എം. ആർ. ജയഗീത

മെല്ലിച്ചതാണെ, ന്നതാകിലും-
മിന്നൊട്ടുമില്ലില്ല,
തെല്ലുമേന്യൂനത –
നിന്നുടെ ശക്തിയിൽ !
കുഞ്ഞിളം പുഞ്ചിരിപ്പൂവിതൾ തോല്ക്കുമാ –
ഹൃദ്യമാം നിന്മുഖംതന്നിലെപ്പൊൻചിരി-
ചൊല്ലുന്നു –
തോറ്റുകൊടുക്കുവാനാകാത്ത
മുൻനിരപ്പോരാളിതന്നെനീ –
ഇന്നിന്റെ മുന്നിലും !
അർദ്ധമീ നഗ്നത –
പൂർണമാ, മാശയച്ചർക്കയിൽ
നൂർത്തതാം ആടയാൽ മൂടിനീ..
അർഥമെല്ലാം പകർന്നെല്ലാർക്കുമാ,
അർദ്ധരാത്രിയിൽ സ്വാതന്ത്ര്യ-
സത്പിതാവായിതോ!
കെട്ടകാലത്തിന്റെ കെട്ടുപൊട്ടിച്ചെറി –
ഞ്ഞൊക്കെയും –
ഞങ്ങൾക്ക് ശക്തിയേകീലയോ !
കൊല്ലുവാനാകില്ലൊരിക്കലും; നല്ലൊരാ –
നന്മതൻ നെഞ്ചു തകർക്കുവാനാകുമോ ?!
പൊട്ടില്ല തോക്കിന്റെ തൊണ്ടയിൽ –
ഒച്ചകൾ പൊട്ടിക്കയില്ലയീ-
യാദർശ നെഞ്ചകം !
അമ്പലം, പള്ളികൾ, മസ്ജിദുകൾ,
ഗുരുദ്വാരകൾ എന്നിവയ്ക്കുള്ളിലോ ദൈവങ്ങൾ ?
അല്ലല്ല ;നീ ചൊല്ലുമാർത്തരാം മർത്യന്റെ
മൺകുടിൽ തന്നിതിന്നുള്ളിലല്ലേ അവർ !
പട്ടിണിപ്പാവങ്ങളന്യരാൽ –
ദു:ഖപ്പെടുന്നവരൊക്കെയും നിന്നുടൽ- ദൈവമായ്ക്കാണുന്നു !
ഗ്രാമങ്ങളുള്ളു തുറക്കുന്നു
നീയതിൽ-
കാണുന്നതില്ലയോ
കണ്ണുനീർച്ചേരികൾ !
ഉള്ളുലച്ചീടുമാ പെൺവിളിത്തേങ്ങലായ്-
കാറ്റൊന്നു വീശുന്നു ;
ഉഷ്ണം തിളക്കുന്നു!!
ചിത്രങ്ങളിൽ ചുവർ താങ്ങുന്നു,
താങ്ങുവാനാകാത്ത വേദനപ്പെട്ടനിൻ-
ചിത്രത്തെ !
പാതയോരങ്ങളിൽ രോദനക്കാക്കകൾ –
വിശ്രമിച്ചീടുന്നു
നിൻ ചുമൽശിൽപ്പത്തിൽ !
ചുണ്ടിലെപ്പുഞ്ചിരി, ക്കണ്ണുനീരാവുന്നു
കെട്ടൊരാക്കാലമാക്കാതിൽ കലമ്പുന്നു !
സത്യസ്സഹനങ്ങൾ മിഥ്യയാകുന്നുവോ !
സത്‌വാക്കതൊക്കെയും
കാറ്റിൽ പറന്നുവോ !
പാടില്ലയൊട്ടുമേ ഈ നിൽപ്പ്‌നിൽക്കുവാൻ-
സഹന ശില്പങ്ങളായ് ;
സങ്കടച്ചിത്രമായ് !
തീർച്ച! നീ ജന്മമെടുക്കുമീക്കാലത്തിൽ –
ഒന്നല്ല, നീയിന്നുയിർക്കൊണ്ടു വന്നിടും –
എണ്ണുവാനാകാത്ത മാനുജന്മാരുടെ
ഹൃത്തിതിൽ –
ആശയപ്പൈതലായ് –
വീണ്ടുമേ !!

LEAVE A REPLY

Please enter your comment!
Please enter your name here