എഡ്മന്റണ്‍: ഒരു പോലീസ് ഓഫീസറെ കുത്തി പരിക്കേല്‍പിക്കുകയും, നാലു കാല്‍നട യാത്രക്കാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പിക്കുകയും ചെയ്ത ഭീകരനെ പോലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച രാത്രി എഡ്മന്റണില്‍ രണ്ടിടത്തായിട്ടാണ് സംഭവങ്ങളുണ്ടായത്. ഒരു ഭീകരന്‍ തന്നെയാണ് രണ്ടിടത്തും ഉള്‍പ്പെട്ടിരുന്നത്.

കനേഡിയന്‍ ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ നടന്നിരുന്ന ആല്‍ബര്‍ട്ടയിലെ കോമണ്‍വെല്‍ത്ത് സ്റ്റേഡിയത്തിനു പുറത്ത് ഗതാഗതം നിയന്ത്രിച്ചിരുന്ന പോലീസ് ഓഫീസറെ അമത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചിടുകയായിരുന്നു. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഭീകരന്‍ പിന്നീട് കത്തി ഉപയോഗിച്ച് പോലീസ് ഓഫീസറെ കുത്തി. സംഭവ സ്ഥലത്തു നിന്ന് ഇയാള്‍ തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഭീകരന്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് ഐ.എസ് പതാക കണ്ടെടുത്തു. പോലീസ് ഓഫീസറുടെ പരിക്ക് മാരകമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

പാതിരാത്രി കഴിഞ്ഞ സമത്ത് ഒരു യു ഹാള്‍ വാടക വാന്‍ ചെക്ക് പോയിന്റില്‍ നിറുത്തി പരിശോധിക്കുന്ന സമയത്ത് ഡ്രൈവര്‍ തങ്ങള്‍ അന്വേഷിക്കുന്ന വ്യക്തിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞുവെന്ന് മനസിലായതോടെ വാഹനം വെട്ടിച്ച് കടന്നു കളയാന്‍ ശ്രമിക്കുകയായിരുന്നു. ഡൗണ്‍ടൗണിലേക്ക് വാഹനം അമിത വേഗത്തില്‍ ഓടിക്കുന്നതിനിടെ വഴിയാത്രക്കാരെ ഇടിച്ചിടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. നാലു പേര്‍ക്ക് ഈ സമയത്താണ് പരിക്കേറ്റത്. പോലീസ് ചെയ്‌സ് ചെയ്തതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് വാന്‍ മറിയുകയായിരുന്നു. പോലീസ് വാന്‍ ഡ്രൈവറെ ഉടന്‍ തന്നെ കീഴപ്പെടുത്തി. രണ്ടു സംഭവങ്ങളും ഭീകരാക്രമണമാണെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. വെറുപ്പു വളര്‍ത്താനുള്ള അവസരമായി ഇത് മാറാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഒരാളെ തനിയെ നടത്തിയ ആക്രമണിതെന്ന് കരുതുന്നുവെങ്കിലും മറ്റാര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് എഡ്മന്റണ്‍ പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here