അന്ധരായ മനുഷ്യർ ആനയെ തൊട്ട് അതിന്റെ രൂപം മനസ്സിലാക്കാൻ ശ്രമിച്ചൊരു കഥയുണ്ട്. ചെവിയിൽ തൊട്ടവർ പറഞ്ഞു ആന മുറം പോലെയാണെന്ന്. വാലിൽ തൊട്ടവർ പറഞ്ഞു ആന ചൂലു പോലെയാണെന്ന്. ബി ജെ പി നേതാക്കൻമാരുടെ, (അതിപ്പോൾ കേരളത്തിനകത്തുള്ളവരായാലും കണക്കു തന്നെ ) കേരളത്തെക്കുറിച്ചുള്ള  പ്രസ്താവനകൾ കേൾക്കുമ്പോൾ ഓർമ്മ വരിക ഈ കഥയാണ്. അവർ അന്ധത നടിക്കുകയാണോ എന്നത് വേറെ ചോദ്യം. എന്നാൽ, അവർ പറയുന്നത് കേൾക്കുമ്പോൾ സാമാന്യബുദ്ധിയുള്ളവരെല്ലാം അതിശയം കൊണ്ട് മൂക്കത്ത് വിരൽ വച്ചു പോകും. കേരളത്തിന്റെ ആരോഗ്യമേഖല തന്റെ സംസ്ഥാനത്തെ മാതൃകയാക്കണമെന്ന് പറഞ്ഞ യുപി മുഖ്യമന്ത്രിയാണ് അക്കൂട്ടത്തിൽ ഏറ്റവും പുതിയത്.

അദ്ദേഹം വെറുമൊരു ബിജെപി നേതാവായിരുന്നെങ്കിൽ ആ വഴിയ്ക്ക് പോട്ടെ എന്നു വയ്ക്കാമായിരുന്നു. അതിനൊക്കെ മറുപടി കൊടുക്കാൻ നിന്നാൽ മറ്റൊരു ജോലിയ്ക്കും സമയം കിട്ടില്ല. പക്ഷേ, ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയാണ് ഇവിടെ വന്ന് മലയാളികളെ വസ്തുതാ വിരുദ്ധമായ കാര്യം പറഞ്ഞ് അപമാനിക്കുന്നത്. കേരളത്തിന്റെ ആരോഗ്യ മന്ത്രി എന്ന നിലയിൽ എനിയ്ക്ക് പറയാനുള്ളത്, ശ്രീ ആദിത്യനാഥ് അദ്ദേഹം ഇരിക്കുന്ന പദവിയേയും അതിനോടുള്ള ഉത്തരവാദിത്വത്തേയും ബഹുമാനിക്കണമെന്നാണ്. ഇത്തരം ഒരു പ്രസ്താവന നടത്തുമ്പോൾ വസ്തുതകൾ പരിശോധിക്കാനുള്ള മാന്യത കാണിക്കണമെന്നാണ്.

കേരളത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ  തെറ്റിദ്ധാരണ അറിവില്ലായ്മ ആണെന്നു മനസ്സിലാക്കാം. എന്നാൽ താൻ ഭരിക്കുന്ന സ്വന്തം പ്രദേശത്തിന്റെ യഥാർത്ഥ സ്ഥിതിയെക്കുറിച്ച് അറിയില്ല എന്നത് ഭരണാധികാരിയായി തുടരാനുള്ള അദ്ദേഹത്തിന്റെ അർഹതെയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്.

ഇന്ത്യയിലേറ്റവും മോശം അവസ്ഥ ആരോഗ്യമേഖലയിൽ  നിലനിൽക്കുന്ന സംസ്ഥാനമാണ് ഉത്തർ പ്രദേശ്. അങ്ങയ്ക്കറിയില്ലെങ്കിൽ പറയട്ടെ:

പകരുന്നതും അല്ലാത്തതുമായ മിക്കവാറും എല്ലാ വ്യാധികളും ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്ന സംസ്ഥാനമാണ് യുപി. ടൈഫോയ്ഡ് മൂലം ഇന്ത്യയിലുണ്ടാകുന്ന മൊത്തം മരണങ്ങളുടേയും 48% യുപിയിലാണ്. കാൻസർ മരണങ്ങളുടെ 17% വും താങ്കളുടെ സംസ്ഥാനത്താണ് സംഭവിക്കുന്നത്.

ആസ്സാം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മാതൃമരണ നിരക്ക് യുപിയിലാണ്. താങ്കളുടെ സംസ്ഥാനത്ത് 62% ഗർഭിണികളായ സ്ത്രീകൾക്കും അവരുടെ ഗർഭധാരണ കാലത്ത് ആധുനികവൈദ്യ സഹായം ലഭ്യമല്ല എന്നു പഠനങ്ങൾ പറയുന്നു. 42% സ്ത്രീകളും സ്വന്തം വീടുകളിലാണ് പ്രസവിക്കുന്നത് എന്ന് താങ്കൾക്കറിയാമോ? ഞങ്ങൾ മലയാളികൾക്ക് അതു കേൾക്കുമ്പോൾ ഭയം തോന്നുന്നു.

ഏറ്റവും കൂടുതൽ ശിശുമരണ നിരക്ക് ഉള്ള സംസ്ഥാനം യു പി യാണ്. ഈ അടുത്ത കാലത്ത് ഒരു മാസത്തിനിടയിലല്ലെ 85 പിഞ്ചു കുഞ്ഞുങ്ങൾ പിടഞ്ഞ് മരിച്ചത്. യുപിയിലെ ഏതാണ്ട് പകുതി കുഞ്ഞുങ്ങൾക്കും വാക്സിനേഷൻ ലഭിക്കുന്നില്ല എന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഈ യുപി യെ ആണോ രണ്ടു ദിവസം കൊണ്ട് ഏതാണ്ട് 5 ലക്ഷം കുഞ്ഞുങ്ങൾക്ക് വാക്സിനേഷൻ നൽകിയ ഞങ്ങളുടെ കേരളം മാതൃകയാക്കണമെന്ന് താങ്കൾ പറയുന്നത്?!

2015ലെ റൂറൽ ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം യുപിയിലെ ജനസംഖ്യ 25% വർദ്ധിച്ചപ്പോൾ, പബ്ലിക് ഹെൽത്ത് സെന്ററുകളുടെ എണ്ണം 8% കുറഞ്ഞു! 31037 സബ്സെന്ററുകളും, 5172 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും, 1293 കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളും താങ്കളുടെ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പു വരുത്താൻ ആവശ്യമാണത്രേ! താങ്കൾ അതറിഞ്ഞു കാണാൻ സാധ്യതയില്ലാത്തതു കൊണ്ടു, അവിടത്തെ സാധാരണ മനുഷ്യർക്കു വേണ്ടി, എത്രയും പെട്ടെന്ന് ഈ പ്രശ്നങ്ങൾക്ക്  പരിഹാരം കാണണമെന്നു  ഞാൻ അഭ്യർത്ഥിക്കുകയാണ്.

ആയിരത്തിൽ 64 കുഞ്ഞുങ്ങൾ താങ്കളുടെ നാട്ടിൽ മരിക്കുമ്പോൾ അതിൽ 10 ൽ താഴെ കുട്ടികൾ പോലും മരിക്കാത്ത കേരളത്തെ ഉപദേശിക്കാനുള്ള അങ്ങയുടെ അറിവില്ലായ്മ ഓർത്ത് എനിയ്ക്ക് സഹതാപം തോന്നുന്നു. അങ്ങയുടെ ഭരണത്തിനു കീഴിൽ കഴിയേണ്ടി വരുന്ന മനുഷ്യരെയോർത്ത് എനിയ്ക്കു വിഷമം തോന്നുന്നു.

കേരളത്തെക്കുറിച്ച് ഞാൻ അധികം പറയുന്നില്ല. വിശ്വപ്രസിദ്ധമായ കേരളത്തിന്റെ മാനവ വികസന സൂചികകളെക്കുറിച്ച് അങ്ങേയ്ക്കറിയുമോ എന്നറിയില്ല, മുൻപിലൊരു കമ്പ്യൂട്ടറുണ്ടെങ്കിൽ അതിന്റെ കീബോർഡിൽ വിരലുകളൊന്നമർത്തിയാൽ മതി.

എനിയ്ക്കു പറയാനുള്ളത് താങ്കൾക്കു കേരളത്തിലെ ആരോഗ്യ സംവിധാനത്തിൽ നിന്നൊരുപാടു പഠിക്കാനുണ്ട് എന്നാണ്. അതിനായി ഞാൻ താങ്കളെ ക്ഷണിക്കുന്നു. യുപിയിലെ ജനങ്ങൾക്കു വേണ്ടി അങ്ങയെ സഹായിക്കാൻ ഞങ്ങൾക്കു സന്തോഷമേയുള്ളു.

ശൈലജ ടീച്ചർ തന്റെ ഫേസ് ബുക്ക് പേജിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here