പോങ്ങ്യാങ്ങ്: എല്ലാ ഏകാധിപതികളം ചെയ്യുന്നത് കിം ആവര്‍ത്തിച്ചു, സഹോദരി പോളിറ്റ്ബ്യൂറോയില്‍. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങും ഇതോടെ അധികാര കേന്ദ്രത്തിലേക്ക് എത്തി. വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ പൊളിറ്റ്ബ്യൂറോയിലേക്കാണ് കിം സഹോദരിയായ കിം യോ ജോങിനെ ഉള്‍പ്പെടുത്തിയത്. രാജ്യത്തിന്റെ അധികാരം കുടുംബത്തിന്റെ കൈയില്‍ തന്നെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇരുപത്തിയെട്ടുകാരിയായ സഹോദരിയെക്കൂടി നേതൃനിരയിലേക്ക് കൊണ്ടുവന്നതെന്നാണ് വിലയിരുത്തല്‍.

നേരത്തെ കിമ്മിന്റെ ബന്ധുവായ കിം ക്യോങ് ഹീങ് വഹിച്ചിരുന്ന സ്ഥാനമാണ് ഇപ്പോള്‍ സഹോദരിക്ക് നല്‍കിയതെന്നാണ് വിവരം. ശനിയാഴ്ച പ്യോങ്ങ്യാങ്ങില്‍ നടന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടി കണ്‍വെന്‍ഷനിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ഉത്തരകൊറിന്‍ മുന്‍ഭരണാധികാരി കിം ജോങ് ഇല്ലിന്റെ കാലത്ത് പ്രധാന തീരുമാനങ്ങളെടുത്തിരുന്നത് കിം ക്യോങ് ഹീയായിരുന്നു. ആണവായുധങ്ങളുടെ കാര്യത്തില്‍ യാതൊരു പിന്നോട്ടുപോക്കും രാജ്യത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും കിം അറിയിച്ചു.

ഉത്തര കൊറിയന്‍ ഭരണാധികാരിയുടെ ഭാര്യയായ റി സോല്‍ യുവിന് സമാനമായി രാജ്യത്ത് ഏറ്റവുമധികം സ്വാധീനമുള്ള വനിതകളിലൊരാളാണ് കിമ്മിന്റെ സഹോദരിയും. കിമ്മിന്റെ അച്ചനും അപ്പൂപ്പനും ചെയ്ത രീതിയില്‍ കുടുംബത്തെ ഭരണത്തില്‍ നിലനിര്‍ത്തുകയെന്ന തന്ത്രമാണ് കിമ്മും ഉപയോഗിക്കുന്നതെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു. സഹോദരിക്കൊപ്പം റോക്കറ്റ് ഗവേഷണത്തില്‍ വിദഗ്ദരായ കിം ജോങ് സിക്ക്, റി പ്യോങ് ചോള്‍ എന്നിവര്‍ക്കും സ്ഥാനക്കയറ്റമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here