ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ആകുമെന്ന് സോണിയ ഗാന്ധി. ഇതോടെ വര്‍ഷങ്ങളായുള്ള ചോദ്യത്തിന് ഉത്തരമാകുമെന്നും സോണിയ, എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദീപാവലിക്ക് ശേഷമാകും രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുക്കുകയെന്നും സോണിയ പറഞ്ഞു. കഴിഞ്ഞ 19 വര്‍ഷമായി കോണ്‍ഗ്രസിനെ നയിക്കുന്നത് സോണിയാ ഗാന്ധിയാണ്. രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന ആവശ്യം മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആത്മകഥയുടെ പ്രകാശച്ചടങ്ങില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു സോണിയ. എന്നാല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനെപ്പറ്റി രാഹുല്‍ പ്രതികരിച്ചില്ല. ദീപാവലിക്കുശേഷം സോണിയയില്‍നിന്ന് രാഹുല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഒക്ടോബര്‍ 25 നകം കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ വരുമെന്ന് ഈമാസമാദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നു. എഐസിസി രൂപീകരിച്ച ശേഷമായിരിക്കും പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതെന്നു കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. രാഹുല്‍ ഗാന്ധിയെ അധ്യക്ഷനാക്കണമെന്നു പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കിയിരുന്നു. പാര്‍ട്ടി അധ്യക്ഷനായി രാഹുല്‍ ഉടന്‍സ്ഥാനമേല്‍ക്കുമെന്ന് യുവനേതാവ് സച്ചിന്‍ പൈലറ്റും വ്യക്തമാക്കിയിരുന്നു. ദീപാവലിക്ക് ശേഷമാകും പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് രാഹുല്‍ എത്തുക എന്നും സച്ചിന്‍ സൂചിപ്പിച്ചു. രാഹുല്‍ മുന്നില്‍ നിന്ന് നയിക്കാനുള്ള സമയമായി. കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രാഹുല്‍ അധ്യക്ഷനാകണം എന്നാണു പാര്‍ട്ടിയുടെ പൊതുവികാരമെന്നും സച്ചിന്‍ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here