കോഴിക്കോട്:കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍. പ്രശാന്തിനെ നിയമിച്ചേക്കാന്‍ സാധ്യത. പ്രശാന്തിന്റെ സേവനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കണ്ണന്താനം കത്ത് നല്‍കിയതായിട്ടാണ് വിവരം. അതേസമയം പ്രശാന്തിനെ പരിഗണിക്കുന്നതില്‍ സംസ്ഥാന ബിജെപിക്കുളളില്‍ അഭിപ്രായ ഭിന്നതകളുമുണ്ട്. പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയാക്കാനുളള നീക്കത്തിനെതിരെ ബിജെപി ദേശീയ നേതൃത്വത്തിനും പ്രധാനമന്ത്രിയുടെ ഓഫിസിനും ഒരു വിഭാഗം പരാതി അയച്ചു.
മുന്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചവരെ എന്‍ഡിഎ മന്ത്രിമാര്‍ സ്റ്റാഫിലേക്ക് പരിഗണിക്കരുതെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിന് വിരുദ്ധമാണ് ഈ നിയമനമെന്നാണ് ആരോപണം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രശാന്ത് പ്രവര്‍ത്തിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പ്.
കോഴിക്കോട് ജില്ലാ കളക്ടറായിരിക്കെ സാമൂഹിക മാധ്യമങ്ങള്‍ വഴി ജനങ്ങളുമായി സംവദിച്ചിരുന്ന പ്രശാന്തിനെ കളക്ടര്‍ ബ്രോ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ 2015ലാണ് കോഴിക്കോട് കളക്ടറായി പ്രശാന്തിനെ നിയമിക്കുന്നത്. പിന്നീട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചെങ്കിലും ചുമതല ഏറ്റെടുക്കാതെ അവധിയിലാണ് ഐഎഎസ് അസോസിയേഷന്‍ സെക്രട്ടറി കൂടിയായ പ്രശാന്ത്.

LEAVE A REPLY

Please enter your comment!
Please enter your name here