കോഴിക്കോട്: ഒക്ടോബര്‍ മൂന്ന് മുതല്‍ ഒരു മാസം സംസ്ഥാനത്ത് നടപ്പിലാക്കുന്ന മീസില്‍സ് റൂബെല്ലാ വാക്‌സിനേഷന്‍ ക്യാമ്പെയിനെതിരെ നവ മാധ്യമങ്ങളിലൂടെ പ്രചരണം വ്യാപകമാവുന്നു. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നും 2020ഓടെ രോഗം നിര്‍മാര്‍ജനം ചെയ്യാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ക്യാമ്പയിനില്‍ പങ്കാളികളാകണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
വൈറസ് പടര്‍ത്തുന്ന രോഗങ്ങളാണ് അഞ്ചാംപനി അഥവാ മീസില്‍സ്, റൂബെല്ല എന്നിവ. ഇവ വായുവിലൂടെയാണ് പകരുന്നത്. ലോകത്ത് ആകെ ഈ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ 38 ശതമാനവും ഇന്ത്യയിലാണ്. അര ലക്ഷത്തിലധികം പേര്‍ ഈ രോഗം ബാധിച്ച് പ്രതിവര്‍ഷം ഇന്ത്യയില്‍ മരിക്കുന്നു. ഇതിന്റെ നിര്‍മാര്‍ജ്ജനം ലക്ഷ്യമിട്ടാണ് ഒന്‍പത് മാസം മുതല്‍ 15 വയസ്സ് വരെയുള്ള മുഴുവന്‍ കുട്ടികളെയും വാക്‌സിനേഷന് വിധേയമാക്കുന്നതിനുള്ള ക്യാമ്പയിന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്.
എന്നാല്‍ ഇതിനെതിരെ നവമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ പറയുന്നു. വാക്‌സിന്‍ എടുത്തുകഴിഞ്ഞാല്‍ കുറച്ച് ദിവസത്തേക്ക് കുട്ടികളിലും മറ്റും പനി പോലുള്ള ചില അസ്വസ്ഥതകള്‍ സ്വാഭാവികമാണ്.
76 ലക്ഷം കുട്ടികളെയാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്. 95 ശതമാനത്തില്‍ അധികം പേര്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ ക്യാമ്പയിന്‍ വിജയിച്ചു എന്ന് വിലയിരുത്താനാകും. അങ്ങനെയെങ്കില്‍ 2020ഓടെ രോഗ നിര്‍മാര്‍ജനം നടക്കും. സ്‌കൂളുകള്‍, അംഗന്‍വാടികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയിലൂടെയാണ് വാക്‌സിനേഷന്‍ നല്‍കുക.

LEAVE A REPLY

Please enter your comment!
Please enter your name here