ന്യൂഡല്‍ഹി:ഓണ്‍ലൈന്‍ സ്റ്റോറായ ആമസോണില്‍നിന്നു റീഫണ്ട് ഇനത്തില്‍ 50 ലക്ഷത്തോളം രൂപ തട്ടിച്ച യുവാവ് അറസ്റ്റില്‍. അറസ്റ്റിലായ ശിവാം ചോപ്ര (21) വിലകൂടിയ 166 മൊബൈല്‍ ഫോണുകള്‍ ഓണ്‍ലൈനില്‍ വാങ്ങിയശേഷം ശൂന്യമായ പെട്ടികളാണു ലഭിച്ചതെന്നു പരാതിപ്പെട്ടാണു പണം തിരികെ വാങ്ങിയത്.
ഓരോ തവണയും വ്യത്യസ്ത ഫോണ്‍ നമ്പറുകളില്‍ നിന്നായിരുന്നു ഓര്‍ഡര്‍ നല്‍കിയിരുന്നത്. കഴിഞ്ഞ ഏപ്രിലിനും മേയ്ക്കുമിടയില്‍ നടത്തിയ റീഫണ്ടുകള്‍ തട്ടിപ്പായിരുന്നുവെന്നു വ്യക്തമായതോടെയാണു ആമസോണ്‍ പൊലീസില്‍ പരാതി നല്‍കിയത്. ഡല്‍ഹി സ്വദേശിയായ യുവാവ് ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദം നേടിയെങ്കിലും തൊഴിലില്ലാതെ കഴിയുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ആദ്യം രണ്ടു ഫോണിന് ഓര്‍ഡര്‍ നല്‍കിയത്.
റീഫണ്ടിന് അപേക്ഷിച്ചതോടെ പണം മടക്കിക്കിട്ടി. തുടര്‍ന്നുള്ള രണ്ടു മാസവും ആപ്പിള്‍, സാംസങ്, വണ്‍പ്ലസ് അടക്കം ഫോണുകള്‍ വാങ്ങിയ യുവാവ് സാധനം ലഭിച്ചില്ലെന്നു പരാതിപ്പെട്ട് ഓരോ തവണയും റീഫണ്ട് നേടി. ഫോണുകള്‍ ഓണ്‍ലൈന്‍ വില്‍പനകേന്ദ്രമായ ഒഎല്‍എക്‌സിലോ പശ്ചിമ ഡല്‍ഹിയിലെ മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റിലോ വിറ്റഴിക്കും.
ഓര്‍ഡറില്‍ വിലാസം തെറ്റിച്ചുനല്‍കിയ ശേഷം, സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്നവര്‍ വിളിക്കുമ്പോള്‍ തന്റെ വീടിനോടു ചേര്‍ന്ന ഏതെങ്കിലും സ്ഥലത്തേക്കു വിളിച്ചുവരുത്തി പായ്ക്കറ്റ് ഏറ്റുവാങ്ങുകയായിരുന്നു പതിവ്. യുവാവിന്റെ വീട്ടില്‍നിന്നു 19 മൊബൈല്‍ഫോണുകളും 12 ലക്ഷം രൂപയുടെ കറന്‍സിയും 40 ബാങ്ക് പാസ് ബുക്കുകളും പൊലീസ് കണ്ടെടുത്തു. ഇയാള്‍ക്കു 141 സിം കാര്‍ഡുകള്‍ നല്‍കിയ വ്യാപാരി സച്ചിന്‍ ജെയിനും അറസ്റ്റിലായി.

 

LEAVE A REPLY

Please enter your comment!
Please enter your name here