ന്യൂഡല്‍ഹി: കെപിസിസി പട്ടികയിലെ പ്രശ്‌നം ഇന്നുതന്നെ പരിഹരിച്ച് പട്ടിക അംഗീകരിക്കാന്‍ ശ്രമം. ഇന്നും പ്രശ്‌നപരിഹാരമാകുന്നില്ലെങ്കില്‍ അന്തിമ തീരുമാനം പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു വിട്ടേക്കും. അന്തിമ ഘട്ടത്തിലേക്ക് എംപിമാരും നേതാക്കളും നല്‍കിയ നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തി കെപിസിസി അംഗങ്ങളുടെ പട്ടിക പരിഷ്‌കരിക്കാന്‍ ധാരണയായെന്ന് ചര്‍ച്ചകള്‍ക്കുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ എന്നിവര്‍ പറഞ്ഞു.

പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതാക്കളുമായുള്ള ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടായെന്ന് അതോറിറ്റി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ ഇന്ന് പരിഹരിക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മാരത്തണ്‍ ചര്‍ച്ച കേരള നേതാക്കളുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍, സംസ്ഥാന വരണാധികാരി സുദര്‍ശന്‍ നച്ചിയപ്പന്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് എന്നിവര്‍ നടത്തിയ ചര്‍ച്ച രണ്ടര മണിക്കൂറോളം നീണ്ടു. തുടര്‍ന്ന് മൂന്ന് പേരും പ്രത്യേക കൂടിയാലോചന നടത്തി. ഇത് മൂന്നു മണിക്കൂറിലേറെ നീണ്ടു. ഇതിനിടെ, നീതിയുക്ത പട്ടികയ്ക്കു രൂപം നല്‍കാന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കി. എംപിമാരില്‍ പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി, രാജ്യസഭ ഡപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്‍ എന്നിവരൊഴികെയുള്ളവര്‍ പട്ടികയെക്കുറിച്ച് എതിര്‍പ്പ് അറിയിച്ചിരുന്നു.

തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷനെന്ന നിലയില്‍ മുല്ലപ്പള്ളി രാമചന്ദ്രനും നിഷ്പക്ഷ നിലപാട് സ്വീകരിച്ചു. പട്ടികയില്‍നിന്ന് ആരെയും ഒഴിവാക്കണമെന്നല്ല അര്‍ഹതയുള്ള ചിലരെക്കൂടി ഉള്‍പ്പെടുത്തണമെന്ന അഭിപ്രായമായിരുന്നു കെ.വി. തോമസ് ഉള്‍പ്പെടെ ചിലരുടേത്. ഒറ്റപ്പെട്ട കൂടിയാലോചനകള്‍ക്കു പകരം രാഷ്ട്രീയകാര്യ സമിതിയെക്കൂടി ഉള്‍പ്പെടുത്തി സമഗ്ര ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കില്‍ പ്രശ്‌നപരിഹാരത്തിനു ഡല്‍ഹിയിലെത്തേണ്ടായിരുന്നെന്നു പി.സി. ചാക്കോ പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ എംഎല്‍എ, ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി നേതാവ് പി.സി. ചാക്കോ, എംപിമാരായ എം.കെ. രാഘവന്‍, ആന്റോ ആന്റണി, എം.ഐ. ഷാനവാസ് എന്നിവരും പങ്കെടുത്തു. കെ.വി. തോമസും ശശി തരൂരും കഴിഞ്ഞ ദിവസം അഭിപ്രായമറിയിച്ചു മടങ്ങിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here