ഫിലഡല്‍ഫിയ: വടക്കേ അമേരിക്കയിലെ ചാരിറ്റി സംഘടനകളിലൊന്നായ കോട്ടയം അസോസിയേഷന്‍ ഹാര്‍വി ദുരന്തത്തിന്റെ ഇരകളായ ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികള്‍ക്ക് ആശ്വാസത്തിന്റെ സഹായ ഹസ്തവുമായി സെപ്റ്റംബര്‍ 15 ന് ഇതര സംഘടനകളും മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ പ്രവര്‍ത്തകരും സംയുക്തമായി നടത്തിയ ഹൃസ്വമായ ചടങ്ങില്‍ വച്ച് കോട്ടയം അസോസിയേഷന്‍ പ്രതിനിധികള്‍ സഹായധനം നല്‍കുകയുണ്ടായി.

മറ്റു സംഘടനകള്‍ക്കു മാതൃകയായി കഴിഞ്ഞ ഒന്നര ദശാബ്ദത്തിലധികമായി അക്ഷരനഗരിയില്‍ നിന്നും സാഹോദരീയ നഗരത്തില്‍ കുടിയേറി പാര്‍ക്കുന്നവരുടെ ചാരിറ്റി സംഘടനയായ കോട്ടയം അസോസിയേഷന്റെ നാളിതുവരെയുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പ്രാവശ്യം സമൂഹത്തിലെ പ്രമുഖ വ്യക്തികളുടെ പ്രശംസകള്‍ക്ക് അര്‍ഹമായിട്ടുണ്ട്. ഭവന രഹിതരായവര്‍ക്ക് ഭവനം, ഭവനങ്ങളുടെ കാര്യമായ അറ്റകുറ്റപണികള്‍ ചെയ്ത് കൊടുക്കുക, നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിനുള്ള സഹായങ്ങള്‍ എത്തിക്കുക, രോഗികള്‍ക്ക് വൈദ്യസഹായം തുടങ്ങിയ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനോടകം തന്നെ നേതൃത്വം നല്‍കുകയുണ്ടായി. എന്നാല്‍ ഈയടുത്ത കാലത്ത് കോട്ടയം അസോസിയേഷന്‍ നേതൃത്വം നല്‍കി വമ്പിച്ച വിജയം നേടിയ ധനശേഖരണ പദ്ധതിയില്‍ ലഭിച്ച മുഴുവന്‍ തുകയും ആദ്യമായി അമേരിക്കയിലും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹാര്‍വി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.

കോട്ടയം അസോസിയേഷന്റെ പ്രതിനിധികള്‍ ഹൂസ്റ്റണിലെ വെള്ളപൊക്ക ദുരിതാബാധിത പ്രദേശങ്ങള്‍, ഇതര സംഘടനകളുടെ ഭാരവാഹികളുമായി നേരിട്ട് സന്ദര്‍ശിക്കുകയും തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ വച്ച് ധനസഹായം കൈമാറുകയും ചെയ്യുകയുണ്ടായി. ഈ സമൂഹം തങ്ങളിലര്‍പ്പിച്ച വിശ്വാസം പരിപൂര്‍ണ ഉത്തരവാദിത്വമനോഭാവത്തില്‍ തന്നെ അഭംഗുരം തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും സമൂഹത്തിലെ അവശതയനുഭവിക്കുന്ന നിരാലംബര്‍ക്കായി കോട്ടയം അസോസിയേഷന്‍ എക്കാലത്തും താങ്ങും തണലുമായിരിക്കു മെന്നും ബെന്നി കൊട്ടാരത്തില്‍ (പ്രസിഡന്റ്) അറിയിച്ചു.

ലോക സാമ്പത്തികാഭിവൃദ്ധിയില്‍ മുഖ്യസ്ഥാനം അലങ്കരിക്കുന്ന അമേരിക്കയിലും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ധാരാളം ആളുകള്‍ ഉണ്ടെന്നും നമ്മള്‍ ജീവിക്കുന്ന കര്‍മ്മഭൂമിയിലും നമ്മുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കേണ്ടിയതിന്റെ ആവശ്യകതയെക്കുറിച്ചുള്ള പ്രാധാന്യവും കൂടാതെ കോട്ടയം അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ നല്‍കി വരുന്ന വ്യക്തികളെ ഓരോരുത്തരോടുമുള്ള പ്രത്യേക നന്ദിയും കോട്ടയം അസോസിയേഷന്റെ പത്രക്കുറിപ്പില്‍ അറിയിക്കുകയുണ്ടായി.

കോട്ടയം അസോസിയേഷന്‍ വനിതാ ഫോറം സെപ്റ്റംബര്‍ 9 ന് ഓണാഘോഷം സംഘടിപ്പിച്ചു. കോട്ടയം അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ നൂതന ചാരിറ്റി പദ്ധതികള്‍ക്ക് രൂപം കൊടുത്തു വരികയാണെന്നും വനിതാ ഫോറം സംഘടനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലെ മുഖ്യ ചാലകശക്തിയ ണെന്നും സാറാ ഐപ്പും, ബീനാ കോശി (വനിതാ ഫോറം, കോര്‍ഡിനേറ്റേഴ്‌സ്) പറയുകയുണ്ടായി.

ജോസഫ് മാണി, സാബു ജേക്കബ്, എബ്രഹാം ജോസഫ്, ജെയിംസ് അന്ത്രയോസ്, ജോബി ജോര്‍ജ്, കുര്യന്‍ രാജന്‍, ജീമോന്‍ ജോര്‍ജ്, ജോണ്‍ പി. വര്‍ക്കി, മാത്യു ഐപ്പ്, സാജന്‍ വര്‍ഗീസ്, സാബു പാമ്പാടി, വര്‍ഗീസ് വര്‍ഗീസ്, സണ്ണി കിഴക്കേമുറി, രാജു കുരുവിള, ജോമി കുര്യാക്കോസ്, റോണി വര്‍ഗീസ്, സെറിന്‍ ചെറിയാന്‍, മാത്യു ജോഷ്വാ, വര്‍ക്കി പൈലോ, ജേക്കബ് തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇപ്പോള്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നത്. കോട്ടയം അസോസിയേഷന്റെ ഭാവി ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കുവനായി ബന്ധപ്പെടുക. www.kottayamassociation.org

LEAVE A REPLY

Please enter your comment!
Please enter your name here