ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ “പൂമരം “ഷോ 2017  വേദികളിൽ നിന്ന് വേദികളിലേക്ക് ജൈത്രയാത്ര തുടരുമ്പോൾ കാണികൾ എന്നും മനസിൽ സൂക്ഷിക്കുന്ന മുഖമാണ് രാജേഷ് ചേർത്തലയുടേത് . വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ അമേരിക്കയിൽ അവതരിപ്പിക്കുന്ന  എറ്റവും മികച്ച സ്റ്റേജ് ഷോയിലെ മിന്നും താരം.

പുല്ലാങ്കുഴലിൽ അത്ഭുതം സൃഷ്ട്ടിക്കുന്ന  ഈ  കലാകാരൻ ഇതിനോടകം അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട കലാകാരനായി മാറിക്കഴിഞ്ഞു. രാജേഷിന്റെ കഥ കേട്ട് പഴകിയ  കലാകാരന്മാരുടെ കഥയല്ല,മറിച്ചു  അതൊരു വലിയ കഥയാണ് .

കഷ്‌ടിച്ചു മൂന്നോ നാലോ ഹിറ്റ് ഗാനങ്ങളുടെ ട്യൂൺ വായിക്കാറായാൽ ഏതാണ്ടെല്ലാ ഉപകരണസംഗീത വിദ്യാർഥികൾക്കും തോന്നും ഒരുതരം അഹങ്കാരം. അത് രാജേഷിനും തോന്നി.ചെറുപ്പത്തിൽ ഒരു മാഷിന്റടുത്തു പുല്ലാംകുഴൽ പഠിക്കുവാൻ പോയി .കുറച്ചു പാട്ടുകൾ വായിക്കാൻ പഠിച്ചു.അതോടെ എല്ലാം ആയി എന്ന് വിചാരിച്ചു  പഠിപ്പുനിർത്തി.  ഗുരുവിനോടു സലാംപറഞ്ഞു പോന്നു. അറിവില്ലാത്തതിനാൽ ഒരു പേടിയുമില്ലാതെ ഗാനമേളകൾക്കു സ്റ്റേജിൽ കയറി. ധൈര്യമായി പുല്ലാങ്കുഴൽ വായിച്ചു. ആളുകൾ കൈയടിക്കുകയും ചെയ്തു. ഒരിക്കൽ ആ കൂട്ടത്തിൽ പഴയ ഗുരുവുമുണ്ടായിരുന്നു. അദ്ദേഹം വീണ്ടും വീട്ടിലേക്കു വിളിപ്പിച്ചു കുറച്ചു വർണ്ണം കൂടി പഠിപ്പിച്ചു .

പിന്നീടാണ്  പുല്ലാങ്കുഴൽ കൂടുതൽ ഗൗരവമായി പഠിക്കണമെന്നു വീണ്ടും രാജേഷിനു തോന്നുന്നത്. ഏറെ ആഗ്രഹിച്ച പ്രശസ്തനായൊരു ഗുരുവിനെ സമീപിച്ച് കാര്യം പറഞ്ഞു. ഉത്തരേന്ത്യയിൽ ചെന്നുകണ്ട് ദക്ഷിണവച്ചു. അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് ആദ്യ ക്ലാസുകൾ എടുത്തത്. അവർ പറഞ്ഞുകൊടുത്ത പാഠങ്ങൾ വായിക്കാൻ ആവതും ശ്രമിച്ചുനോക്കി. ഒരു രക്ഷയുമില്ല.ഒട്ടും വഴങ്ങുന്നില്ല പാഠങ്ങൾ. പിന്നെ ആ ഗുരുസന്നിധിയിൽ നിൽക്കാനുള്ള മാനസികാവസ്‌ഥയുണ്ടായിരുന്നില്ല. ബുക്ക് ചെയ്ത ട്രെയിനിനു കാത്തുനിൽക്കാതെ മൂന്നാംനാൾ കിട്ടിയ വണ്ടികയറി നാട്ടിലേക്കു മടങ്ങി. പുല്ലാങ്കുഴൽ വായന നിർത്താം., വേറെ എന്തെങ്കിലും പണി നോക്കാം എന്നായിരുന്നു രാജേഷിന്റെ മനസിലപ്പോൾ. എന്നാൽ അധികം വൈകാതെ രാജേഷ് വീണ്ടും ആ ഗുരുവിന്റെ മുന്നിലെത്തി. ദൈവാനുഗ്രഹത്താലെന്നവണ്ണം പഠനം തുടർന്നു. 

ഈ രണ്ടു ഗുരുനാഥന്മാരാണ് രാജേഷ് ചേർത്തല എന്ന  പുല്ലാങ്കുഴൽ വാദകന്റെ ജീവിതത്തിൽ വഴിത്തിരിവുകളുണ്ടാക്കിയത്. ആദ്യത്തെയാൾ കൊച്ചിയിൽ  ക്ലാസ് എന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിച്ചിരുന്ന ബ്രൈറ്റ് മാഷായിരുന്നു. ആദ്യം കൈപിടിച്ചു നടത്തിയ ഗുരു. അദ്ദേഹം ഇന്നില്ല. രണ്ടാമത്തെ ഗുരു നാഥൻ ആകട്ടെ ലോകമറിയുന്ന  സാക്ഷാൽ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ.രാജേഷിനെ നമുക്കൊക്കെ ഇഷ്ടപ്പെടുന്ന രാജേഷ് ആക്കിയ  ഗുരു.എറണാകുളത്ത് ഒരു പരിപാടിക്കെത്തിയപ്പോഴാണ് പണ്ഡിറ്റ് ചൗരസ്യയെ പുല്ലാങ്കുഴൽ പഠിക്കാനുള്ള ആഗ്രഹവുമായി രാജേഷ് ചെന്നുകണ്ടത്. മുംബൈക്ക് വരാൻ പറഞ്ഞു.ചെന്നപ്പോൾ അദ്ദേഹം വിദേശ പര്യടനത്തിലും.പിന്നീട് പണ്ഡിറ്റ് ചൗരസ്യയുടെതന്നെ ഭുവനേശ്വറിലെ വൃന്ദാവൻ ഗുരുകുലത്തിലാണ് പഠനം തുടർന്നത്. 

ഒരിക്കൽ ഗുരുജി രാജേഷിനോദ് പറഞ്ഞു .“നിനക്ക് സിദ്ധിയുണ്ട്” എന്ന്.

സോളോ സ്റ്റേജ് പ്രോഗ്രാമുകളും ഫ്യൂഷൻ സംഗീതവിരുന്നും യുട്യൂബ് ചാനലുമൊക്കെയായി തിരക്കിന്റെ ലോകത്താണിപ്പോൾ. കുഞ്ഞുനാളിൽ വായ്പ്പാട്ടു പഠിപ്പിച്ച കരുവാ മോഹനൻ, പുല്ലാങ്കുഴൽ പഠിപ്പിച്ച മായിത്തറ പത്മനാഭൻ ഭാഗവതർ, ഹാർമോണിയം പഠിപ്പിച്ച തിരുവിഴ സേവിയർ എന്നീ ഗുരുക്കന്മാരെയും കണ്ണങ്കര സെന്റ് മാത്യൂസ് ഹൈസ്കൂൾ, ചേർത്തല എസ്.എൻ കോളജ് എന്നിവിടങ്ങളിലെ അധ്യാപകരെയും സഹപാഠികളെയും രാജേഷ് സ്നേഹപൂർവം സ്മരിക്കുന്നു .

ജാസി ഗിഫ്റ്റിന്റെ റെയ്ൻ റെയ്ൻ കം എഗെയ്ൻ എന്ന ചിത്രത്തിലൂടെയാണ് രാജേഷ് ചേർത്തല സിനിമാരംഗത്ത് എത്തിയത്. ആദ്യ റെക്കോർഡിംഗിനു പോയപ്പോൾ കൈയിലുള്ളത് കുട്ടികൾ കളിക്കുന്നതുപോലുള്ള പുല്ലാങ്കുഴൽ– നാട്ടിലെ കടയിൽനിന്ന് 20 രൂപയ്ക്കു വാങ്ങിയത്. ‘അതുവച്ച് എങ്ങനെ ശ്രുതിചേർത്തു വായിച്ചു എന്ന് ഇപ്പോഴും രാജേഷിനു അറിയില്ല .  ആലപ്പി വിധു മാസ്റ്ററുടെ സംഗീതത്തിൽ ആദ്യമായി സ്റ്റുഡിയോ റെക്കോർഡിംഗിനു പോയപ്പോഴും സ്വന്തമായി നല്ല പുല്ലാങ്കുഴൽ ഇല്ലായിരുന്നു. വയലിനിസ്റ്റ് തിരുവിഴ ഉല്ലാസിന്റെ ക്ഷണമനുസരിച്ച് കൊച്ചിയിൽ ആബേലച്ചന്റെ സ്റ്റുഡിയോയിൽ റെക്കോർഡിംഗിനു പോകണം. ഇടക്കാലത്ത് അധ്യാപകനായിരുന്ന വാരനാട് സുഭാഷാണ് അന്ന് സഹായവുമായെത്തിയത്. സ്വന്തം പരിപാടിക്കു വേറെ ഉപകരണം സംഘടിപ്പിക്കാമെന്നു പറഞ്ഞ് വിവിധ സ്കെയിലുകളിലുള്ള 25 ഓടക്കുഴലുകളുടെ  സെറ്റാണ് അന്ന് സുഭാഷ് രാജേഷിനു നൽകിയത് .

ഇപ്പോൾ ഏതാണ്ട് ഒരു ലക്ഷം രൂപയുള്ള പുല്ലാങ്കുഴൽ സെറ്റുണ്ട് രാജേഷിന്റെ കൈവശം. ഒപ്പം സാക്സഫോൺ, വിൻഡ് മിഡി കൺട്രോളർ തുടങ്ങിയ ഉപകരണങ്ങളും. സംഗീതസംവിധായകരുടെ പ്രിയതാരമാണ് രാജേഷ് ഇന്ന്. ഇരുനൂറിലേറെ സിനിമാഗാനങ്ങളുടെ പിന്നണിയിൽ വായിച്ചു. 

ഗുരുക്കന്മാരില്ലെങ്കിൽ ഞാൻ ആരുമല്ല -എന്ന വിനയംനിറഞ്ഞ തിരിച്ചറിവാണ് രാജേഷിനെ നമുക്കെല്ലാം പ്രിയങ്കരനാക്കുന്നത് .ഓരോ വേദികളിൽ നിന്നും അടുത്ത വേദികളിലേക്ക് രാജേഷ് പോകുമ്പോൾ കാണികൾ അത്ഭുതപ്പെടുന്നു.ഈ ചെറുപ്പക്കാരൻ തീർത്ത മായിക പ്രപഞ്ചത്തെ ഓർത്ത് .ഒക്ടോബർ പതിനാലിനും ഇരുപതിനും നെയോർക്കിലെ മലയാളികൾക്ക് മുൻപിൽ അദ്ദേഹത്തിന്റെ അവിസ്മരണീയമായ പ്രകടനം  നമുക്ക് കാണാം.

തണ്ണീർമുക്കം മുട്ടത്തിപ്പറമ്പിൽ ദാസപ്പൻ– നിർമല ദമ്പതികളുടെ മകനായ രാജേഷ് ഭാര്യ രാജിക്കും മക്കളായ അമല, അമൃത എന്നിവർക്കുമൊപ്പം കൊച്ചി കലൂരിലാണ് താമസം. 

2 COMMENTS

Leave a Reply to karen leigh Cancel reply

Please enter your comment!
Please enter your name here