ആശുപത്രികളുടെ കാര്യത്തില്‍ കേരളം യുപിയെ കണ്ടുപഠിക്കണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയോടെ, ഒരുകാര്യം വ്യക്തമായിരിക്കുന്നു. കേരളത്തെക്കുറിച്ച് ബിജെപിയുടെ ദേശീയ നേതാക്കൾക്ക് കാര്യമായൊന്നും അറിയില്ല. കേരളത്തിലെ നേതാക്കൾ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്ന ചില നുണകളല്ലാതെ. നാടിന്റെ ചരിത്രമോ ഭൂമിശാസ്ത്രമോ വികസനനേട്ടങ്ങളോ ആദിത്യനാഥിനും അനുയായികൾക്കും അറിയില്ലായിരിക്കാം. എന്നാൽ ഇവിടെ കാര്യം മറിച്ചാണ്. യുപി എന്താണെന്ന് കേരളീയർക്കു നന്നായി അറിയാം.

ഇന്ത്യയിൽ ശിശുമരണനിരക്ക് ഏറ്റവും കൂടിയ സംസ്ഥാനമാണ് ഉത്തർപ്രദേശ്. ആയിരത്തിന് 50 എന്നാണ് അവിടെ കണക്ക്. കേരളത്തിൽ അത് 12 ആണ്. 2015ലെ റൂറൽ ഹെൽത്ത് സ്റ്റാറ്റിറ്റിക്സ് അനുസരിച്ച് 15 വർഷത്തിനുള്ളിൽ ജനസംഖ്യ 25 ശതമാനം വർദ്ധിച്ചപ്പോൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എട്ടു ശതമാനത്തോളം കുറയുകയാണ് ചെയ്തത്.

യുപിയിൽ ആയിരം ജനനങ്ങളിൽ അഞ്ചു വയസിനു മുമ്പു മരിക്കുന്നത് 64 പേരാണ്. 35 പേർ ഒരു മാസത്തിനുള്ളിലും. 50 പേർ ഒരു വർഷം തികയ്ക്കുന്നില്ല. അതിജീവിക്കുന്നവരിൽ വളർച്ച മുരടിക്കുന്നവരുടെ എണ്ണം 50.4 ശതമാനമാണ്. യുപിയിലെ നവജാതശിശുക്കളുടെ അതിജീവനശേഷി ബീഹാറിനേക്കാൾ നാലു വർഷവും ഹരിയാനയെക്കാൾ അഞ്ചുവർഷവും ഹിമാചൽ പ്രദേശിനേക്കാൾ ഏഴു വർഷവും കുറവാണ്. മാതൃമരണനിരക്കിലാകട്ടെ ഇന്ത്യയിൽ രണ്ടാം സ്ഥാനത്താണ് യുപി. 62 ശതമാനം ഗർഭിണികൾക്കും മിനിമം ഗർഭശുശ്രൂഷ പോലും ലഭിക്കുന്നില്ല.

ഇങ്ങനെയൊരു സംസ്ഥാനത്തെ കണ്ടുപഠിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആഹ്വാനം ചെയ്യുന്നുവെങ്കിൽ കേരളത്തെക്കുറിച്ച് അദ്ദേഹത്തിന് ഒന്നുമറിയില്ല എന്നാണർത്ഥം. അല്ലെങ്കിൽ തൊലിക്കട്ടി അപാരമാണ്. വെറുമൊരു ബിജെപി നേതാവെന്ന നിലയിൽ ആദിത്യനാഥ് ഇങ്ങനെയൊക്കെ പറയുന്നത് നമുക്കു മനസിലാക്കാം. പക്ഷേ, മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ ആ പദവിയുടെ അന്തസു കാണിക്കണം.

ആദിത്യനാഥിന്റെ ഭരണശേഷി വിശകലനം ചെയ്തുകൊണ്ട് മാധ്യമപ്രവർത്തകനായ സ്വാതി ചതുർവേദി കഴിഞ്ഞ മാസം എൻഡിടിവിയിൽ ഒരു ലേഖനമെഴുതിയിരുന്നു. മാനവവിഭശേഷി സൂചികയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനമായ ഉത്തർപ്രദേശിന് ആദിത്യനാഥിന്റെ ഭരണത്തിൻകീഴിൽ അഭിമാനിക്കാൻ ഒരു നേട്ടവുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തകർന്നു തരിപ്പണമായ ക്രമസമാധാന നില, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, താറുമാറായ വൈദ്യുത വിതരണ സംവിധാനം, കുടിവെള്ള ദൌർലഭ്യം, പെരുകുന്ന കർഷകപ്രശ്നങ്ങൾ എന്നിങ്ങനെ നീളുന്നു, ഭരണനൈപുണ്യത്തിന്റെ സാക്ഷ്യപത്രം. ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിലെ മുഖ്യവാഗ്ദാനമായിരുന്ന കർഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനെക്കുറിച്ചു സംസാരിക്കാൻ ചെന്ന മുതിർന്ന ഐഎഎസുകാരന്റെ അനുഭവവും ആ കുറിപ്പിൽ ഉദ്ധരിച്ചിട്ടുണ്ട്. സംസാരത്തിൽ യാതൊരു താൽപര്യവും കാണിക്കാതെ രുദ്രാക്ഷമാല നൽകി ഉദ്യോഗസ്ഥനെ ഒഴിവാക്കിയത്രേ.

ഏതായാലും കേരളത്തിലെത്തിയ സ്ഥിതിയ്ക്ക് അദ്ദേഹം കുറച്ചു ദിവസം സംസ്ഥാനത്തിന്റെ അതിഥിയായി ഇവിടെ താമസിക്കണം. ആശുപത്രികളും സ്കൂളുകളും സന്ദർശിക്കണം. ആരോഗ്യസംവിധാനത്തെക്കുറിച്ചു പഠിക്കണം. യുപിയിലെ ജനങ്ങൾക്ക് അതുകൊണ്ട് നല്ലതേ വരൂ…

LEAVE A REPLY

Please enter your comment!
Please enter your name here