വാഷിംഗ്ടണ്‍: പ്രഥമവനിത ആരെന്ന കാര്യത്തില്‍ അമേരിക്കയിലെ പ്രഥമപൗരന്റെ ഭാര്യമാര്‍ തമ്മില്‍ സംഘര്‍ഷം. മൂന്നുവട്ടം വിവാഹിതനായ പ്രസിഡന്റിന്റെ ഭാര്യമാരില്‍ ആരാണ് പ്രഥമവനിത എന്നതിനെച്ചൊല്ലി മുറുകിയ കലഹം എങ്ങനെ തീരുമെന്നു കാത്ത് ‘ടെന്‍ഷനിടിച്ച്’ ഇരിക്കുകയാണ് അമേരിക്ക. ഡോണള്‍ഡ് ട്രംപിന്റെ ആദ്യഭാര്യ ഇവാനയും മൂന്നാംഭാര്യ മെലാനിയയും തമ്മിലാണു തര്‍ക്കം. കഴിഞ്ഞദിവസം പരസ്യമായി ഇവര്‍ വാഗ്വാദത്തിലേര്‍പ്പെട്ടത് അമേരിക്കക്കാര്‍ക്കു കൗതുകമുള്ള വാര്‍ത്തയായി. ‘റെയ്‌സിങ് ട്രംപ്’ എന്ന തന്റെ പുസ്തകത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ഇവാന വിവാദത്തിന് തിരികൊളുത്തിയത്. ട്രംപുമായുള്ള നീണ്ട കാലത്തെ ദാമ്പത്യവും അതു തകരാനുണ്ടായ കാരണവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
‘ഗുഡ് മോണിങ് അമേരിക്ക’ എന്ന ടിവി പരിപാടിയിലാണ് ഇവാനയുടെ പ്രസ്താവനകള്‍. ട്രംപിന്റെ ആദ്യ ഭാര്യ താനാണ്. അദ്ദേഹത്തിന്റെ മൂന്നു മക്കളുടെ അമ്മയുമാണ്. അപ്പോള്‍ താന്‍ തന്നെയാണ് പ്രഥമവനിത എന്നായിരുന്നു ഇവാനിയയുടെ വാക്കുകള്‍. മെലാനിയയെ കുത്തിനോവിക്കാനും അവര്‍ മറന്നില്ല. വൈറ്റ് ഹൗസിലേക്ക് കയറിച്ചെല്ലാന്‍ എന്തുകൊണ്ടും തനിക്ക് അര്‍ഹതയുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിനു താത്പര്യമില്ല. മെലാനിയ അവിടെയുണ്ടല്ലോ. അവര്‍ക്ക് അസൂയ തോന്നിയാല്‍ കുറ്റം പറയാനാവില്ലല്ലോ. വാഷിങ്ടന്‍ തനിക്ക് ഇഷ്ടമില്ലാത്തതിനാല്‍ പ്രഥമവനിത എന്ന സ്ഥാനം മെലാനിയക്ക് തന്നെയിരിക്കട്ടെ. ഇപ്പോഴത്തെ ജീവിതവും സ്വാതന്ത്ര്യവും താന്‍ ആസ്വദിക്കുന്നതായും ഇവാന പറഞ്ഞു.
ഇവാനയെ പിരിഞ്ഞതിനുശേഷം മാര്‍ലാ മേപ്പിള്‍സിനെയാണ് ട്രംപ് വിവാഹം ചെയ്തത്. എന്നാല്‍ ഇവരെക്കുറിച്ച് ഇവാന അധികം പരാമര്‍ശിച്ചില്ല. രണ്ടാം ബന്ധവും തകര്‍ന്നതോടെയാണു മോഡലായ മെലാനിയയെ ട്രംപ് വിവാഹം കഴിച്ചത്.
പുസ്തകം വിറ്റഴിക്കാനുള്ള വിലകുറഞ്ഞ വേലയാണ് ഇവാനയുടേതെന്നു മെലാനിയയുടെ വക്താവ് സ്റ്റെഫാനി ഗ്രിഷാം മറുപടി പറഞ്ഞു. വൈറ്റ് ഹൗസ് തന്റെ വീടായാണു മെലാനിയ കാണുന്നത്. വാഷിങ്ടണിലെ താമസം അവര്‍ ഇഷ്ടപ്പെടുന്നു. പ്രഥമവനിത എന്ന സ്ഥാനത്തില്‍ അഭിമാനിക്കുന്നു. പുസ്തകം വില്‍ക്കാനല്ല, കുട്ടികളെ സഹായിക്കാനാണ് തന്റെ സ്ഥാനത്തെ മെലാനിയ ഉപയോഗിക്കുന്നതെന്നും വക്താവ് വ്യക്തമാക്കി.
വൈറ്റ് ഹൗസിലെ വീട്ടുകാര്യം രാജ്യത്തെ വലിയ ചര്‍ച്ചയായ സ്ഥിതിക്കു ട്രംപ് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇല്ലെങ്കില്‍ വിവാദം ഭരണത്തെത്തന്നെ മോശമായി ബാധിക്കുമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here