കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്റെ വീട് ആക്രമിച്ചവര്‍ക്കെതിരെയുളള അന്വേഷണം നടന്റെ അടുപ്പക്കാരിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചാലക്കുടിയിലെ ഡി സിനിമാസിനെതിരെ പരാതി നല്‍കിയ അഡ്വ. കെ.സി സന്തോഷിന്റെ വീടിന് നേരെയാണ് ദിലീപിന് ജാമ്യം കിട്ടിയതിന് പിന്നാലെ ആക്രമണം ഉണ്ടായത്. രാത്രി പത്തുമണിയോടെ ഗുണ്ടും കല്ലുകളുമാണ് സന്തോഷിന്റെ വീടിന് നേരെ എറിഞ്ഞത്. കല്ലേറില്‍ മുറ്റത്തിരുന്ന സ്‌കൂട്ടറിന് കേടുപറ്റിയിരുന്നു. കാറിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്നാണ് സന്തോഷ് നല്‍കിയ മൊഴി.
ഇതിന്റെ അടിസ്ഥാനത്തില്‍ ആലുവ ദേശം സ്വദേശികളായ രണ്ടുപേര്‍ക്കെതിരെയാണ് അന്വേഷണം. ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ പരിശോധിച്ചപ്പോള്‍ അഭിഭാഷകന്‍ സന്തോഷിന്റെ വീടിന് സമീപമാണ് കാണിക്കുന്നത്. ദിലീപിന് ജാമ്യം ലഭിച്ചപ്പോള്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് മുന്നില്‍ ഇവര്‍ ഉണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

ഇവരുടെ നീക്കങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. അതിനിടെ നടിയെ ആക്രമിച്ച കേസിലെ ജാമ്യവ്യവസ്ഥ അനുസരിച്ച് നടന്‍ ദിലീപ് അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ടെത്തി പാസ്‌പോര്‍ട്ട് ഹാജരാക്കി. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ രഹസ്യമായിട്ടാണ് ദിലീപ് കോടതിയില്‍ എത്തിയതും മജിസ്‌ട്രേറ്റ് ലീനാ റിയാസിന്റെ ചേംബറില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചതും.
അഭിഭാഷകനായ ബി.രാമന്‍പിളളയുടെ സഹായി അഡ്വ. ഫിലിപ്പ് ടി വര്‍ഗീസും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ദിലീപിന് സോപാധിക ജാമ്യം അനുവദിച്ചത്. ഏഴുദിവസത്തിനകം പാസ്‌പോര്‍ട്ട് അങ്കമാലി കോടതിയില്‍ ഹാജരാക്കണമെന്നതായിരുന്നു ഒരു നിബന്ധന. ഉപാധികള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചിരുന്നു.
അതിനിടെ കേസില്‍ ജാമ്യം ലഭിച്ച ദിലീപ് മൂന്നരമാസത്തെ ഇടവേളക്ക് ശേഷമാണ് സിനിമാ അഭിനയത്തിലേക്ക് മടങ്ങിവരുന്നത്. ജൂലൈയില്‍ അറസ്റ്റിലാവുമ്പേള്‍ കമ്മാര സംഭവം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരിക്കിലായിരുന്നു ദിലീപ്. ഗ്രാന്‍ഡ് ഫിലിംസിന്റെ ബാനറില്‍ ദിലീപ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തമിഴ്‌നാട്ടിലായിരുന്നു. ഈ ചിത്രം പൂര്‍ത്തിയാക്കുകയാണ് ദിലീപിന്റെ ആദ്യ ദൗത്യം. ജാമ്യ ഉപാധികള്‍ നിലനില്‍ക്കുന്നതില്‍ ദിലീപ് നിയമോപദേശം തേടും. തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മുരളീ ഗോപിയുടേതാണ് തിരക്കഥ. ദിലീപിന്റെ രാമലീലക്ക് കിട്ടിയ സ്വീകാര്യത ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ചിത്രം പെട്ടന്ന് പൂര്‍ത്തിയാക്കാന്‍ പ്രചോദനമായിട്ടുണ്ട്. പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും പാതിവഴിയിലാണ്. കമ്മാരസംഭവം പൂര്‍ത്തിയാക്കിയ ശേഷം ദിലീപ് ഇതിന്റെ ചിത്രീകരണത്തിലേക്ക് കടക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here