അങ്കാറ: ലോകമാകെ കുഞ്ഞുങ്ങള്‍ക്കു സമ്മാനപ്പൊതികളുമായി ഡിസംബറിന്റെ തണുപ്പില്‍ ചിരിച്ചെത്തുന്ന ക്രിസ്മസ് പാപ്പ വെറും കഥയല്ല. സാന്താക്ലോസ് എന്ന ക്രിസ്മസ് അപ്പൂപ്പന്‍ ജീവിച്ചിരുന്ന വ്യക്തിയാണെന്നും സാന്താക്ലോസിന്റെ ശവകുടീരം തുര്‍ക്കിയില്‍ കണ്ടെത്തിയതായും പുരാവസ്തു ഗവേഷകര്‍ അറിയിച്ചു.

ക്രിസ്മസ് അപ്പൂപ്പന്‍, സാന്താക്ലോസ് തുടങ്ങിയ പേരുകളുള്ള സെന്റ് നിക്കോളാസിന്റെ ശവകുടീരമാണ് തെക്കന്‍ തുര്‍ക്കിയിലുള്ള ഡിമറിലെ (പണ്ടത്തെ മിറ) പുരാതന പള്ളിക്കടിയില്‍ കണ്ടെത്തിയത്. എഡി നാലാം നൂറ്റാണ്ടില്‍ തുര്‍ക്കിയിലെ തുറമുഖ പട്ടണമായ പത്താറയിലെ ലിസിയയിലാണു നിക്കോളാസ് ജനിച്ചതെന്നാണു വിശ്വാസം. ഇവിടെത്തന്നെയാണു ശവകുടീരവുമുള്ളത്. പള്ളിക്കു താഴെ കണ്ടെത്തിയ വിള്ളലുകളില്‍ ഇലക്ട്രോണിക് സര്‍വേ നടത്തിയപ്പോഴാണ് പഴയ ശവകുടീരത്തിന്റെ സാന്നിധ്യം തെളിഞ്ഞത്.

വലിയ നാശം സംഭവിക്കാത്ത രീതിയിലാണു കല്ലറയെന്ന് അന്റാലിയ പൈതൃക അതോറിറ്റി തലവന്‍ സെമില്‍ കാരാബയ്‌റം പറഞ്ഞു. മൊസൈക് പാളികള്‍ നീക്കി കല്ലറ പുറത്തെടുക്കാന്‍ കുറച്ചധികം സമയമെടുത്തേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടെത്തല്‍ അദ്ഭുതപ്പെടുത്തിയെന്നും പ്രദേശത്തെ വിനോദസഞ്ചാരത്തെ വലിയ തോതില്‍ സഹായിക്കുമെന്നും പര്യവേഷണ തലവന്‍ പ്രഫസര്‍ സെമ ദോഗന്‍ പറഞ്ഞു.

19–ാം വയസ്സില്‍ വൈദികനായ നിക്കോളാസ്, പിന്നീട് മിറയിലെ ബിഷപ്പായി സ്ഥാനമേറ്റു. 11–ാം നൂറ്റാണ്ട് വരെ നിക്കോളാസിന്റെ ഭൗതികദേഹം ഡിമറിലെ പള്ളിയില്‍ ഉണ്ടായിരുന്നു. പിന്നീട്, 1087 ല്‍ ഇറ്റാലിയന്‍ നാവികര്‍ തിരുശേഷിപ്പ് തുര്‍ക്കിയില്‍ നിന്നും ഇറ്റലിയിലെ ബാരിയിലേക്കു കടത്തിക്കൊണ്ടു പോയി. സെന്റ് നിക്കോളാസിന്റെ അനുഗ്രഹം തേടി ബാരിയിലെ ഡി സാന്‍ നിക്കോള ബസിലിക്കയിലേക്കു തീര്‍ഥാടകര്‍ ഒഴുകിയെത്തി. ഇവിടെയാണ് സെന്റ് നിക്കോളാസിന്റെ തിരുശേഷിപ്പുകള്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് എന്നാണിപ്പോഴും വിശ്വാസം.

എന്നാല്‍, തുര്‍ക്കിയിലെ വിദഗ്ധര്‍ പറയുന്നത് മറ്റൊരു കഥയാണ്. അന്ന് ഇറ്റാലിയന്‍ നാവികര്‍ തട്ടിയെടുത്തത് സെന്റ് നിക്കോളാസിന്റെ തിരുശേഷിപ്പല്ല. ആളുമാറി വേറെ അസ്ഥികളാണു കൊണ്ടുപോയതെന്ന് ഇവിടത്തെ പുരോഹിതര്‍ പറയുന്നു. ഇപ്പോള്‍ കണ്ടെത്തിയത് നിക്കോളാസിന്റെ യഥാര്‍ഥ ശവകുടീരം തന്നെയാണെന്നും ഇവര്‍ ഉറപ്പിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here