസ്വംമന്ത്രിയെന്ന നിലയില്‍ ക്ഷേത്രം സന്ദര്‍ശിച്ചതില്‍ തെറ്റില്ല. എന്നാല്‍ ദര്‍ശനവും വഴിപാടും വിമര്‍ശനത്തിന് ഇടയാക്കിയെന്ന് കോടിയേരി പറഞ്ഞു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ഭൂരിപക്ഷംപേരും മന്ത്രി കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.

പാര്‍ട്ടിക്ക് മുമ്പും ദേവസ്വം മന്ത്രിമാര്‍ ഉണ്ടായിട്ടുണ്ട്. അവരൊക്കെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുമുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള വിവാദങ്ങള്‍ക്ക് അവസരം കൊടുത്തിട്ടില്ല. ഈ മാതൃക കടകംപളളിയും പിന്തുടരണമെന്നായിരുന്നു ആവശ്യമുയര്‍ന്നത്. ക്ഷേത്രത്തില്‍ പോയപ്പോള്‍ അവിടെയുള്ള ആചാരമര്യാദകള്‍ പാലിക്കുകയാണ് ചെയ്തതെന്ന് കടകംപള്ളി വിശദീകരിച്ചു. വിവാദമുണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here