തിരുവനന്തപുരം: ബിജെപി അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരില്‍ ജനരക്ഷായാത്രയ്ക്ക് എത്താനിരിക്കേ ബിജെപി നേതൃത്വവും കേരളത്തിലെ സിപിഎം നേതൃത്വവും തമ്മില്‍ കനത്ത വാക്‌പോര്. കേരളത്തിലെ സിപിഎം നക്‌സലുകളെപ്പോലെ ആക്രമണം നടത്തുകയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ആരോപിച്ചു. ജാവ!ഡേക്കറിന് അജ്ഞതയും ആര്‍എസ്എസിന് നിരാശയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരിച്ചടിച്ചു.

സിപിഎം ശക്തികേന്ദ്രമായ പയ്യന്നൂരില്‍ നാളെ രാവിലെ പത്തിനാണ് അമിത് ഷാ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്യുന്നത്. നിരോധനം ഏര്‍പ്പെടുത്തിയുംമറ്റും യാത്രയ്ക്ക് അനാവശ്യ ശ്രദ്ധനേടിക്കൊടുക്കേണ്ട എന്ന നിലപാടിലാണ് സിപിഎം നേതൃത്വം. അത് തിരിച്ചറിഞ്ഞാണ് സിപിഎമ്മിനെതിരെ ബിജെപി ആര്‍എസ്എസ് നേതാക്കള്‍ കടന്നാക്രമണം തുടങ്ങിയത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ജിഹാദി പ്രയോഗത്തിലൂടെ തുടക്കമിട്ട വാക്‌പോര് ഇന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ഏറ്റെടുത്തു.

ജാവഡേക്കറിന്റെ പ്രസ്താവന വിവരക്കേടാണെന്ന് കോടിയേരി തിരിച്ചടിച്ചു. ആര്‍എസ്എസ് അജണ്ട കേരളത്തില്‍ നടപ്പാവില്ലെന്ന തിരിച്ചറിവില്‍ നിന്നുണ്ടായ നിരാശമൂലം സംഘപരിവാര്‍ നേതാക്കള്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. പയ്യന്നൂരിലെ ഉദ്ഘാടനച്ചടങ്ങിനുശേഷം അമിത് ഷായ എട്ടുകിലോമീറ്റര്‍ ദൂരം പദയാത്രയില്‍ പങ്കെടുക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here