കോട്ടയം: യു ഡി എഫിന്റെ രാപ്പകല്‍ സമരത്തിന് പിന്തുണയുമായി കേരള കോണ്‍ഗ്രസ് എം. നേതാവ് പി.ജെ. ജോസഫ്. തൊടുപുഴയിലെ സമരപ്പന്തലിലെത്തിയ അദ്ദേഹം സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളെ വിമര്‍ശിച്ചു. രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല യു.ഡി.എഫ് വേദിയിലെത്തിയതെന്ന് പി.ജെ. ജോസഫ് പിന്നീട് വിശദീകരിച്ചു.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പി.ജെ.ജോസഫ് യു ഡി എഫ് രാപ്പകല്‍ സമരപ്പന്തലില്‍ എത്തിയത്. ഡി സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജോസഫിനെ സ്വീകരിച്ചു. യു ഡി എഫ് നേതാക്കളോടൊപ്പം വേദി പങ്കിട്ട പി.ജെ.ജോസഫ് സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ച് പ്രസംഗിച്ചു. പതിനഞ്ച് മിനിറ്റിലേറെ സമരപ്പന്തലില്‍ തുടര്‍ന്നു. കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ട ശേഷം ആദ്യമായാണ് പി.ജെ ജോസഫ് യു ഡി എഫ് വേദിയിലെത്തുന്നത്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതോടെ വിശദീകരണവുമായി പി.ജെ.ജോസഫ് തന്നെ രംഗതെത്തി.

പി.ജെ. ജോസഫ് രാപ്പകല്‍ സമത്തില്‍ പങ്കെടുത്തതില്‍ അസ്വാഭാവികതയില്ലെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ പ്രതികരിച്ചു. അതേസമയം മുന്നണി ബന്ധം ഉപേക്ഷിച്ച് നാളുകള്‍ പിന്നിടവെ യുഡിഎഫിന്റെ സമരവേദിയിലെത്തിയതിന് വിശദീകരണവുമായി ജോസഫ് രംഗത്തെത്തി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയത്തിനെതിരെ യുഡിഎഫ് നയിക്കുന്ന രാപ്പകല്‍ സമരത്തിന്റെ തൊടുപുഴയിലെ വേദിയിലെത്തിയതിന് രാഷ്ട്രീയമാനം നല്‍കേണ്ടതില്ലെന്നാണ് പിജെ ജോസഫിന്റെ വിശദീകരണം. അതൊരു സന്ദര്‍ശനം മാത്രമായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്.

കേരള കോണ്‍ഗ്രസ് എമ്മിന്റെ ചരല്‍കുന്ന് ക്യാമ്പിലെ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയിട്ടില്ലെന്നും ക്യാമ്പിലെടുത്ത തീരുമാനത്തില്‍ ഒരു മാറ്റവുമില്ലെന്നും പിജെ ജോസഫ് പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് എം ഉന്നയിക്കുന്ന മുദ്രാവാക്യങ്ങള്‍ തന്നെയാണ് രാപകല്‍ സമരത്തിനുമുള്ളത്. പലപ്പോഴും നിയമസഭയിലും ഇരുവിഭാഗങ്ങളും ഒരേ നിലപാട് സ്വീകരിക്കാറുണ്ടെന്നും സന്ദര്‍ശനത്തെ ന്യായീകരിച്ച് പിജെ ജോസഫ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here